ദീപീന്ദർ ഗോയലിന്റെ 'ടെമ്പിൾ' വിപണിയിലേക്ക്; ഇന്ത്യയിലെ വില വിവരങ്ങൾ പുറത്ത്

സൊമാറ്റോ (Zomato) സഹസ്ഥാപകനും എറ്റേണൽ (Eternal) മുൻ സി.ഇ.ഒയുമായ ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത ബ്രെയിൻ-ഹെൽത്ത് വെയറബിൾ ഉപകരണം ടെമ്പിൾ വിൽപനയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ചെവിക്കും കണ്ണിനും ഇടയിലുള്ള 'ടെമ്പിൾ' എന്ന് വിളിക്കുന്ന ഭാഗത്ത് ഒട്ടിച്ചു വെക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നേരത്തെ ചില കായികതാരങ്ങളും ഇൻഫ്ളുവൻസർമാരും ഇത് ധരിച്ചുവന്നത് ആളുകളിൽ കൗതുകമുണ്ടാക്കിയിരുന്നു.
ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർസ്റ്റാറായ പി.വി. സിന്ധു ഒരു മത്സരത്തിനു മുന്നോടിയായി ഇതു ധരിച്ചെത്തിയതോടെയാണ് പൊതുശ്രദ്ധ ലഭിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ചിലയാളുകൾക്ക് ഈ ഉപകരണം ലഭ്യമാക്കിയിരുന്നു. ഇപ്പോൾ ഇത് വിൽപനയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച് 85,000 രൂപയാണ് ഇതിന് വില. ഔദ്യോഗികമായി വില പ്രഖ്യാപിച്ചിട്ടില്ല. കമ്പനിയുടെ ഏർളി ബേർഡ് ക്ഷണം ലഭിച്ച ആളുകളിൽനിന്നാണ് വില വിവരങ്ങൾ പുറത്തായത്.
| Read More @ നെറ്റിയിൽ പതിപ്പിച്ച വിചിത്ര വസ്തു എന്താണ്? എന്തിന് വേണ്ടിയാണിത്? ടെമ്പിളിനെ കുറിച്ചറിയാം |
പ്രീ ഓർഡർ ആരംഭിക്കുന്നതിന് മുമ്പ് ഏർളി ബേർഡ് അംഗങ്ങളായവർക്ക് ടെമ്പിൾ ആപ്പിലൂടെ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാനാവുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. ആദ്യ ബാച്ചിൽ പരിമിതമായ എണ്ണം ഉപകരണങ്ങൾ മാത്രമാണ് ഉണ്ടാവുക.
ലൈഫ് ടൈം സബ്സ്ക്രിപ്ഷനോടുകൂടിയാണ് 85,000 രൂപയ്ക്ക് ഈ ഉപകരണം ഏർളി ബേർഡ് അംഗങ്ങൾക്ക് കമ്പനി നൽകുന്നത്. ഇനി ഒരിക്കലും ഈ വിലയ്ക്ക് ഉപകരണം വിൽക്കില്ലെന്നും കമ്പനി ക്ഷണക്കത്തിൽ വ്യക്തമാക്കി.
എന്താണ് ടെമ്പിൾ? ഇത് എന്തിന് വേണ്ടി ഉപയോഗിക്കാം?
ഒരു ബ്രെയിൻ-ഹെൽത്ത് വെയറബിൾ ഉപകരണമാണ് ടെമ്പിൾ. തലയുടെ വശങ്ങളിൽ കൃത്യമായി പറഞ്ഞാൽ ചെവിക്കും കണ്ണിനും ഇടയിലുള്ള 'ടെമ്പിൾ' എന്ന് വിളിക്കുന്ന ഭാഗത്ത് ഒട്ടിച്ചു വെക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജന്റെ അളവും തത്സമയം തുടർച്ചയായി നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെടാത്തൊരു ആശയത്തിന്റെ പുറത്താണ് ഗോയലും ഗവേഷണ സംഘവും ഇത്തരം ഒരു പരീക്ഷണ ഉപകരണവുമായി രംഗത്തുവന്നത്. ഗുരുത്വാകർഷണത്തിന്റെ ഫലമായി ഒരു മനുഷ്യന്റെ ജീവിതകാലത്തുടനീളം മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം ക്രമേണ കുറയാമെന്നും അത് വാർധക്യവും ബുദ്ധിശക്തി കുറയുന്നതും വേഗത്തിലാക്കിയേക്കാമെന്നും സൂചിപ്പിക്കുന്ന ഗ്രാവിറ്റി ഏജിങ് ഹൈപ്പോതീസിസ് ആണ് ഗോയൽ ഈ ഉപകരണത്തിലൂടെ പരീക്ഷിക്കുന്നത്.
മസ്തിഷ്കത്തിലെ രക്തയോട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി ശേഖരിക്കാൻ ടെമ്പിൾ ഉപകരണം സഹായിക്കും. എം.ആർ.ഐ. അല്ലെങ്കിൽ സി.ടി. സ്കാൻ പോലുള്ള പരമ്പരാഗത ക്ലിനിക്കൽ ഉപകരണങ്ങൾക്ക് സാധിക്കാത്ത തുടർച്ചയായ വിവരശേഖരണം ഇത് സാധ്യമാക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെയും സമ്മർദ്ദത്തിന്റെയും തത്സമയ അളവുകോലായി 1 മുതൽ 250 വരെയുള്ള 'എൻട്രോപ്പി' എന്നൊരു സ്കോറും ഈ ഉപകരണം നൽകും.
Content Highlights: Zomato co-founder Deepinder Goyal's experimental brain-health wearable device, "Temple," is reportedly priced at Rs 85,000 for early bird users with a lifetime subscription included. Designed to track cerebral blood flow and oxygen levels, the device is gearing up for limited pre-orders following high public curiosity.