സിഎംഎഫ് വാച്ച് 3 പ്രോ ഉടൻ ഇന്ത്യയിൽ എത്തും: വമ്പൻ ഫീച്ചറുകൾ, വിവരങ്ങൾ പുറത്ത്

നത്തിങ്ങിന്റെ സബ് ബ്രാൻഡായ സിഎംഎഫിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ 'സിഎംഎഫ് വാച്ച് 3 പ്രോ' (CMF Watch 3 Pro) ഇന്ത്യയിൽ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചു. 2025 ജൂലൈയിൽ ആഗോള വിപണിയിൽ എത്തിയ ഈ വാച്ച് ഉടൻതന്നെ ഇന്ത്യൻ വിപണിയിലും എത്തും. ഫ്ലിപ്പ്കാർട്ട് വഴിയാകും വാച്ച് വിൽപ്പന. പുറത്തിറക്കുന്ന തീയതിയും വിലയും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വാച്ചിന്റെ പ്രധാന സവിശേഷതകൾ പുറത്തുവിട്ടിട്ടുണ്ട്.
ഡിസ്‌പ്ലേയും ഡിസൈനും
ലോഹനിർമിതമായ ഈ വാച്ചിന് 1.43 ഇഞ്ച് വലിപ്പമുള്ള റൗണ്ട് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 466x466 പിക്സൽ റെസല്യൂഷനും 60Hz റിഫ്രഷ് റേറ്റും 670 നിറ്റ്സ് വരെ ബ്രൈറ്റ്നസ്സും ഇതിനുണ്ട്. കൂടാതെ 120-ലധികം വാച്ച് ഫേസുകളും ഇതിൽ ലഭ്യമാണ്. ലൈറ്റ് ഗ്രീൻ, ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് എന്നീ നാല് ആകർഷകമായ നിറങ്ങളിൽ വാച്ച് വിപണിയിൽ ലഭ്യമാകും.
ബാറ്ററി: 350mAh ബാറ്ററിയാണ് വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഉപയോഗത്തിൽ ഒറ്റത്തവണ ചാർജ് ചെയ്താൽ 13 ദിവസം വരെ ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതലായി ഉപയോഗിക്കുന്നവർക്ക് 10 ദിവസവും, എപ്പോഴും ഡിസ്‌പ്ലേ ഓൺ ആക്കി വെക്കുന്നവർക്ക് നാല് ദിവസം വരെയും ബാറ്ററി ബാക്കപ്പ് ലഭിക്കുന്നതാണ്.
ഫിറ്റ്നസ്, ഹെൽത്ത് ട്രാക്കിംഗ്: കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡ്യുവൽ-ബാൻഡ് മൾട്ടി-സിസ്റ്റം ജിപിഎസ് (GPS) ഇതിൽ നൽകിയിട്ടുണ്ട്. ഓട്ടം, സൈക്ലിംഗ് തുടങ്ങിയ ഔട്ട്ഡോർ ആക്റ്റിവിറ്റികൾക്ക് ഇത് വളരെ സഹായകമാകും. വ്യായാമം മെച്ചപ്പെടുത്തുന്നതിനായി നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഒരു കസ്റ്റം റണ്ണിംഗ് കോച്ച് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ ത്രിഡി ആനിമേറ്റഡ് വാംഅപ്പ് ഗൈഡുകൾ, ശ്വസന വ്യായാമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എന്നിവയും ഇതിലുണ്ട്. മികച്ച ഹാർട്ട് റേറ്റ് മോണിറ്ററിംഗ്, സ്ലീപ്പ് സൈക്കിൾ ട്രാക്കിംഗ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP68 റേറ്റിംഗും ഈ വാച്ചിനുണ്ട്.
മറ്റ് സ്മാർട്ട് സവിശേഷതകൾ: നത്തിങ് എക്സ് ആപ്പുമായി കണക്ട് ചെയ്ത് വാച്ച് ഉപയോഗിക്കാനാകും. ഈ ആപ്പിലൂടെ ഫോണിലെ ക്യാമറ ക്ലിക്ക് ചെയ്യാനും പാട്ടുകൾ മാറ്റാനും സാധിക്കും. കൈത്തണ്ടയിലെ ചലനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ജെസ്റ്റർ കൺട്രോൾ സംവിധാനവും, ചാറ്റ്ജിപിടി ഉപയോഗിക്കാനുള്ള സൗകര്യവും ഈ വാച്ചിൽ ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights: Nothing's sub-brand CMF is set to launch the CMF Watch 3 Pro in India featuring a 1.43-inch AMOLED display, 13-day battery life, and advanced AI-driven health tracking via Flipkart.