രക്ഷാപ്രവർത്തനത്തിന് എത്തും പൈലറ്റില്ലാ വിമാനം, പുതിയ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: യുദ്ധമുഖത്ത് പരിക്കേറ്റ സൈനികരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ ആളില്ലാ വിമാനങ്ങൾ വികസിപ്പിക്കാൻ ഇന്ത്യ. ഇതിനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. യുദ്ധമുഖങ്ങളിലും മറ്റ് അപകടഘട്ടങ്ങളിലും പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കാതെ തന്നെ സൈനികരെയും വിമാന ജീവനക്കാരെയും രക്ഷപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഡിഫൻസ് അക്വിസിഷൻ പ്രൊസീജർ 2020 പ്രകാരം മേയ്ക്ക് -ഐ വിഭാഗത്തിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വികസന ചിലവിന്റെ 70 ശതമാനം സർക്കാർ വഹിക്കുമ്പോൾ ബാക്കി 30 ശതമാനം ഇന്ത്യൻ സ്വകാര്യ കമ്പനികളാണ് നിക്ഷേപിക്കുന്നത്.
റൺവേയുടെ ആവശ്യമില്ലാതെ തന്നെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന (Runway-independent) ഡ്രോണുകളാണിവ. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ (ELT) ഉപയോഗിച്ച് ആളുകളെ കണ്ടെത്താനും അവിടെ ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും. 16,000 അടി മുതൽ 20,000 അടി വരെ ഉയരത്തിൽ പറക്കാൻ സാധിക്കുന്നവയായിരിക്കും ഈ ഡ്രോണുകൾ. 200 കിലോമീറ്റർ ചുറ്റളവിൽ 45 മിനിറ്റ് വരെ നിരീക്ഷണത്തിൽ ഏർപ്പെടാൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സ്വയംനിയന്ത്രിത സംവിധാനമാകും ഇതിലുപയോഗിക്കുക. ഏകദേശം 400 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ പ്ലാറ്റ്ഫോമിന് നാല് യാത്രക്കാരെയും സ്ട്രെച്ചറുകളെയും ഒരേസമയം വഹിക്കാൻ കഴിയും. ഉപഗ്രഹ സഹായം ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാകും ഇവയെ വികസിപ്പിക്കുക.
ഈ ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ വ്യവസ്ഥയിലെ ഏറ്റവും ആധുനികമായ സംവിധാനങ്ങളിലൊന്നായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാദൗത്യങ്ങൾക്ക് പുറമെ, ഹെലികോപ്റ്ററുകൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള ഹിമാലയൻ പ്രദേശങ്ങളിലും മറ്റ് ദുർഘടമായ ഇടങ്ങളിലും സൈനികർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനും ഇവയെ ഉപയോഗിക്കാനാകും. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തരമായി ഉയർന്ന സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങൾ സ്വയം ഒരുക്കണമെന്നുമുള്ള ആശയത്തിന്റെ പിൻബലത്തിലാണ് പുതിയ തരം ഡ്രോണുകളെ വികസിപ്പിക്കാനൊരുങ്ങുന്നത്. ഇവയിൽ പകുതിയോളം ഘടകങ്ങൾ ആദ്യഘട്ടത്തിൽ ആഭ്യന്തരമായി നിർമിച്ചവയായിരിക്കും. ഭാവിയിൽ ഇന്ത്യൻ ഘടങ്ങളുടെ അളവ് വർധിപ്പിച്ച് വിദേശ ആശ്രിതത്വം പരമാവധി കുറയ്ക്കും.
Content Highlights: Development of runway-independent drones for soldier rescue missions., AI-powered autonomous navigation for high-altitude operations up to 20,000 feet., Capable of carrying 400kg payload including four passengers or stretchers., Strategic goal to reduce foreign dependency and boost indigenous defense manufacturing., Operational capability in adverse weather and satellite-denied environments.