പിക്സൽ പ്രേമികൾക്ക് കനത്ത തിരിച്ചടി! പുതിയ മോഡലുകൾക്ക് മാത്രമല്ല, പഴയ ഫോണുകൾക്കും വില കൂട്ടാൻ ഗൂഗിൾ!

ഗൂഗിൾ തങ്ങളുടെ പുതിയ പിക്സൽ 11 സീരീസ് സ്മാർട്ട്‌ഫോണുകൾ ഓഗസ്റ്റ് 12-ന് പുറത്തിറക്കാനിരിക്കെ, ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന പിക്സൽ 11 സീരീസിനും നിലവിലുള്ള മറ്റ് പിക്സൽ മോഡലുകൾക്കും ഗൂഗിൾ വില വർധിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗൂഗിളിന്റെ ഡിവൈസസ് ആൻഡ് സർവീസസ് വൈസ് പ്രസിഡന്റായ ഷക്കീൽ ബർകത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിർമാണ ചെലവുകളിൽ, പ്രത്യേകിച്ച് മെമ്മറിയുടെ വിലയിൽ ഉണ്ടായ അഭൂതപൂർവ്വമായ വർധനവാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ കാരണത്താൽ ദിവസങ്ങൾക്ക് മുമ്പ് സാംസങ് പുതിയ ഗാലക്സി ഫോൾഡബിൾ ഫോണുകളുടെ വില വർധിപ്പിച്ചിരുന്നു. സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐഫോണുകളുടേയും വില വർധിക്കുമെന്ന് ആപ്പിൾ നേരത്തെ അറിയിച്ചിട്ടുണ്ട്.
ഇതുവരെ വിപണിയിലെ വിലവ്യതിയാനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ കമ്പനി ശ്രമിച്ചിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റങ്ങൾ അനിവാര്യമായിരിക്കുകയാണെന്ന് ബർകത്ത് വിശദീകരിച്ചു. ഈ വിലക്കയറ്റം പുതിയ പിക്സൽ 11 സീരീസിന് മാത്രമല്ല, പിക്സൽ 10a ഉൾപ്പെടെയുള്ള പഴയ മോഡലുകൾക്കും ബാധകമാകും.
വിലയിൽ കൃത്യമായി എത്ര മാറ്റമുണ്ടാകുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം പിക്സൽ 11 പ്രോ എക്സ്എൽ, പിക്സൽ 11 പ്രോ ഫോൾഡ് എന്നിവയ്ക്ക് 100 ഡോളർ (ഏകദേശം 9,600 രൂപയിലേറെ) വരെ വില വർധിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, പിക്സൽ 11, പിക്സൽ 11 പ്രോ മോഡലുകളുടെ 128GB സ്റ്റോറേജ് ഓപ്ഷൻ ഗൂഗിൾ ഒഴിവാക്കിയേക്കും. ഇതോടെ ഈ മോഡലുകളുടെ അടിസ്ഥാന വിലയിലും 100 ഡോളറിന്റെ വർധനവ് ഉണ്ടായേക്കാം. കൂടാതെ, നിർമാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ പിക്സൽ 11 പ്രോ മോഡലിൽ 16GB-ക്ക് പകരം 12GB റാം ആയിരിക്കും ഉൾപ്പെടുത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
വില വർധനവ് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകുമെങ്കിലും, ഇതിന് പരിഹാരമായി മികച്ച പ്രൊമോഷണൽ ഓഫറുകളും ട്രേഡ്-ഇൻ ഡീലുകളും ഗൂഗിൾ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇത് പുതിയ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അല്പം ആശ്വാസം നൽകുന്ന കാര്യമാണ്.
Content Highlights: Due to an unprecedented rise in global memory component costs, Google has officially confirmed dynamic price increases across its upcoming Pixel 11 lineup and existing devices ahead of its August 12 launch.