യൂട്യൂബും യുപിഐയുമായി പരിഷ്‌കരിച്ച നോക്കിയ 3210, ഒപ്പം മറ്റ് രണ്ട് ഫോണുകളും

Photo: HMD
Photo: HMD

പരിഷ്‌കരിച്ച നോക്കിയ 3210 ഫീച്ചര്‍ ഫോണ്‍ എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കി. യൂട്യൂബ്, യൂട്യൂബ് മൂസിക് ക്ലൗഡ് ആപ്പുകളും യുപിഐ പേമെന്റ് സൗകര്യവും ഉള്‍പ്പെടുത്തിയാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സമാനമായ ഫീച്ചറുകളുമായി നോക്കിയ 235 4ജി, നോക്കിയ 220 4ജി എന്നീ രണ്ട് 4ജി ഫീച്ചര്‍ ഫോണുകളും കമ്പനി അവതരിപ്പിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് തന്നെ യൂറോപ്പില്‍ ഈ ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് അകലം പാലിക്കാനും എന്നാല്‍ യുപിഐ, യൂട്യൂബ് പോലുള്ള അടിസ്ഥാന സേവനങ്ങള്‍ ഉപയോഗിക്കാനും ഈ മൂന്ന് ഫോണുകളും ഉപഭോക്താക്കളെ സഹായിക്കും.

2.4 ക്യുവിജിഎ ഡിസ്‌പ്ലേയാണ് നോക്കിയ 3210 4ജി ഫോണിന്. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, വെതര്‍, ന്യൂസ്, സോക്കോബാന്‍, ക്രിക്കറ്റ് സ്‌കോര്‍, 2048 ഗെയിം, ടെട്രിസ് എന്നീ ആപ്പുകള്‍ നോക്കിയ 3210 4ജി ഫോണിലുണ്ട്. 1450 എംഎഎച്ച് ബാറ്ററിയും 2 എംപി ക്യാമറയും എല്‍ഇഡി ഫ്‌ളാഷും ഫോണിനുണ്ട്. 

മറ്റ് രണ്ട് ഫോണുകള്‍ക്കും 2.8 ഇഞ്ച് ക്യുവിജിഎ സ്‌ക്രീന്‍ ആണുള്ളത്. ഇതില്‍ 235 4ജിയ്ക്ക് 2എംപി ക്യാമറയുണ്ട്. എന്നാല്‍ നോക്കിയ 220 4ജി ഫോണിന് ക്യാമറയില്ല ഫ്‌ളാഷ് മാത്രമാണുള്ളത്.

4ജി ഫോണുകള്‍ ആയതിനാല്‍ ജിയോയുടെയും എയര്‍ടെലിന്റേയും നെറ്റ് വര്‍ക്കുകള്‍ ഫോണില്‍ ഉപയോഗിക്കാനാവും. 

3999 രൂപയാണ് നോക്കിയ 3210 4ജിയുടെ വില. നോക്കിയ 235 4ജിയ്ക്ക് 3749 രൂപയും, നോക്കിയ 220 4ജിയ്ക്ക് 3249 രൂപയും നല്‍കണം. മൂന്ന് ഫോണുകളും ആമസോണിലും എച്ച്എംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. 

Content Highlights: HMD introduces Nokia 3210 235 and 220 4G feature phones with youtube and UPI