5 മോഡലുകളുമായി Google Pixel 10 സീരീസ് ഓഗസ്റ്റ് 13 ന് എത്തുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍

Pixel 9 | Photo: Google
Pixel 9 | Photo: Google

ഗൂഗിള്‍ പിക്‌സല്‍ 10 സ്മാര്‍ട്‌ഫോണുകള്‍ ഓഗസ്റ്റ് 13 ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ മെയ്ഡ് ബൈ ഗൂഗിള്‍ എന്ന പരിപാടിയിലാണ് ഫോണുകള്‍ അവതരിപ്പിക്കുകയെന്നും ഓഗസ്റ്റ് 20 ന് ഫോണുകള്‍ വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മിസ്റ്ററി ലുപിന്‍ എന്നയാളാണ് ഫോണുകള്‍ പുറത്തിറക്കുന്ന തീയ്യതി ആദ്യം പുറത്തുവിട്ടത്. പിന്നാലെ കൂടുതല്‍ വിവരങ്ങളുമായി ആന്‍ഡ്രോയിഡ് ഹെഡ്‌ലൈന്‍സ് വെബ്‌സൈറ്റും ഇതേ കാര്യം റിപ്പോര്‍ട്ട് ചെയ്തു. 

റെഗുലര്‍ മോഡല്‍, പ്രോ, പ്രോ എക്‌സ്എല്‍, പ്രോ ഫോള്‍ഡ് എന്നീ മോഡലുകളാണ് ഇത്തവണത്തെ പിക്‌സല്‍ 10 സീരീസിലുണ്ടാവുക. ഇതേ പരിപാടിയില്‍ തന്നെ പിക്‌സല്‍ വാച്ച് 4ഉം അവതരിപ്പിച്ചേക്കും. 

ഇത്തവണ പുറത്തിറങ്ങുന്ന ബേസ് മോഡലിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിഫോട്ടോ ക്യാമറയാണ് പുതിയതായി ഉള്‍പ്പെടുക. പ്രോമോഡലുകളിലും ഫോള്‍ഡിലും കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ക്യാമറയും ഹാര്‍ഡ് വെയറും കഴിഞ്ഞ വര്‍ഷത്തേതിന് ഏറെക്കുറെ സമാനമായിരിക്കും. എന്നാല്‍ പ്രൊസസര്‍ ചിപ്പ്‌സെറ്റ് ടെന്‍സര്‍ ജി5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യും. മെച്ചപ്പെട്ട എഐ ഫീച്ചറുകളും ഫോണുകളിലെത്തും. 

അതേസമയം പിക്‌സല്‍ വാച്ച് 4 നെ കുറിച്ചും സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പിക്‌സല്‍ വാച്ചിനേക്കാള്‍ കനം കൂടുതലായിരിക്കും ഇതിനെന്നാണ് വിവരം. വാച്ചിന്റെ ചാര്‍ജിങ് സാങ്കേതിക വിദ്യയും മാറും. പുതിയ ബട്ടനുകളും ഉള്‍പ്പെടുത്താനിടയുണ്ട്. ഗൂഗിളിന്റെ ജെമിനൈ എഐ ഫീച്ചറുകളും പിക്‌സല്‍ വാച്ചില്‍ എത്തിയേക്കും. കമ്പനിയുടെ പുതിയ മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ് ഡിസൈന്‍ ലാംഗ്വേജില്‍ ആയിരിക്കും സോഫ്റ്റ്‌വെയര്‍ രൂപകല്‍പന. 

കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 13 നാണ് പിക്‌സല്‍ 9 സീരീസ് അവതരിപ്പിച്ചത്. എങ്കിലും ഫോണുകള്‍ വൈകിയാണ് വില്‍പനയ്‌ക്കെത്തിയത്. ഇതില്‍ 9 പ്രോ ഫോള്‍ഡ് ഒരു മാസത്തോളം വൈകി.
 

Content Highlights: Google Pixel 10 series, including Pixel Watch 4, launching August 13th