ഏറ്റുമുട്ടാന്‍ ആപ്പിളും ഗൂഗിളും, ഐഫോണ്‍ 16 ന് മുമ്പ് പിക്‌സല്‍ 9 സീരീസ് വിപണിയില്‍, വിശദമായറിയാം

ഗൂഗിളിന്റെ പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ പ്രോ എക്‌സ്എല്‍ ഫോണുകള്‍ പുറത്തിറക്കി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി നടന്ന മേഡ് ബൈ ഗൂഗിള്‍ പരിപാടിയിലാണ് ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങിയത്. ഗൂഗിളിന്റെ ടെന്‍സര്‍ ജി4 ചിപ്പ് സെറ്റും ടൈറ്റന്‍ എം2 സെക്യൂരിറ്റി ചിപ്പ്‌സെറ്റും ശക്തിപകരുന്ന ഫോണുകളാണിത്. ഐപി 68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനും ഫോണുകള്‍ക്കുണ്ട്.
ഏഴ് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും പിക്‌സല്‍ ഡ്രോപ്‌സും കമ്പനി ഉറപ്പുനല്‍കുന്നു. പിക്‌സല്‍ 9 ല്‍ 12 ജിബി റാമും പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ എന്നിവയില്‍ 16 ജിബി റാമും ആണുള്ളത്. പിക്‌സല്‍ 9ല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും പ്രോ മോഡലുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും ഉണ്ട്.
സ്റ്റാന്റേര്‍ഡ് മോഡലായ പിക്‌സല്‍ 9 ന്റെ 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് പതിപ്പിന് 79,999 രൂപയാണ് വില. 128 ജിബി സ്‌റ്റോറേജ് പതിപ്പ് ഇതിനുണ്ടെങ്കിലും 256 ജിബി സ്റ്റോറേജുള്ള ഫോണ്‍ മാത്രമാണ് ഇന്ത്യയില്‍ ഇത് വില്‍പനയ്‌ക്കെത്തുക. നാല് കളര്‍ വേരിയന്റുകളാണ് ഇതിനുള്ളത്.
അതേസമയം 1,09,999 രൂപയാണ് പിക്‌സല്‍ 9 പ്രോയുടെ 16 ജിബി + 256 ജിബി സ്റ്റോറേജ് പതിപ്പിന് വില. പിക്‌സല്‍ 9 പ്രോ എക്‌സ്എലിന്റെ 16 ജിബി + 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,24,999 രൂപയാണ്. നാല് കളര്‍ വേരിയന്റുകളാണ് ഈ ഫോണുകള്‍ക്കുമുള്ളത്.
ഫ്‌ളിപ്കാര്‍ട്ട്, ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 22 മുതല്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും.
പിക്‌സല്‍ 9 സവിശേഷതകള്‍
ഡ്യുവല്‍ സിംകാര്‍ഡുകള്‍ (നാനോ+ഇ-സിം) ഉപയോഗിക്കാനാവുന്ന ഫോണ്‍ ആണിത്.6.3 ഇഞ്ച് (1080x2424 പിക്‌സല്‍ റെസലൂഷന്‍) വല ിപ്പമുള്ള ആക്ച്വ എല്‍ഇഡി ഡിസ്‌പ്ലേയാണിതിന്. 2700 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ഉള്ള സ്‌ക്രീന്‍ ആണിത്. 60 മുതല്‍ 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റുകള്‍ ലഭ്യമാണ്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും സ്‌ക്രീനിനുണ്ട്. ടെന്‍സര്‍ ജി4 ചിപ്പ് സെറ്റില്‍ ടൈറ്റന്‍ എം2 സുരക്ഷാ ചിപ്പ്‌സെറ്റും ഫോണിന് നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫോണില്‍ ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കും.
ബേസ് മോഡലായ പിക്‌സല്‍ 9 ല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. ഇതില്‍ 1/1.31 ഇമേജ് സെന്‍സറോടുകൂടിയ 50 എംപി ഒക്ടാ പിഡി വൈഡ് ആംഗികള്‍ ക്യാമറയാണ് ആദ്യത്തേത്. ഇതില്‍ 8 എക്‌സ് സൂപ്പര്‍ റെസലൂഷന്‍ സൂം ലഭ്യമാണ്. ഇതിനൊപ്പം 1/2.55 ഇഞ്ച് സെന്‍സറുള്ള 48 എംപി ക്വാഡ് പിടി വൈഡ് ആംഗിള്‍ മെയിന്‍ ക്യാമറയും ഫോണിനുണ്ട്. സെല്‍ഫിയ്ക്കായി 10.5 എംപി ഡ്യുവല്‍ പിഡി സെല്‍ഫി ക്യാമറായാണുള്ളത്. ഇതില്‍ ഓട്ടോഫോക്കല്‍ സംവിധാനമുണ്ട്.
മാജിക് ഇറേസര്‍, ബെസ്റ്റ് ടേക്ക്, ഫോട്ടോ അണ്‍ബ്ലര്‍, നൈറ്റ് സൈറ്റ് പോലുള്ള എഐ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്. 24/30/60 ഫ്രെയിംസ് പെര്‍ സെക്കന്റില്‍ 4കെ വീഡിയോകള്‍ ചിത്രീകരിക്കാന്‍ ഇതിലാവും.
ഐപി 68 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങ്ങുള്ള ഫോണ്‍ ആണിത്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇതിന് നല്‍കിയിരിക്കുന്നത്.
ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ബാരോമീറ്റര്‍ ഗൈറോസ്‌കോപ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുണ്ട്. വൈഫൈ 6, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ഗൂഗിള്‍ കാസ്റ്റ്, ജിപിഎസ്, ഡ്യുവല്‍ ബാന്റ് ജിഎന്‍എസ്എസ്, ബെയ്‌ഡോ, ഗ്ലോനാസ്, ഗലീലിയോ, നാവിക്, ക്യുസെഡ്എസ്എസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളും ഫോണിനുണ്ട്.
4700 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. ചാര്‍ജര്‍ അഡാപ്റ്റര്‍ ഫോണിനൊപ്പം ലഭിക്കില്ല. ക്യുഐ സര്‍ട്ടിഫൈഡ് വയര്‍ലെസ് ചാര്‍ജിങ് പിന്തുണയും ഫോണിനുണ്ട്. 30 മിനിറ്റില്‍ പൂജ്യത്തില്‍ നിന്ന് 55 ശതമാനം ചാര്‍ജ് ചെയ്യാനാവും. ഒറ്റ ചാര്‍ജില്‍ 24 മണിക്കൂറോളം ചാര്‍ജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 198 ഗ്രാം ആണ് ഭാരം.
പിക്‌സല്‍ പ്രോ, പിക്‌സല്‍ പ്രോ എക്‌സ്എല്‍ സവിശേഷതകള്‍
ഡ്യുവല്‍ സിം (നാനോ+ഇ-സിം) ഉപയോഗിക്കാനാവുന്ന ഫോണുകള്‍ ആണിവ. സോഫ്റ്റ് വെയറും ചിപ്പ് സെറ്റും പിക്‌സല്‍ 9 ലേത് പോലെ തന്നെ.
പിക്‌സല്‍ 9 പ്രോയ്ക്ക് 1280 x 2856 പിക്‌സല്‍ റെസലൂഷനിലുള്ള 6.3 ഇഞ്ച് സൂപ്പര്‍ ആക്ച്വ (എല്‍ടിപിഒ) ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. 3000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ഈ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെ വേരിയബിള്‍ റിഫ്രഷ് റേറ്റാണിതിനുള്ളത്.
പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍ ആണ് ഈ സീരീസില്‍ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍. 6.8 ഇഞ്ച് വലിപ്പമുള്ള ഇതിന്റെ സ്‌ക്രീനിന് 1344x2992 പിക്‌സല്‍ റെസലൂഷനുണ്ട്. സൂപ്പര്‍ ആക്ച്വ എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണിത്. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റുണ്ട്. 3000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസും ഇതിനുണ്ട്. രണ്ട് ഫോണുകള്‍ക്കും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണമുണ്ട്.
പിക്‌സല്‍ 9 പ്രോ മോഡലുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുള്ളത്. 50 എംപി ഒക്ടാ പിഡി വൈഡ് ക്യാമറ, 48 എംപി ക്വാഡ് പിഡി അള്‍ട്രാ വൈഡ് ക്യാമറ, 30 എക്‌സ് സൂപ്പര്‍ റെസലൂഷന്‍ സൂം 5 എക്‌സ് ഒപ്റ്റിക്കല്‍ സൂം സൗകര്യമുള്ള 48 എംപി ക്വാഡ് പിടി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഈ ട്രിപ്പിള്‍ ക്യാമറ സംവിധാനത്തിലുള്ളത്. സെല്‍ഫിയ്ക്കായി 42 എംപി ഡ്യുവല്‍ പിഡി സെല്‍ഫി ക്യാമറയാണ്. 30 എഫ്പിഎസ് 80കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യം ലഭ്യമാണ്.
ഐപി 68 റേറ്റിങും ഫോണുകള്‍ക്കുണ്ട്. പികസല്‍ 9 ന് സമാനമായ കണക്ടിവിറ്റി സംവിധാനങ്ങളും സെന്‍സറുകളും പ്രോ വേര്‍ഷനുകളിലുമുണ്ട്. ഇവയ്ക്ക് പുറമെ ഒരു ടെമ്പറേച്ചര്‍ സെന്‍സറും, അള്‍ട്രാ വൈഡ് ബാന്റ് ചിപ്പും പ്രോ വേര്‍ഷനുകള്‍ക്കുണ്ട്.
പിക്‌സല്‍ 9 പ്രോയില്‍ 4700 എംഎഎച്ച് ബാറ്ററിയും 9 പ്രോ എക്‌സ്എലില്‍ 5060 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. 45 വാട്ട് അതിവേഗ ചാര്‍ജിങ് സംവിധാനമാണിതില്‍. ക്യുഐ ചാര്‍ജറുകള്‍ ഉപയോഗിച്ച് വയര്‍ലെസ് ആയും ചാര്‍ജ് ചെയ്യാം.
പിക്‌സല്‍ 9 പ്രോയ്ക്ക് 199 ഗ്രാമും പിക്‌സല്‍ 9 പ്രോ എക്‌സ് എലിന് 221 ഗ്രാമും ആണ് ഭാരം.
ഗൂഗിൾ അവതരിപ്പിച്ച പുതിയ പിക്സൽ 9 പ്രോ ഫോൾഡിന്‍റെ വിശദാംശങ്ങൾ അറിയാം
Content Highlights: Google pixel 9, pixel 9pro, pixel 9 pro xl launched, Google Pixel Smartphones