ജിയോഫോണിനെ വെല്ലുവിളിച്ച് BSNL, 4ജി ഫോണ്‍ അവതരിപ്പിക്കും, കാര്‍ബണ്‍ മൊബൈലുമായി ധാരണ

സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈല്‍ താരിഫ് നിരക്ക് വര്‍ധനയില്‍ നിരാശരാണ് വിലയൊരു വിഭാഗം ഉപഭോക്താക്കള്‍. ഇതേ തുടര്‍ന്ന് കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുന്ന ബിഎസ്എന്‍എല്ലിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് അവരില്‍ വലിയൊരു വിഭാഗം. ഈ ആവശ്യകത തിരിച്ചറിഞ്ഞാവണം, വൈകിയെങ്കിലും 4ജി നെറ്റ് വര്‍ക്ക് അതിവേഗം വിപുലീകരിക്കുകയാണ് ബിഎസ്എന്‍എല്‍. ഇത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ആളുകള്‍ ബിഎസ്എന്‍എലിലേക്ക് എത്തിയേക്കും.
ഇപ്പോഴിതാ റിലയന്‍സ് ജിയോയ്ക്ക് കനത്ത വെല്ലുവിളിയാകുന്ന പുതിയൊരു നീക്കത്തിലാണ് ബിഎസ്എന്‍എല്‍. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ ബ്രാന്റായ കാര്‍ബണ്‍ മൊബൈല്‍സുമായി കൈകോര്‍ത്ത് പുതിയ ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ പൊതുമേഖലാ സ്ഥാപനം. ഇതിന് ജിയോഫോണിനേക്കാള്‍ വില കുറവായിരിക്കും. ബിഎസ്എന്‍എല്‍ സിം കാര്‍ഡുമായി എത്തുന്ന ഫോണില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുണ്ടാവും.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കാര്‍ബണ്‍ മൊബൈലുമായി ബിഎസ്എന്‍എല്‍ ധാരണാപത്രം ഒപ്പിട്ടു. ഇതുവഴി രാജ്യത്ത് എല്ലാ കോണിലും 4ജി കണക്ടിവിറ്റി എത്തിക്കുകയാണ് ലക്ഷ്യം. ബിഎസ്എന്‍എലിന്റെ സ്ഥാപക ദിനത്തിലാണ് ഈ നീക്കം.
ഇന്ത്യയുടെ 4ജി സാഥി നയത്തിന് കീഴില്‍ സിം-ഹാന്റ്‌സെറ്റ് ബണ്ട്‌ലിങ് ഓഫര്‍ അവതരിപ്പിക്കുന്നതിനായി കാര്‍ബണ്‍ മൊബൈലുമായി ധാരണാ പത്രം ഒപ്പിട്ടു എന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
മൊബൈല്‍ നെറ്റ് വര്‍ക്കിലെ സ്പാം കോളുകള്‍ തടയുന്നതിന് എഐ, മെഷീന്‍ ലേണിങ് അധിഷ്ടിത സംവിധാനം ഒരുക്കുമെന്നും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. ഈ സംവിധാനം ഈ വര്‍ഷം ഒക്ടോബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കുമെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
Content Highlights: BSNL partners with Karbonn Mobile to launch an affordable 4G phone, challenging Jio`s dominance