മെറ്റയ്ക്ക് വെല്ലുവിളിയായി സാംസങ്ങിന്റെ എഐ സ്മാർട്ട് ഗ്ലാസുകൾ വരുന്നു; വീഡിയോ പുറത്ത്!

മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകളെ വെല്ലുവിളിച്ച് സാംസങ്ങിന്റെ പുതിയ എഐ സ്മാർട്ട് ഗ്ലാസുകൾ വരുന്നു. അടുത്തിടെ സാംമൊബൈൽ (SamMobile) ചോർത്തിയ 27 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പ്രൊമോഷണൽ വീഡിയോയിലാണ് ഈ ഗ്ലാസുകളുടെ ഡിസൈനും പ്രധാന സവിശേഷതകളും പുറത്തുവന്നത്. ഗാലക്സി ഗ്ലാസുകൾ എന്നായിരിക്കാം ഇതിന്റെ പേര്.
തികച്ചും സാധാരണ സൺഗ്ലാസുകൾക്ക് സമാനമായ രൂപകല്പനയാണ് സാംസങ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സമചതുരാകൃതിയിലുള്ള ലെൻസുകളും ഇലക്ട്രോണിക്സ് ഘടകങ്ങൾ ഉൾക്കൊള്ളുന്ന കട്ടിയുള്ള ഫ്രെയിമുകളുമാണ് ഇതിന്റെ പ്രത്യേകത. വലതുവശത്തെ ഫ്രെയിമിൽ ടച്ച് സെൻസിറ്റീവ് ഏരിയ, പവർ ബട്ടൺ, എൽഇഡി ഇൻഡിക്കേറ്റർ, ക്യാമറ എന്നിവ നൽകിയിരിക്കുന്നു. വിരലുകൾ ഉപയോഗിച്ച് സ്വൈപ്പ് ചെയ്ത് ശബ്ദം നിയന്ത്രിക്കാനും പാട്ടുകൾ മാറ്റാനും ഇതിൽ സാധിക്കും. ഫ്രെയിമിന്റെ മുകളിലായി നൽകിയിരിക്കുന്ന ഷട്ടർ ബട്ടൺ ഒരു തവണ അമർത്തിയാൽ ഫോട്ടോ എടുക്കാനും അമർത്തിപ്പിടിച്ചാൽ വീഡിയോ റെക്കോർഡ് ചെയ്യാനും കഴിയും. ക്യാമറ പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർക്കും ധരിച്ചിരിക്കുന്നയാൾക്കും തിരിച്ചറിയുന്നതിനായി ഇതിൽ എൽഇഡി ലൈറ്റുകളും നൽകിയിട്ടുണ്ട്.
പ്രധാനമായും ആൻഡ്രോയിഡ് എക്സ്ആർ (Android XR), ഗൂഗിളിന്റെ ജെമിനി എഐ (Gemini AI) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ഗ്ലാസുകൾ പ്രവർത്തിക്കുന്നത്. കൈകൾ ഉപയോഗിക്കാതെ തന്നെ ഫോട്ടോകളും വീഡിയോകളും പകർത്താനും തത്സമയ വിവർത്തനം, നാവിഗേഷൻ, സംഗീതം ആസ്വദിക്കൽ, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ തുടങ്ങിയവ വോയ്‌സ് അസിസ്റ്റൻസ് വഴി എളുപ്പത്തിൽ ചെയ്യാനും ഇത് സഹായിക്കും. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഗ്ലാസിലെ പ്രധാന പ്രോസസിങ് ജോലികളെല്ലാം ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോൺ വഴിയായിരിക്കും നടക്കുക.
ക്വാൽകോം സ്നാപ്ഡ്രാഗൺ AR1 ചിപ്സെറ്റ് കരുത്തുപകരുന്ന ഈ ഗ്ലാസുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റികൾ ലഭ്യമാണ്. സോണിയുടെ IMX681 സെൻസർ ഉപയോഗിക്കുന്ന 12 മെഗാപിക്സൽ ക്യാമറ, ബിൽറ്റ്-ഇൻ മൈക്രോഫോണുകൾ, ഡയറക്ഷണൽ സ്പീക്കറുകൾ, വെളിച്ചത്തിനനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോക്രോമിക് ലെൻസുകൾ എന്നിവ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 50 ഗ്രാം മാത്രം ഭാരമുള്ള ഗ്ലാസിൽ 155mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ചാർജ് ചെയ്യുന്നതിനായി പ്രത്യേക കേസ് ഇതിനൊപ്പമുണ്ടാകും.
എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഇത് പ്രവർത്തിക്കുമെങ്കിലും സാംസങ് ഗാലക്സി ഫോണുകളിൽ മികച്ച അനുഭവം ലഭ്യമാകും. ഗാലക്സി വാച്ച്, ഗാലക്സി റിങ് എന്നിവയുമായും ഈ സ്മാർട്ട് ഗ്ലാസ് ബന്ധിപ്പിക്കാം. സാംസങ് ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ജൂലൈ 22-ന് ലണ്ടനിൽ വെച്ച് നടക്കുന്ന സാംസങ് ഗാലക്സി അൺപാക്ക്ഡ് (Galaxy Unpacked) ഇവന്റിൽ ഈ എഐ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.
Content Highlights: A leaked promotional video has revealed the design and key features of Samsung's upcoming AI smart glasses, which are powered by Google's Gemini AI and expected to debut at the Galaxy Unpacked event on July 22 to rival Meta's Ray-Ban smart glasses.