ഇന്ത്യയ്ക്കിട്ട് വീണ്ടും യുഎസിന്റെ കൊട്ട്, പാകിസ്താന് 'മിഗ് കില്ലര്‍' അമ്രാം മിസൈലുകള്‍ നല്‍കാന്‍ തീരുമാനം

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം സമീപകാലത്ത് വളരെയധികം വഷളായിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ചോദ്യം ചെയ്ത് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയതും, ഓപ്പറേഷന്‍ സിന്ദൂര്‍ ഒത്തുതീര്‍പ്പാക്കിയതില്‍ ഇടപെട്ടുവെന്ന ട്രംപിന്റെ വാദം ഇന്ത്യ നിഷേധിച്ചതും ഉള്‍പ്പെടെ, പുറത്തറിയപ്പെടുന്നതും അറിയാത്തതുമായ നിരവധി കാരണങ്ങള്‍ ഈ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നിലുണ്ട്. ഇപ്പോള്‍, ഇന്ത്യയുടെ എതിരാളിയായ പാകിസ്താനുമായി യുഎസ് വീണ്ടും അടുക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് 'മിഗ്-21 കില്ലര്‍' എന്നറിയപ്പെടുന്ന AIM-120 അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ (AMRAAM) മിസൈലുകള്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കാനുള്ള യുഎസിന്റെ തീരുമാനം.
2019-ലെ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷമുണ്ടായ വ്യോമ ഏറ്റുമുട്ടലില്‍ പാകിസ്താന്‍ വ്യോമസേന ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത് ഈ AIM-120 അമ്രാം മിസൈലുകളാണ്. ഈ ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു മിഗ്-21 ബൈസണ്‍ വിമാനം വീഴ്ത്താന്‍ പാകിസ്താന് സാധിച്ചിരുന്നു. പുതിയ കരാറിലൂടെ, 160 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന, റഡാര്‍ ഗൈഡഡ് AIM-120C-8 എയര്‍-ടു-എയര്‍ മിസൈലുകളാണ് പാകിസ്താന് ലഭിക്കുന്നത്. 40-ലധികം രാജ്യങ്ങള്‍ ഈ മിസൈലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്, 14 തരം യുദ്ധവിമാനങ്ങളില്‍ ഇവ ഘടിപ്പിക്കാനാകും.
അമ്രാം മിസൈലിന്റെ പ്രത്യേകതകള്‍
അമ്രാം മിസൈലിന്റെ പ്രധാന സവിശേഷത 'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്' സംവിധാനമാണ്. ഒരിക്കല്‍ ലക്ഷ്യസ്ഥാനം നിശ്ചയിച്ച് വിക്ഷേപിച്ചാല്‍, മിസൈലിന്റെ റഡാര്‍ സംവിധാനം ഉപയോഗിച്ച് ആ ലക്ഷ്യത്തെ പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ ഇതിന് കഴിയും. ഉദാഹരണത്തിന്, ഒരു യുദ്ധവിമാനത്തില്‍ നിന്ന് ശത്രുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി വിക്ഷേപിച്ചാല്‍, ആ വിമാനത്തെ കൃത്യമായി പിന്തുടര്‍ന്ന് തകര്‍ക്കാന്‍ അമ്രാം മിസൈലിന് സാധിക്കും. AIM-120C-8, കയറ്റുമതിക്കായി പ്രത്യേകം നിര്‍മിച്ച മോഡലാണ്. എഫ്-16, യൂറോഫൈറ്റര്‍ ടൈഫൂണ്‍, എഫ്-22 റാപ്റ്റര്‍, എഫ്-35 ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങളില്‍ ഇത് ഘടിപ്പിക്കാം.
1992-ല്‍ ഒരു ഇറാഖി മിഗ്-25 വിമാനം തകര്‍ക്കാനാണ് യുഎസ് ആദ്യമായി ഈ മിസൈല്‍ ഉപയോഗിച്ചത്. യുഎസ് വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടി നിര്‍മിച്ച ഈ മിസൈല്‍, ഇപ്പോള്‍ യുഎസിന്റെ സഖ്യകക്ഷികള്‍ക്കും ലഭ്യമാക്കുന്നുണ്ട്. ടു-വേ ഡാറ്റാ ലിങ്ക്, ജിപിഎസ് പിന്തുണയുള്ള നാവിഗേഷന്‍, മെച്ചപ്പെട്ട പ്രോസസിങ് ശേഷി, പുതിയ സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയാണ് AIM-120C-8-ന്റെ മറ്റ് സവിശേഷതകള്‍.
പാകിസ്താന്റെ സൈനിക ശക്തി വര്‍ധന
പാകിസ്താന് വില്‍ക്കുന്നത് AIM-120C-8, D-3 പതിപ്പുകളാണ്, ഇവ പാകിസ്താന്റെ എഫ്-16 വിമാനങ്ങളില്‍ ഘടിപ്പിക്കാവുന്നവയാണ്. ഇതിനു മുമ്പ് 2006-07 കാലഘട്ടത്തില്‍ 500 AIM-120C മിസൈലുകള്‍ പാകിസ്താന്‍ വാങ്ങിയിരുന്നു. ചൈനയുടെ PL-15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും പാകിസ്താന്റെ പക്കലുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയില്‍ നിന്നേറ്റ കനത്ത തിരിച്ചടിക്കുശേഷം, പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ യുഎസില്‍ നിന്നുള്ള അമ്രാം മിസൈലുകളുടെ സഹായത്തോടെ പാകിസ്താന് സാധിക്കും. ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിലും, ഇന്ത്യ-യുഎസ് ബന്ധത്തിലും പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ഈ നീക്കം.
Content Highlights: The strained India-US relationship is facing new tension following the US decision to sell AIM-120 AMRAAM missiles—the same weapon used by Pakistan to shoot down an Indian MiG-21 in 2019