ശത്രുവിന്റെ കണ്ണുകെട്ടുന്ന മിഥ്യ, അജയ്യം ഇനി അഗ്നി; ഈ മിസൈലിനെ കൂടുതൽ ഭയക്കണം

പ്രതിരോധ സ്വയംപര്യാപ്തതയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് കൃത്യതയാർന്ന സെക്കൻഡ് സ്‌ട്രൈക്ക് ശേഷി. നോ ഫസ്റ്റ് യൂസ് എന്നതാണ് ഇന്ത്യയുടെ ആണവനയം. എന്നാൽ, ആണവാക്രമണം നേരിടേണ്ടി വന്നാൽ തിരിച്ചുള്ള ആണവാക്രമണത്തിന് കൃത്യതയുണ്ടാകണം. ലക്ഷ്യത്തിൽ പതിക്കുകതന്നെ വേണം. അതിന് എതിരാളിയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വിദഗ്ധമായി മറികടക്കേണ്ടതുണ്ട്. ഈ രംഗത്ത് അപൂർവ്വ നേട്ടത്തിനരികിലാണ് ഇന്ത്യ. തന്ത്രപ്രധാന മിസൈലുകളായ അഗ്‌നി പരമ്പരയിലെ മിസൈലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് കൗണ്ടർമെഷർ (ECM) അഥവാ പെനട്രേഷൻ എയ്ഡ് (Penetration Aid) സംവിധാനമായ 'മിഥ്യ' വികസിപ്പിക്കുകയാണ് ഇന്ത്യ.
ഇന്ത്യയുടെ സൈനിക പ്രതിരോധശേഷി കൂടുതൽ കരുത്തുറ്റതാക്കുന്ന അത്യാധുനിക സംവിധാനമാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ വികസിപ്പിക്കുന്ന 'മിഥ്യ' (MITHYA). ശത്രുരാജ്യങ്ങളുടെ അത്യാധുനിക മിസൈൽ വിരുദ്ധ വ്യൂഹങ്ങളെ കബളിപ്പിച്ച് ഇന്ത്യയുടെ മിസൈൽ വാർഹെഡുകൾ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ദൗത്യം. സംസ്‌കൃതത്തിൽ 'മിഥ്യ' എന്നാൽ പൂർണ്ണമായും സത്യമല്ലാത്ത എന്നാൽ സത്യമെന്ന് തോന്നിക്കുന്ന ഒരു മിഥ്യാബോധം എന്നാണ് അർത്ഥമാക്കുന്നത്. ഈ ആശയത്തെ അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇതിന്റെ പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. അതായത്, ശത്രുവിന്റെ വ്യോമ പ്രതിരോധ റഡാറുകളുടെയും സെൻസറുകളുടെയും മുന്നിൽ യഥാർത്ഥ വാർഹെഡാണ് വരുന്നതെന്ന മിഥ്യാബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ ദൗത്യം. യഥാർത്ഥ വാർഹെഡ് എന്ന് തെറ്റിദ്ധരിച്ച് ഇവയെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിടുമ്പോൾ ഇതിന്റെ മറവിൽ യഥാർത്ഥ ആണവായുധമോ പരമ്പരാഗത സ്‌ഫോടകവസ്തുക്കളോ വഹിച്ച പോർമുനകൾ ലക്ഷ്യം ഭേദിക്കുന്നു.
റോഡ്-മൊബൈൽ, റെയിൽ-മൊബൈൽ അഗ്‌നി മിസൈലുകളാണ് ഇന്ത്യയുടെ ന്യൂക്ലിയർ സെക്കൻഡ് സ്‌ട്രൈക്ക് ശേഷിയുടെ പ്രധാന ആണിക്കല്ല്. ഇതിനൊപ്പം കടലിൽനിന്ന് ആണവാക്രമണം നടത്താനുള്ള ശേഷി ഇന്ത്യ ആർജിച്ചിട്ടുണ്ട്. കരയിലെ മുഴുവൻ ആയുധങ്ങളും നശിച്ചുപോയാലും തിരിച്ചുള്ള ആണവാക്രമണത്തിന് രാജ്യം സർവ്വസജ്ജമാണ്. എന്നാൽ, ചൈനയും മറ്റ് അയൽരാജ്യങ്ങളും അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ റഡാറുകളും ഇന്റർസെപ്റ്റർ മിസൈലുകളും വിന്യസിച്ചിരിക്കുന്നതിനാൽ സാധാരണ ബാലിസ്റ്റിക് മിസൈലുകൾക്ക് ഇവയെ ഭേദിക്കുക ബുദ്ധിമുട്ടാണ്. ഈ വെല്ലുവിളിയെ നേരിടാൻ മിഥ്യ പോലുള്ള കൗണ്ടർമെഷർ സംവിധാനങ്ങൾ വലിയ മുൻതൂക്കം നൽകുന്നു.
ബാലിസ്റ്റിക് മിസൈൽ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്ന (Re-entry) ഘട്ടത്തിലാണ് മിഥ്യ പ്രവർത്തിക്കുക. മിസൈലിന്റെ പേലോഡുകൾക്കൊപ്പം യഥാർഥ പോർമുനകളെന്ന് തെറ്റിധരിപ്പിക്കുന്ന ഡീകോയ്കളും ഉണ്ടാകും. ഇവ ശത്രുവിന്റെ പ്രതിരോധ കമ്പ്യൂട്ടറുകളെ തെറ്റിദ്ധരിപ്പിക്കുന്നു. യഥാർത്ഥമല്ലാത്ത ലക്ഷ്യങ്ങളെ തകർക്കാനായി വിലയേറിയ ഇന്റർസെപ്റ്റർ മിസൈലുകൾ പ്രയോഗിക്കുമ്പോൾ യഥാർത്ഥ വാർഹെഡിന് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് കടന്നുപോകാൻ സാധിക്കും. അനേകം മിസൈലുകൾ വിക്ഷേപിച്ച് ശത്രുവിനെ കബളിപ്പിക്കുന്നതിലും ചെലവ് കുറച്ച് ശത്രുവിനെ തകർക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.
എംഐആർവി (MIRV) സാങ്കേതികവിദ്യയുള്ളതും ആണവ- പരമ്പാരഗത ആയുധങ്ങൾ വഹിക്കാൻ കഴിയുന്നതുമായ തന്ത്രപ്രധാനമായ മിസൈലുകളിൽ മിഥ്യയുടെ ഇലക്ട്രോണിക് കൗണ്ടർമെഷറുകൾ ഘടിപ്പിക്കുന്നതിലൂടെ ശത്രുവിന്റെ വ്യോമ പ്രതിരോധ വ്യൂഹത്തെ നിഷ്പ്രഭമാക്കാൻ കഴിയും. ശത്രുവിന്റെ പ്രതിരോധ നിരകളെ ഭേദിക്കാനുള്ള മിസൈലിന്റെ ശേഷി പലമടങ്ങ് വർദ്ധിക്കുകയും ചെയ്യും.
ഇതോടൊപ്പം ഇന്ത്യയുടെ മിസൈലുകൾക്ക് കൂടുതൽ കൃത്യത നൽകാൻ റിസർച്ച് സെന്റർ ഇമാറത്(RCI) വികസിപ്പിച്ച പുതിയ 'ക്വാഡ്രിഗർ മോണോപൾസ് ഫ്രീക്വൻസി (QMF) സീക്കർ' പോലുള്ള നൂതന ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് മിസൈലുകളെ ശത്രുവിന്റെ ജാമിങ് ശ്രമങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യും.
പൂർണ്ണമായും ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യയിൽ വികസിപ്പിക്കുന്ന തദ്ദേശീയ പദ്ധതിയാണ് മിഥ്യ. ഇതിന്റെ സിഗ്‌നൽ പ്രോസസ്സിങ് അൽഗോരിതങ്ങളും ജാമിങ് ഘടകങ്ങളും വികസിപ്പിക്കുന്നത് ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി (DLRL) ആണ്. മിസൈൽ കവചങ്ങളും താപ പ്രതിരോധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നത് ഡിഫൻസ് ലബോറട്ടറി ജോധ്പൂരുമാണ് (DLJ).
പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമിട്ടുള്ള ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഒട്ടേറെ സ്വകാര്യ പ്രതിരോധ നിർമ്മാണ പങ്കാളികളും ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയായ യുണിസ്ട്രിങ് ടെക് സൊല്യൂഷൻസിന് (Unistring Tech Solutions - UTS) അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളുടെ വികസനത്തിനായി 30.01 കോടി രൂപയുടെ കരാർ അടുത്തിടെ നൽകിയിട്ടുണ്ട്. കൂടാതെ, മിഥ്യയുടെ നിർമ്മാണത്തിനും സിസ്റ്റം ഇന്റഗ്രേഷനുമായി പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL), ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (BDL) എന്നിവർ സജീവമായി സഹകരിക്കുന്നു.
പുതിയ വിവരങ്ങൾ അനുസരിച്ച് മിഥ്യ സംവിധാനം നിലവിൽ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ്. 2025-26 കാലയളവിൽ ഡിഫൻസ് ലബോറട്ടറി ജോധ്പൂരും മറ്റ് ലബോറട്ടറികളും ചേർന്ന് മിസൈലുകളുടെ കൺസീൽമെന്റ് സാങ്കേതികവിദ്യകളും കോംപോസിറ്റ് മെറ്റീരിയൽ ടെസ്റ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ വിന്യസിച്ചിരിക്കുന്നതും എംഐആർവി പരീക്ഷണങ്ങൾ നടത്തിവരുന്നതുമായ അഗ്‌നി-5 മിസൈലുകളിലാകും മിഥ്യയുടെ ആദ്യസംയോജനം പരീക്ഷിക്കുന്നത്. പ്രതിരോധ വൃത്തങ്ങളിൽനിന്നുള്ള സൂചനകൾ അനുസരിച്ച് മിഥ്യ ഇലക്ട്രോണിക് കൗണ്ടർമെഷർ സംവിധാനം 2026-ൽ പ്രീ-ഇൻഡക്ഷൻ പരീക്ഷണങ്ങൾക്ക് വിധേയമാകും. 2026 അവസാനത്തോടെയോ 2027 മധ്യത്തോടെയോ ഈ സംവിധാനം പൂർണ്ണമായും യാഥാർത്ഥ്യമാകുകയും അഗ്‌നി-5, അഗ്‌നി പ്രൈം മിസൈൽ വേരിയന്റുകളുമായി സംയോജിപ്പിച്ച് സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്യും.
മിസൈലുകളെ പ്രതിരോധ വ്യൂഹങ്ങളിൽനിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള പെനട്രേഷൻ എയ്ഡ് സാങ്കേതികവിദ്യ വളരെ സങ്കീർണ്ണവും ചെലവേറിയതുമാണ്. അതിനാൽതന്നെ ചുരുക്കം ചില ആണവശക്തികൾക്ക് മാത്രമേ നിലവിൽ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള അത്യാധുനിക ഇലക്ട്രോണിക് കൗണ്ടർമെഷർ സംവിധാനങ്ങൾ സ്വന്തമായിട്ടുള്ളൂ. ആഗോളതലത്തിൽ ഈ സാങ്കേതികവിദ്യ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമേയുള്ളു. അമേരിക്കയുടെ ഭൂഖണ്ഡാന്തര മിസൈലായ മിനിറ്റ്മാൻ-3 (Minuteman III) മിസൈലുകളിൽ ഇൻഫ്‌ലേറ്റബിൾ മൈലാർ ബലൂൺ ഡീക്കോയുകളും റേഡിയോ ഫ്രീക്വൻസി ജാമറുകളും അടങ്ങിയ അത്യാധുനിക പെനട്രേഷൻ എയ്ഡ്‌സ് വിന്യസിച്ചിട്ടുണ്ട്. റഷ്യയുടെ പ്രമുഖ ബാലിസ്റ്റിക് മിസൈലുകളായ യാർസ്, സർമാറ്റ് എന്നിവയിൽ റഡാറുകളെ കബളിപ്പിക്കാൻ കഴിയുന്ന കനത്ത താപപ്രതിരോധ ശേഷിയുള്ള ഡീക്കോയുകളും അത്യാധുനിക പ്ലാസ്മ ലെയർ ജനറേറ്ററുകളും അടങ്ങിയ കൗണ്ടർമെഷറുകൾ ഉപയോഗിക്കുന്നു. ചൈനയുടെ ഏറ്റവും പുതിയ റോഡ്-മൊബൈൽ ഐസിബിഎം ആയ ഡിഎഫ്-41 മിസൈലുകളിൽ റഡാർ സിഗ്‌നലുകളെ പ്രതിഫലിപ്പിക്കുന്ന അലുമിനിയം ഫോയിൽ ചൗഫുകളും സജീവ സിഗ്‌നൽ ജാമറുകളും അടങ്ങുന്ന പ്രതിരോധ വിന്യാസം ഉണ്ട്.
മിഥ്യയുടെ വിജയകരമായ വിന്യാസം പൂർത്തിയായാൽ ഇന്ത്യയും പ്രമുഖ രാജ്യങ്ങളുടെ പട്ടികയിലേക്ക് കടന്നുവരും.
Content Highlights: Mithya is a cutting-edge electronic countermeasure (ECM) system designed to protect Indian missiles from enemy air defense radars., The system creates decoys to deceive interceptor missiles, ensuring the actual warhead reaches its target., Integrated with Agni-5 and Agni-Prime, the project aims for pre-induction trials in 2026., Developed indigenously by DRDO, DLRL, and DLJ, marking a major milestone in Atmanirbhar Bharat., Places India among the elite group of nations (USA, Russia, China) possessing advanced penetration aid technology.