റഡാറുകളെ വെട്ടിച്ച് ബ്രഹ്‌മോസുമായി കുതിക്കും; കരുത്തേകാൻ വരുന്നു പുതിയ യുദ്ധക്കപ്പൽ INS താരഗിരി

കൊച്ചി: സമുദ്രങ്ങളിൽ കരുത്തിന്റെയും തന്ത്രങ്ങളുടെയും പുതിയ തിരമാലകൾ തീർത്ത് താരഗിരി ഇന്ത്യക്ക് സ്വന്തമാകുന്നു. ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. താരഗിരി അടുത്ത മാസം കമ്മിഷൻ ചെയ്യും. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് കനത്ത പ്രഹരം ഏൽപ്പിച്ച ബ്രഹ്‌മോസ് മിസൈലുകൾ അടക്കമുള്ളവയാണ് താരഗിരിയിൽ സജ്ജീകരിച്ചിരിക്കുന്നത്. പൂർണമായും സ്വയം പര്യാപ്തമായ നാവികശക്തിയായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിലെ നിർണായക നീക്കമാണ് താരഗിരിയുടെ വരവ്.
ശത്രുക്കളുടെ റഡാറുകളിൽ പെടാതെ സഞ്ചരിക്കാൻ കഴിവുള്ള താരഗിരിയുടെ ആയുധശേഷി ലോകോത്തരമാണ്. ദീർഘദൂര ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകളും ഭാരം കുറഞ്ഞ അന്തർവാഹിനി വിരുദ്ധ ടോർപ്പിഡോകളും തദ്ദേശീയ റോക്കറ്റ് ലോഞ്ചറുമെല്ലാം താരഗിരിയിൽ സജ്ജമാക്കിയിട്ടുണ്ട്. സമുദ്രങ്ങളിൽ ശത്രുക്കളുടെ ഭീഷണികളെ നേരിടാനും ഉപരിതല, വായു, അന്തർവാഹിനി വിരുദ്ധ യുദ്ധങ്ങളിൽ മികവ് പുലർത്താനും താരഗിരിക്ക് ശേഷിയുണ്ട്.
ഇന്ത്യയുടെ പ്രോജക്ട് 17എ ക്ലാസിലെ നാലാമത്തെ യുദ്ധക്കപ്പലാണ് താരഗിരി. മുംബൈയിലെ മാസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ നിർമിച്ച ഈ ഫ്രിഗേറ്റ് സംയോജിത ഡീസൽ അല്ലെങ്കിൽ ഗ്യാസ് പ്രൊപ്പൽഷൻ പ്ലാന്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഓൺ ബോർഡ് സിസ്റ്റങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും നിരീക്ഷണത്തിനും ആധുനിക ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റവും താരഗിരിയിലുണ്ട്. 1980 മുതൽ 2013 വരെ ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന പഴയ ലിയാൻഡർ ക്ലാസ് ഫ്രിഗേറ്റായ ഐ.എൻ.എസ്. താരഗിരിയുടെ പുനർജന്മമാണ് ഈ താരഗിരി.
149 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള കപ്പലിന് 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. അടുത്ത മാസം മൂന്നിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങിലാകും താരഗിരി കമ്മിഷൻ ചെയ്യുക.
Content Highlights: The Indian Navy is set to commission its latest advanced stealth frigate, INS Taragiri, on April 3rd. Built by Mazagon Dock Shipbuilders Limited (MDL) under Project 17A, this 149-meter-long warship is equipped with world-class weaponry including BrahMos supersonic cruise missiles. Named after the former Leander-class frigate, the new Taragiri features advanced stealth technology making it nearly invisible to enemy radars while excelling in surface, air, and anti-submarine warfare.