യുദ്ധത്തിലും കച്ചവടക്കണ്ണ്; ഡിഫൻസ് കമ്പനിയുമായി യുക്രെയ്ൻ മുൻ മന്ത്രി, കൈകോർക്കാൻ പാലന്റീർ

നിരവധി പേരുടെ ജീവനെടുക്കുകയും മനുഷ്യരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന യുദ്ധങ്ങൾക്ക് മറ്റൊരു മുഖംകൂടിയുണ്ട്. യുദ്ധത്തിനിടെ നേടുന്ന അറിവുകളും അനുഭവസമ്പത്തും വിറ്റ് ലാഭമുണ്ടാക്കാനുള്ള അവസരവും അത് കമ്പനികൾക്ക് മുന്നിൽ തുറക്കുന്നു. ടെക്‌നോളജി രംഗത്തും നിർമിതബുദ്ധിയിലും വലിയ മുന്നേറ്റമുണ്ടായതോടെ വമ്പൻ ടെക് കമ്പനികളും ലാഭക്കൊതിയോടെ യുദ്ധത്തെ കാണുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
യുക്രേനിയൻ മുൻ പ്രതിരോധ മന്ത്രി മിഖൈലോ ഫെഡോറോവ് സ്ഥാപിച്ച പുതിയ ഡിഫൻസ് ടെക്‌നോളജി കമ്പനിയിൽ ആദ്യത്തെ പ്രധാന നിക്ഷേപകനായി രംഗത്തെത്തിയിരിക്കുകയാണ് യു.എസ് സോഫ്റ്റ്‌വെയർ കമ്പനിയായ പാലന്റീറിന്റെ സിഇഓ അലക്‌സ് കാർപ്പ്. അമേരിക്കൻ സൈന്യത്തിന് നിർമിതബുദ്ധി, ഡേറ്റ വിശകലനം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ പ്രമുഖ സ്ഥാനമുള്ള കമ്പനിയാണ് പാലന്റീർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പെന്റഗണിന്റെ മുഖ്യ ഇടനിലക്കാരാണ് അവർ.
പാലന്റീറിന്റെ മാവെൻ സ്മാർട്ട് സിസ്റ്റം അടക്കമുള്ളവ പശ്ചിമേഷ്യൻ സംഘർഷത്തിലടക്കം അമേരിക്ക വൻതോതിൽ ഉപയോഗിച്ചിരുന്നു. ഉപഗ്രഹങ്ങൾ, റഡാറുകൾ, ഡ്രോണുകൾ, സെൻസറുകൾ എന്നിവയിൽനിന്നുള്ള ഡേറ്റ ഉപയോഗിച്ച് ആക്രമിക്കേണ്ട ശത്രുതാവളങ്ങൾ സ്വയം കണ്ടെത്തുന്ന എഐ സംവിധാനം അടക്കമുള്ളവ ഉൾപ്പെട്ടതാണിത്. യുക്രെയിന്റെ യുദ്ധകാല അറിവുകളും അനുഭവങ്ങളും ഒരു ഉൽപ്പന്നമാക്കി സഖ്യകക്ഷികൾക്ക് എത്തിക്കാൻ ഈ സംരംഭത്തിന് കഴിയുമെന്ന് സാമൂഹിക മാധ്യമത്തിൽ ഫെഡോറോവ് പോസ്റ്റുചെയ്ത വീഡിയോയിൽ പാലന്റീർ സിഇഓ അലക്‌സ് കാർപ്പ് അവകാശപ്പെട്ടു.
അലക്‌സ് കാർപ്പിന്റെ നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പാലന്റീറുമായുള്ള സഹകരിക്കുന്നതിന്റെ വിശദാംശങ്ങൾ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് ഫെഡോറോവിന്റെ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു. കമ്പനിയുടെ പേര്, ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാങ്കേതികവിദ്യകൾ, കാർപ്പിന്റെ പങ്കാളിത്തത്തിന്റെ വ്യാപ്തി എന്നിവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഡ്രോണുകൾ, നിർമിതബുദ്ധി, യുദ്ധക്കളത്തിലെ സോഫ്റ്റ്‌വെയർ എന്നിവ നിർണായക പങ്ക് വഹിച്ച റഷ്യയുമായുള്ള ഉക്രെയ്ന്റെ യുദ്ധത്തിൽ നിന്ന് പഠിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഈ സംരംഭം മുന്നേറുക എന്ന് ഫെഡോറോവിന്റെ ഓഫീസ് അറിയിച്ചു.
റഷ്യയുമായി യുദ്ധം യുക്രെയ്ൻ തുടരുന്നതിനിടെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ എന്നതാണ് ശ്രദ്ധേയം. യുക്രെയ്ൻ സൈന്യത്തിന്റെ ആധുനികവത്കരണത്തിന് വൻതോതിൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ശക്തമായി വാദിച്ചിരുന്ന ആളാണ് മുൻ പ്രതിരോധമന്ത്രി കൂടിയായ ഫെഡോറോവ്. ആറുമാസം മാത്രം പ്രതിരോധ മന്ത്രിസ്ഥാനത്തിരുന്ന വ്യക്തിയാണ് അദ്ദേഹം. മന്ത്രിസഭയിലെ അഴിച്ചുപണിയുടെ ഭാഗമായി ജൂലായിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയാണ് 35-കാരനായ ഫെഡോറോവിനെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിനെതിരെ അന്ന് ഉക്രെയ്‌നിൽ പ്രതിഷേധം ഉയർന്നിരുന്നു.
മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം പ്രതിരോധ മേഖലയിൽ സംരംഭം തുടങ്ങുന്നതിനായി ഫെഡോറോവ് യുഎസ് നിക്ഷേപകരെയും ടെക് മേധാവികളെയും സമീപിച്ചിരുന്നു. മന്ത്രിസ്ഥാനത്ത് ഇരുന്ന കാലത്തുതന്നെ ഫെഡോറോവ് പ്രമുഖ യുഎസ് ടെക് മേധാവികളുമായി ബന്ധം സ്ഥാപിച്ചിരുന്നു.
Content Highlights: Palantir CEO Alex Karp is the first lead investor in Mykhailo Fedorov's new defense tech company., The startup leverages wartime experience from Ukraine, including drones and AI, for allied nations., Mykhailo Fedorov recently exited his role as Ukraine's defense minister., Fedorov is actively seeking US investment for defense ventures like battlefield robotics and AI missiles.