ആഡംബരം, സുരക്ഷ; ഡബിൾ ഡികോയ് തന്ത്രവുമായി പുതിൻ, എത്തിയത് ‘ഡൂംസ്ഡേ’ വിമാനത്തിൽ

#ന്യൂസ് ഡെസ്‌ക്
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ സഞ്ചരിച്ച വിമാനം സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ പാലം വ്യോമതാവളത്തിൽ എത്തിച്ചേർന്നപ്പോൾ | AFP
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ സഞ്ചരിച്ച വിമാനം സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ പാലം വ്യോമതാവളത്തിൽ എത്തിച്ചേർന്നപ്പോൾ | AFP

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ഇന്ത്യയിലെത്തിയത് അതീവ സുരക്ഷിതമായി കണക്കാക്കപ്പെടുന്ന വിമാനത്തിൽ. ‘പറക്കും ക്രെംലിൻ’ എന്നും ‘ലോകാവസാനത്തിന്റെ വിമാനം’ ( ഡൂംസ്ഡേ പ്ലെയിൻ -Doomsday Plane) എന്നുമൊക്കെ വിശേഷണമുള്ള വിമാനത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.

പുതിന്റെ വരവിലുമുണ്ട് പ്രത്യേകത. കടുത്ത സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒരേപോലെയുള്ള രണ്ട് ഇല്യൂഷിൻ IL-96-300PU വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. ഇതിൽ ഏതിലായിരുന്നു പുതിൻ യാത്ര ചെയ്തിരുന്നത് എന്ന് ലാൻഡ് ചെയ്തതിന് ശേഷം പുതിൻ പുറത്തിറങ്ങുന്നതിന് മുമ്പ് മാത്രമേ വ്യക്തമാകു. ഒരേ സമയം രണ്ട് വിമാനങ്ങളും പറത്തി.

പുതിൻ ഏത് വിമാനത്തിലാണ് ഉള്ളതെന്ന് അടുത്ത സുരക്ഷാ ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും തിരിച്ചറിയാൻ കഴിയാത്ത 'ഡബിൾ ഡികോയ്' (double-decoy) തന്ത്രമാണ് റഷ്യ ഇതിനായി ഉപയോഗിച്ചത്. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സംഘർഷത്തിലുള്ള റഷ്യ, കടുത്ത സുരക്ഷയാണ് പ്രസിഡന്റ് പുതിന് വേണ്ടി ഒരുക്കുന്നത്.

എന്താണ് ഡൂംസ്ഡേ പ്ലെയിൻ അല്ലെങ്കിൽ പറക്കും ക്രെംലിൻ?

1980-കളിൽ ഇല്യൂഷിൻ ഡിസൈൻ ബ്യൂറോ വികസിപ്പിച്ചെടുത്ത ഇല്യൂഷിൻ IL-96-300PU വിമാനത്തിന്റെ പ്രത്യേക പരിഷ്‌കരിച്ച പതിപ്പാണ് പറക്കും ക്രെംലിൻ അല്ലെങ്കിൽ ഡൂംസ്ഡേ പ്ലെയിൻ എന്നറിയപ്പെടുന്നത്.

ആണവയുദ്ധം, വൻകിട ദുരന്തങ്ങൾ അല്ലെങ്കിൽ പ്രധാന സൈനിക, ഭരണഘടനാ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയാകുന്ന കടുത്ത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഒരു വ്യോമ കമാൻഡ് പോസ്റ്റായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള പ്രത്യേക വിഭാഗത്തിൽപ്പെടുന്ന വിമാനമാണിത്.

ലോകത്ത് നിലവിൽ അമേരിക്കയും റഷ്യയും മാത്രമാണ് ഇത്തരം വിമാനങ്ങൾ നിർമ്മിച്ച് പ്രവർത്തിപ്പിക്കുന്നത്. നാല് അവിയാഡ്വിഗേറ്റ് PS-90A ടർബോഫാൻ (Aviadvigatel PS-90A turbofan) എഞ്ചിനുകൾ കരുത്തേകുന്ന ഈ വിമാനത്തിന് ഇന്ധനം നിറയ്ക്കാതെ ഏകദേശം 11,000 കിലോമീറ്റർ വരെ പറക്കാൻ സാധിക്കും.

റഷ്യൻ സൈന്യവുമായും ഇന്റലിജൻസ്, ഭരണകൂട സംവിധാനങ്ങളുമായും ശൃംഖലകളുമായും സുരക്ഷിതമായി ബന്ധപ്പെടാൻ എൻക്രിപ്റ്റഡ് സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങൾ ഈ വിമാനത്തിലുണ്ട്. കൂടാതെ, റഡാർ ജാമിങ് സാങ്കേതികവിദ്യ, പ്രതിരോധ സംവിധാനങ്ങൾ, തടസ്സമില്ലാത്ത ആശയവിനിമയത്തിനായി സുരക്ഷിതമായ റേഡിയോ, ഡാറ്റാ ചാനലുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമെ, പ്രസിഡന്റിനായുള്ള പ്രൈവറ്റ് സ്യൂട്ട്, ബെഡ്റൂമുകൾ, ബാത്ത്റൂമുകൾ, അടുക്കള, ഡൈനിങ് ഏരിയ, കോൺഫറൻസ് റൂം തുടങ്ങിയ ആഡംബര സൗകര്യങ്ങളും വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

അമേരിക്കയും സമാനമായ ആവശ്യങ്ങൾക്കായി പ്രത്യേക വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ബോയിങ് 747-200ബി വിമാനത്തിൽ മാറ്റം വരുത്തി തയ്യാറാക്കിയ ബോയിങ് ഇ-4 'നൈറ്റ്‌വാച്ച്‌' (Nightwatch) അമേരിക്കൻ പ്രസിഡന്റിനും പ്രതിരോധ സെക്രട്ടറിക്കുമായി വ്യോമ കമാൻഡ് പോസ്റ്റായി പ്രവർത്തിക്കുന്നു.

കൂടാതെ, ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകളുമായി ബന്ധിപ്പിക്കുന്നതിനായി ബോയിങ് ഇ-6 മെർക്കുറി വിമാനങ്ങളും അമേരിക്ക ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പരിഷ്‌കരിച്ച ഇ-6ബി പതിപ്പിന് മിനുട്ട്മാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ ദൂരസ്ഥലങ്ങളിൽ നിന്ന് നിയന്ത്രിക്കാനും സാധിക്കും.

Content Highlights: The Doomsday Plane, used by Russian President Putin for the BRICS summit, is equipped with advanced communication and defense systems for extreme crises.