ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചരക്കുകപ്പല്‍…! ഇന്ത്യയുടെ നീക്കത്തിന് പിന്നിലെന്ത്? 200 MW റിയാക്ടര്‍ വികസിപ്പിക്കുന്നു

കപ്പല്‍ഗതാഗത രംഗത്ത് വമ്പന്‍ മാറ്റത്തിന് തുടക്കമിടാന്‍ ഇന്ത്യ. ചരക്കുകപ്പലുകളെ ഫോസില്‍ ഇന്ധനത്തില്‍നിന്ന് മുക്തമാക്കാനായി അവയെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായി 200 മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാവുന്ന കോംപാക്ട് സൈസിലുള്ള ചെറിയ ആണവ റിയാക്ടര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആണവോര്‍ജ ഗവേഷണ കേന്ദ്രമായ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍ര്‍ അഥവാ ബാര്‍ക്കിലെ ( BARC) ശാസ്ത്രജ്ഞരാണ് ഈ ഉദ്യമത്തിന് പിന്നില്‍.
200 മെഗാവാട്ട് ഉര്‍ജം ഉത്പാദിപ്പിക്കുന്ന റിയാക്ടറിന് പുറമെ 55 മെഗാവാട്ടിന്റെ മറ്റൊരു റിയാക്ടറും ബാര്‍ക്ക് വികസിപ്പിക്കുന്നുണ്ട്. സിമന്റ് ഉത്പാദനം പോലെയുള്ള വലിയതോതില്‍ ഊര്‍ജം ഉപയോഗിക്കുന്ന ഫാക്ടറികളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്. നടപ്പിലായാല്‍ ആണവോര്‍ജ ഉപഭോഗത്തില്‍ വലിയൊരു വഴിത്തിരിവിനാകും ഇടയാക്കുക. അണുവിഭജനത്തിലുടെ ഉണ്ടാകുന്ന താപം ഉപയോഗിച്ച് വെള്ളത്തെ ചൂടാക്കി നീരാവിയാക്കി മാറ്റി, അതുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ് ഇത്തരം റിയാക്ടറുകളില്‍ നടക്കുന്നത്.
ബാര്‍ക്കിന്റെ നേതൃത്വത്തില്‍ ചെറുകിട ആണവ റിയാക്ടറുകള്‍ വികസിപ്പിക്കുന്നുണ്ട്. കൂടുതല്‍ ആണവ ഇന്ധനം സൂക്ഷിക്കാവുന്ന വമ്പന്‍ ആണവോര്‍ജ കേന്ദ്രങ്ങള്‍ക്ക് പകരം ഓരോ പ്രദേശത്തും സുരക്ഷിതമായി സ്ഥാപിക്കാവുന്ന ചെറുകിട ആണവ റിയാക്ടറുകളാണ് ബാര്‍ക്ക് വികസിപ്പിക്കുന്നത്. ഭാരത് സ്‌മോള്‍ മോഡ്യുലാര്‍ റിയാക്ടര്‍ ( BSMR) എന്ന് പേരിട്ടിരിക്കുന്ന റിയാക്ടര്‍ പദ്ധതി പുരോഗമിക്കുകയാണ്.
നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച രണ്ട് അന്തര്‍വാഹിനികളുണ്ട്. ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘാത് എന്നിവ. ഐഎന്‍എസ് അരിധമന്‍ എന്ന മറ്റൊരു അന്തര്‍വാഹിനി പരീക്ഷണ ഘട്ടത്തിലാണ്. ഇത് ഉടനെ സേനയുടെ ഭാഗമാകുമെന്ന് കരുതുന്നു. ഇവയില്‍ ഉപയോഗിക്കുന്നത് ബാര്‍ക്ക് വികസിപ്പിച്ച 83 മെഗാവാട്ടിന്റെ ചെറിയ ആണവറിയാക്ടറാണ്. ഇതിന് പുറമെ നാവികസേനയ്ക്കായി ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനി കപ്പലും ആലോചനയിലുണ്ട്.
1962-ലെ ആണവോര്‍ജ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സിവില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാര്യ സംരംഭകരെ അനുവദിക്കുന്ന തരത്തിലാകും നിയമത്തില്‍ മാറ്റമുണ്ടാകുക എന്നാണ് സൂചന. ഇവര്‍ക്ക് ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനും ഊര്‍ജോത്പാദനം നടത്താനും അനുമതി നല്‍കും. ഈ നയംമാറ്റത്തിന് അനുഗുണമായാണ് ബാര്‍ക്കിന്റെ ചെറുകിട റിയാക്ടറുകള്‍ വരാന്‍പോകുന്നത്. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് രാജ്യം സ്വതന്ത്രയായതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ല്‍ 100 ഗിഗാവാട്ട് ആണവോര്‍ജ ഉത്പാദനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ആണവോര്‍ജ ശേഷി 8.8 ഗിഗാവാട്ട് മാത്രമാണ്.
Content Highlights: India is pioneering compact nuclear reactors for decarbonizing shipping and powering industries. BARC is developing 200 MW and 55 MW reactors, aiming for a nuclear energy revolution.