ആപ്പിൾ എയർ ടാഗിന് എതിരാളി ; ഗൂഗിൾ പിക്സൽ ടാഗ് ഇന്ത്യയിൽ, വിലയും സവിശേഷതകളും അറിയാം

#ടെക്നോളജി ഡെസ്ക്
Google Pixel Tag | Photo: Google
Google Pixel Tag | Photo: Google

ആപ്പിൾ എയർടാഗിന് ശക്തമായ ഒരു എതിരാളിയായി ഗൂഗിൾ തങ്ങളുടെ ആദ്യത്തെ ബ്ലൂടൂത്ത് ട്രാക്കറായ ഗൂഗിൾ പിക്സൽ ടാഗ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഈ സ്മാർട്ട് ട്രാക്കർ വാലറ്റ്, ബാഗ് തുടങ്ങിയ വിലപ്പെട്ട സാധനങ്ങൾ കാണാതായാൽ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും.

ഗൂഗിൾ പിക്സൽ ടാഗിന്റെ പ്രധാന സവിശേഷതകൾ

മെറ്റൽ ബോഡിയോടുകൂടിയ ഈ ട്രാക്കർ ഒരു പെബിൾ ആകൃതിയോടുകൂടിയ ഡിസൈനിലാണ് വരുന്നത്. ഇതിന്റെ മുൻഭാഗത്ത് ഒരു എൽ.ഇ.ഡി. ഇൻഡിക്കേറ്ററും ഗൂഗിളിന്റെ ബ്രാൻഡിങും നൽകിയിരിക്കുന്നു. പോളികാർബണേറ്റും മെറ്റലും ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. വളരെ ഭാരം കുറഞ്ഞതും (ഏകദേശം 11.8 ഗ്രാം) കനം കുറഞ്ഞതുമായ (5.4 മില്ലി മീറ്റർ) ഈ ഉപകരണം നിങ്ങളുടെ സാധനങ്ങൾക്കൊപ്പം എളുപ്പത്തിൽ കൊണ്ടുനടക്കാം.

'ഫോഗ്' എന്ന ഒരൊറ്റ നിറത്തിലാണ് ലഭ്യമാകുന്നത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP67 റേറ്റിംഗ് ഇതിനുണ്ട്. 1 മീറ്റർ ആഴമുള്ള വെള്ളത്തിൽ 30 മിനിറ്റ് വരെ കേടുപാടുകൾ കൂടാതെ കിടക്കാൻ ഇതിന് സാധിക്കും.

കൃത്യമായി ട്രാക്ക് ചെയ്ത് കണ്ടെത്താൻ അൾട്രാ-വൈഡ്ബാൻഡ് സാങ്കേതികവിദ്യയും ബ്ലൂടൂത്ത് ചാനൽ സൗണ്ടിംഗും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ്പ് വഴി മാപ്പിൽ കൃത്യമായ നാവിഗേഷനിലൂടെ സാധനങ്ങൾ കണ്ടെത്താനാകും.

ട്രാക്കർ ബ്ലൂടൂത്ത് പരിധിക്കുള്ളിലാണെങ്കിൽ അതിലെ ഇൻ-ബിൽറ്റ് സ്പീക്കർ വഴി അലാറം മുഴക്കാം. കൂടാതെ, ഗൂഗിൾ പിക്സൽ ഫോണുകളിൽ ജെമിനിയോട് ആവശ്യപ്പെട്ടും ഈ അലാറം പ്രവർത്തിപ്പിക്കാവുന്നതാണ്.

സാധനങ്ങൾ ബ്ലൂടൂത്ത് പരിധിക്ക് പുറത്താണെങ്കിൽ പോലും, ലോകമെമ്പാടുമുള്ള 100 കോടിയിലധികം ആൻഡ്രോയിഡ് ഉപകരണങ്ങളുടെ ശൃംഖല ഉപയോഗിച്ച് ഇത് കണ്ടെത്താനാകും.

സാധനങ്ങൾ മറന്നുവെച്ചു പോകുമ്പോൾ ഉപയോക്താവിന് അലേർട്ടുകൾ ലഭിക്കും. കൂടാതെ, നിങ്ങളുടേതല്ലാത്ത ഏതെങ്കിലും അപരിചിതമായ ടാഗ് നിങ്ങളെ പിന്തുടരുന്നുണ്ടെങ്കിൽ ഫോൺ വഴി മുന്നറിയിപ്പും ലഭിക്കും. ഇതുവഴി ടാഗ് ഉപയോഗിച്ച് മറ്റൊരാൾക്ക് നിങ്ങളെ പിന്തുടരുന്നത് തടയാനാകും.

ആൻഡ്രോയിഡ് 9-ഉം അതിനുമുകളിലുള്ളതുമായ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇത് കണക്റ്റ് ചെയ്യാം. ഒരു ടാഗ് പരമാവധി 10 ആളുകളുമായി വരെ ഷെയർ ചെയ്യാനും സാധിക്കും. ഈ ഉപകരണത്തിൽ ആക്സിലറോമീറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താവിന് തന്നെ എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്ന CR2032 കോയിൻ സെൽ ബാറ്ററിയാണ് ഇതിലുള്ളത്; ഇത് ഒരു വർഷത്തിലധികം ചാർജ് നിൽക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഒപ്പം ഒരു വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ നവംബറോടെ ഗൂഗിൾ ഓൺലൈൻ സ്റ്റോർ വഴി ഇതിന്റെ വിൽപന ആരംഭിക്കും. ഒരു ടാഗ് ഉൾപ്പെടുന്ന പായ്ക്കിന് 3,799 രൂപയും നാല് ടാഗുകളുടെ പായ്ക്കിന് 12,900 രൂപയും ആണ് വില. അന്താരാഷ്ട്ര വിപണിയിൽ നവംബർ 11-നാണ് ഈ ഉപകരണം ഔദ്യോഗികമായി എത്തുക.

Content Highlights: Google has launched its first Bluetooth tracker, the Pixel Tag, in India with IP67 water resistance, UWB technology, and a one-year CR2032 battery to directly compete with Apple’s AirTag.