'സുദർശൻ ചക്ര'യെന്ന ആകാശക്കോട്ട; കൂടുതൽ എസ്-400 വാങ്ങും, നിർദേശം സമർപ്പിച്ച് റഷ്യ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുന്നതിനായി റഷ്യയിൽനിന്ന് അഞ്ച് എസ്-400 ലോങ് റേഞ്ച് വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾകൂടി വാങ്ങാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. കരാറിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എസ്-400 സംവിധാനം നൽകാനുള്ള ഔദ്യോഗിക നിർദ്ദേശം ഇന്ത്യയ്ക്ക് മുന്നിൽ റഷ്യ സമർപ്പിച്ചു. 50,000 കോടിയിലധികം രൂപ മൂല്യം കണക്കാക്കുന്ന ഈ കരാർ നിർദ്ദേശം പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇത് നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, 2026 മാർച്ചിലാണ് അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങുന്നതിന് ഇന്ത്യ അനുമതി നൽകിയത്. രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ശക്തമായ വ്യോമപ്രതിരോധം തീർക്കാൻ ഈ അധിക സംവിധാനങ്ങൾ വിന്യസിക്കുന്നതിലൂടെ സാധിക്കും. നിലവിലുള്ളതും പുതിയതുമായ യൂണിറ്റുകളിൽ മിസൈലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി 280-ലധികം ഇന്റർസെപ്റ്റർ മിസൈലുകളും ഇന്ത്യ ഇതിനോടൊപ്പം ശേഖരിക്കുന്നുണ്ട്.
2018-ലാണ് അഞ്ച് എസ്-400 സ്ക്വാഡ്രണുകൾക്കായി ഇന്ത്യ റഷ്യയുമായി ആദ്യ കരാർ ഒപ്പിട്ടത്. ഇതിൽ നാല് സ്ക്വാഡ്രണുകൾ ഇതിനകംതന്നെ വിതരണം ചെയ്തു കഴിഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും സ്ക്വാഡ്രൺ 2026 നവംബറോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാർ ഒപ്പുവെക്കുകയാണെങ്കിൽ, കരാർ ഒപ്പിട്ട് മൂന്ന് വർഷത്തിന് ശേഷമായിരിക്കും പുതിയ ബാച്ചിന്റെ വിതരണം ആരംഭിക്കുക.
ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, മറ്റ് ആകാശ ഭീഷണികൾ എന്നിവ കണ്ടെത്തി കൃത്യമായി തകർക്കാൻ ശേഷിയുള്ള അത്യാധുനിക റഷ്യൻ വ്യോമപ്രതിരോധ മിസൈൽ സംവിധാനമാണിത്. ലക്ഷ്യത്തിന്റെ ദൂരവും ഉയരവും കണക്കാക്കി വിവിധ തരം ഇന്റർസെപ്റ്റർ മിസൈലുകൾ ഇതിൽ ഉപയോഗിക്കാൻ സാധിക്കും.
ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങൾക്ക് സുദർശൻ ചക്ര എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതേപേരിൽ സംയോജിത വിവിധ തലത്തിലുള്ള വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനം എസ്-400 ആയിരിക്കുമെന്നാണ് വിവരം.
ശത്രുലക്ഷ്യങ്ങളെ 400 കിലോ മീറ്റർ വരെ ദൂരത്തിൽവെച്ച് തകർക്കാൻ ഇതിന് ശേഷിയുണ്ട്. ഓപ്പറേഷൻ സിന്ദൂർ വേളയിൽ 300 കിലോ മീറ്റർ അപ്പുറത്തുകൂടി പറന്നിരുന്ന പാകിസ്താന്റെ വ്യോമാക്രമണ മുന്നറിയിപ്പ് വിമാനം (AWACS) ഇന്ത്യ ഇത്തരത്തിൽ തകർത്തിരുന്നു.
Content Highlights: India is considering a ₹50,000+ crore deal to purchase five additional S-400 air defense squadrons from Russia., Russia has officially submitted the proposal to India, currently under review by the Ministry of Defence., The new units will strengthen air defense along India's eastern and western borders following approvals in March 2026., India is also procuring over 280 interceptor missiles to ensure robust deployment capabilities., The final squadron from the previous 2018 deal is expected to arrive by November 2026.