ത്രിഡി ഡിസ്‌പ്ലേയുള്ള പെപ്‌സി കാന്‍ ; പുതിയ പരീക്ഷണവുമായി പെപ്‌സിക്കോ - വീഡിയോ

Pepsi Smart Can | Photo: Instagram/mauroporcini
Pepsi Smart Can | Photo: Instagram/mauroporcini

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരീക്ഷണങ്ങള്‍ പലതും നടത്താറുണ്ട് കമ്പനികള്‍. അടുത്തകാലത്തായി ചില സ്മാര്‍ട് സാങ്കേതിക വിദ്യകളും കമ്പനികള്‍ പരീക്ഷിക്കുന്നുണ്ട്. റസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലേയും റോബോട്ടുകളും,  ഓട്ടോമാറ്റിക് സാങ്കേതിക വിദ്യകളും എഐ ചാറ്റ്‌ബോട്ടുകളുമെല്ലാം കമ്പനികള്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. 

അതിലൊരു പുതിയ ഉദാഹരമാണ് ശീതള പാനീയ കമ്പനിയായ പെപ്‌സിക്കോയുടെ പുതിയ കാന്‍. കാന്‍സ് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയിലാണ് പെപ്‌സി പുതിയ പരീക്ഷണം അവതരിപ്പിച്ചത്. 

ത്രിഡി എച്ച്ഡി ഡിസ്‌പ്ലേയോടുകൂടിയ പെപ്‌സി കാനാണ് കമ്പനി അവതരിപ്പിച്ചത്. സിം കാര്‍ഡ് കണക്ടിവിറ്റിയും ഇതിലുണ്ടാവും. ഈ കാനിന്റെ സ്‌ക്രീനില്‍ കമ്പനി പാനീയവുമായി ബന്ധപ്പെട്ട വിവരങ്ങളും കമ്പനിയുടെ പ്രമോഷണല്‍ വീഡിയോകളും ഉപഭോക്താക്കള്‍ക്കനുസരിച്ചുള്ള ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കും. വയര്‍ലെസ് ആയിട്ടാവും കമ്പനി ഇത് ചെയ്യുക. പുതിയ തലമുറ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം നല്‍കുന്നതിന് വേണ്ടിയാണ് ഈ നീക്കം. 

തുടക്കമെന്നോണം, ലോകത്തെമ്പാടുമുള്ള വളരെ പരിമിതമായ എണ്ണം ഉപഭോക്താക്കള്‍ക്കിടയില്‍ ഈ കാനുകള്‍ എത്തിക്കാനാണ് പെപ്‌സിക്കോയുടെ പദ്ധതി. ഏതെല്ലാം രാജ്യങ്ങളിലാണ് അതെന്ന് താമസിയാതെ പ്രഖ്യാപിക്കുമെന്നും കമ്പനി പറഞ്ഞു. 

Content Highlights: Pepsi Unveils Smart Cans