വ്യാജ കമ്പനികളുടെ പേരിൽ യു.എസിൽ നിന്ന് ഇറക്കുമതി; ആര്‍ട്ടിക് കടലില്‍ അമേരിക്കയെ കബളിപ്പിച്ച് റഷ്യയുടെ വമ്പന്‍ നിരീക്ഷണ ശൃംഖല

വാഷിങ്ടണ്‍: ആര്‍ട്ടിക് മേഖലയില്‍ റഷ്യ രഹസ്യമായി അന്തര്‍വാഹിനി നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ജലാശയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന യുഎസ് അന്തര്‍വാഹിനികളെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് റഷ്യ രഹസ്യ നിരീക്ഷണ ശൃഖല സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് (ICIJ- ഐസിഐജെ) നടത്തിയ അന്വേഷണങ്ങളെ ആസ്പദമാക്കി 'ദി വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സാങ്കേതികവിദ്യകള്‍ വ്യാജ കമ്പനികളിലൂടെയും രഹസ്യ ഇടപാടുകളിലൂടെയും വാങ്ങിക്കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഹാര്‍മണി' എന്ന കോഡ് നാമത്തിലാണ് റഷ്യയുടെ അന്തര്‍വാഹിനി നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ബാരിന്റ്സ് കടലിലും മറ്റ് ആര്‍ട്ടിക് ജലാശയങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി, റഷ്യയുടെ ആണവ അന്തര്‍വാഹിനി കപ്പല്‍വ്യൂഹത്തിന് സുരക്ഷയൊരുക്കുക എന്നതും ഹാര്‍മണിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. അഡ്വാന്‍സ്ഡ് സോണാര്‍ സംവിധാനങ്ങള്‍, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, ആഴക്കടല്‍ ആന്റിനകള്‍, പ്രത്യേക കപ്പലുകള്‍ എന്നിവയാണ് ഈ നിരീക്ഷണ ശൃംഖലയുടെ ഭാഗങ്ങള്‍. ഇതിന്റെ സാങ്കേതിക വിദ്യകളില്‍ ഭൂരിഭാഗവും റഷ്യ സ്വന്തമാക്കിയത് യുഎസിലെയും യൂറോപ്പിലെയും വിതരണക്കാരില്‍ നിന്നാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഐസിഐജെയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
സൈപ്രസ് ആസ്ഥാനമായുള്ള മുന്‍നിര കമ്പനിയായ മോസ്ട്രെല്ലോ കൊമേഴ്സ്യല്‍ ലിമിറ്റഡ് ആണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത്. സാധാരണ ഉപയോഗത്തിനെന്ന വ്യാജേന, കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന മാരിടൈം ഉപകരണങ്ങള്‍ വാങ്ങി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം ഉപയോഗിച്ചത് യു.എസിന്റെ അന്തര്‍വാഹനികളെ നിരീക്ഷിക്കാനും കണ്ടെത്താനുമായി തയ്യാറാക്കിയ ഹാര്‍മണി സംവിധാനത്തിലായിരുന്നുവെന്ന് മാത്രം. മാസച്യൂസെറ്റ്സില്‍ നിന്നുള്ള എഡ്ജ്ടെക് (EdgeTech), ടെക്‌സാസില്‍ നിന്നുള്ള ആര്‍2സോണിക് (R2Sonic) തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളും റഷ്യ ഇതിനായി ഉപയോഗിച്ചു. തങ്ങള്‍ ശരിയായ പശ്ചാത്തല പരിശോധനകള്‍ നടത്തിയിരുന്നുവെന്നും തങ്ങളുടെ ഉപകരണങ്ങള്‍ റഷ്യ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഈ കമ്പനികള്‍ അന്വേഷണ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.
റഷ്യന്‍ അന്തര്‍വാഹിനി താവളങ്ങള്‍ക്ക് ചുറ്റുമുള്ള നിരീക്ഷണത്തിനുള്ള അമേരിക്കയുടെ ശേഷി കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് യു.എസ് പ്രതിരോധ വിദഗ്ധര്‍ കരുതുന്നത്. യു.എസിന്റ കണ്ണുകളെ വെട്ടിച്ച് റഷ്യയുടെ അന്തര്‍വാഹിനികള്‍ക്ക് തുറമുഖങ്ങളില്‍ നിന്ന് പുറത്തേക്ക് പോകാനും അടുത്തേക്ക് വരാനുമൊക്കെ ഹാര്‍മണി സഹായിച്ചേക്കും. യു.എസിന്റെയും യൂറോപ്പിന്റെയും സാങ്കേതിക വിദ്യകളും സെന്‍സറുകളും ഉപയോഗിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ റഷ്യയ്ക്ക് വളരെ എളുപ്പം സാധിക്കും. റഷ്യന്‍ കപ്പലുകള്‍ക്ക് യുഎസിന്റെ നിരീക്ഷണങ്ങളെ മറികടക്കാനും സാധിക്കും.
ദുര്‍ബലമായ കയറ്റുമതി നിയന്ത്രണങ്ങള്‍ മുതലെടുത്താണ് മോസ്ട്രെല്ലോ വര്‍ഷങ്ങളോളം പ്രത്യക്ഷത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, 2021-ല്‍ സിഐഎ നല്‍കിയ ഒരു സൂചനയെത്തുടര്‍ന്ന് ജര്‍മ്മന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തില്‍ മോസ്ട്രെല്ലോയ്ക്കായി നിയമവിരുദ്ധമായ വാങ്ങലുകള്‍ ഏകോപിപ്പിച്ച കിര്‍ഗിസ് വംശജനായ അലക്‌സാണ്ടര്‍ ഷൈന്യാകിന്‍ 2022ല്‍ അറസ്റ്റിലായി. പിന്നീട് അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതുകൂടാതെ മോസ്ട്രെല്ലോയ്ക്കും മറ്റ് കമ്പനികള്‍ക്കും യുഎസ് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
സൈനിക ഉദ്ദേശങ്ങള്‍ മറച്ചുവെച്ച് യൂറോപ്യന്‍ കമ്പനികളെ ഉപയോഗിച്ച് റഷ്യ സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കുന്നുവെന്നത് യു.എസിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാണ്. റഷ്യയുടെ നിഴല്‍ കമ്പനികള്‍ പലപ്പോഴും യുഎസിന്റെ നിരീക്ഷണങ്ങള്‍ക്കും അപ്പുറമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ തടയുന്നതിലുണ്ടാകന്ന വീഴ്ച വലിയ സുരക്ഷാവീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്.
Content Highlights: Russia secretly boosted Arctic nuclear submarine defenses with Western tech via fake firms. An advanced undersea surveillance network, Harmony, monitors US subs.