ഐഫോൺ ഫോൾഡിന്റെ വില 1.6 ലക്ഷത്തിന് മുകളിൽ- റാം, ക്യാമറ പുതിയ വിവരങ്ങൾ പുറത്ത്

സെപ്റ്റംബറിൽ ഐഫോൺ 17 പുറത്തിറങ്ങിയതു മുതൽ, ആപ്പിൾ ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഐഫോൺ ഫോൾഡ് എന്ന് വിളിക്കപ്പെടുന്ന ഈ ഉപകരണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.
ഐഫോൺ 18 സീരീസിനൊപ്പം ഫോൾഡബിൾ ഐഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ ഫോൾഡിന് ഏകദേശം 2,000 ഡോളർ (ഏകദേശം ₹1,66,000) വിലയുണ്ടാകുമെന്നാണ് ആപ്പിൾ അനലിസ്റ്റായ ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ പറയുന്നത്. ഇത് മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ച വിലയേക്കാൾ കുറവാണ്. മാർക്ക് ഗുർമൻ പറയുന്നതനുസരിച്ച് വീതിയേറിയ അനുപാതത്തിലുള്ള ഫോൾഡബിൾ സ്ക്രീൻ ആയിരിക്കും ഐഫോൺ ഫോൾഡിന്. ആപ്പുകൾക്ക് വേണ്ടി ഐപാഡുകളിലേത്ത് പോലെയുള്ള സൈഡ്ബാർ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഫോൾഡബിൾ ഫോണിന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഐഒഎസ് ആയിരിക്കും ഇതിൽ. അതിന്റെ സഹായത്തോട, ഫോൾഡബിൾ സ്ക്രീനിൽ ഒരേ സമയം രണ്ട് ആപ്പുകൾ തുറന്നുവെക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
ഐഫോൺ ഫോൾഡിന്റെ വോളിയം ബട്ടണുകൾ ഫോണിന്റെ ഇടത് വശത്തായിരിക്കില്ലെന്നും അതിനുപകരം മുകൾഭാഗത്ത് വലത് വശത്തായിരിക്കുമെന്നും മറ്റൊരു ആപ്പിൾ ടിപ്‌സ്റ്ററായ ഇൻസ്റ്റന്റ് ഡിജിറ്റൽ പറഞ്ഞു. എന്നാൽ പവർ ബട്ടണും എ.ഐ. ബട്ടണും വലത് വശത്ത് തന്നെ തുടരും.
ഈ വിവരങ്ങൾ കൃത്യമാണെങ്കിൽ, ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ സാംസങ്ങിന്റെ ഗാലക്സി ഇസഡ് ഫോൾഡ് 7, ഗാലക്സി പിക്സൽ 10 പ്രോ ഫോൾഡ് പോലെയുള്ള ഫോണുകളോട് മത്സരിക്കുന്നതായിരിക്കും.
മറ്റ് വിവരങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്, ഫോൾഡബിൾ ഐഫോണിൽ സാംസങ് നിർമിച്ച 12 ജി.ബി. എൽ.പി.ഡി.ഡി.ആർ.5എക്സ് റാം (RAM) ഉണ്ടായിരിക്കുമെന്നും 256 ജി.ബി., 512 ജി.ബി., 1 ടി.ബി. എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് പതിപ്പുകളിൽ ഇത് ലഭ്യമാകുമെന്നും അഭ്യൂഹമുണ്ട്.
ഫെയ്സ് ഐഡിക്ക് പകരം ടച്ച് ഐഡി ആയിരിക്കും ഫോൾഡബിൾ ഫോണിലുണ്ടാവുകയെന്നും ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അനലിസ്റ്റ് ജെഫ് പു പറയുന്നതുപോലെയാണെങ്കിൽ ഫോൾഡബിൾ ഐഫോണിൽ അകത്തെയും പുറത്തെയും ഡിസ്പ്ലേകളിലായി രണ്ട് 18 എം.പി. മുൻക്യാമറകൾ ഉണ്ടായിരിക്കും. കൂടാതെ പിന്നിൽ രണ്ട് 48 എം.പി. സെൻസറുകളുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ടാകും. ഐഫോൺ ഫോൾഡിന് 5.3 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും 7.8 ഇഞ്ച് ഇന്നർ സ്ക്രീനും ഉണ്ടായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നിരുന്നാലും കൃത്യമായ ആസ്പെക്ട് റേഷ്യോ എന്തായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.
Content Highlights: The upcoming iPhone Fold is rumored to launch alongside the iPhone 18 series with a custom iOS, a 7.8-inch inner display, and a competitive starting price of approximately $2,000.