പാകിസ്താനും ചൈനയും പരിധിയിൽ, മിന്നും വേഗത്തിൽ ലക്ഷ്യം കാണും; ഹൈപ്പർസോണിക് ബ്രഹ്‌മോസ് 2 വരുന്നു

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന അടുത്ത തലമുറ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്-2 വിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിവേഗതയും കൃത്യതയുമുള്ള ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബ്ദത്തേക്കാൾ എട്ടു മടങ്ങ് വേഗതയിൽ (മാക് 8) സഞ്ചരിക്കാൻ ബ്രഹ്‌മോസ്-2 ന് കഴിയുമെന്നാണ് നിലവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം വിലയിരുത്തപ്പെടുന്നത്. ഈ ഉയർന്ന വേഗത കാരണം ശത്രുക്കൾക്ക് മിസൈലിനെ കണ്ടെത്താനോ തടയാനോ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കു. ഇത് മിസൈലിന്റെ അതിജീവന ശേഷിയും പ്രഹരശേഷിയും വർധിപ്പിക്കുന്നു. അന്തരീക്ഷത്തിലെ ഓക്‌സിജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എൻജിനാണ് ബ്രഹ്‌മോസ്-2 വിൽ ഉപയോഗിക്കുക. ഇത് മിസൈലിന് ഹൈപ്പർസോണിക് വേഗതയിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കും.
ആദ്യകാല ബ്രഹ്‌മോസ് മിസൈലുകളുടെ പരിധി 300 കിലോമീറ്റർ ആയിരുന്നു. പിന്നീട് ഇതിന്റെ ശേഷി വർധിപ്പിച്ച് 800 കിലോമീറ്റർ വരെ പരിധി വർധിപ്പിച്ചിരുന്നു. എന്നാൽ പുതിയ ബ്രഹ്‌മോസ്-2 മിസൈലിന് 600 കിലോമീറ്റർ മുതൽ 1500 കിലോമീറ്റർ വരെ ദൂരപരിധി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിമിൽ (MTCR) അംഗമായതാണ് ദൂരപരിധി വർദ്ധിപ്പിക്കാനുള്ള സാങ്കേതിക തടസ്സം മാറിക്കിട്ടിയത്.
കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള വ്യത്യസ്ത പതിപ്പുകളും വികസിപ്പിക്കും. കരസേനയ്ക്ക് മൊബൈൽ ലോഞ്ചറുകൾ വഴിയും, നാവികസേനയ്ക്ക് യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ വഴിയും, വ്യോമസേനയ്ക്ക് സുഖോയ്-30 എം.കെ.ഐ തുടങ്ങിയ യുദ്ധവിമാനങ്ങൾ വഴിയും ഇത് വിക്ഷേപിക്കാൻ സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനവും മൾട്ടി സാറ്റലൈറ്റ് ഗൈഡൻസും ഉപയോഗിക്കുന്നതിലൂടെ ഏതാനും മീറ്റർ കൃത്യതയിൽ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ഈ മിസൈലിന് കഴിയും
റഷ്യയുടെ സിർക്കോൺ മിസൈൽ സാങ്കേതികവിദ്യ കൂടി പ്രയോജനപ്പെടുത്തിയാണ് ബ്രഹ്‌മോസ്-2 വികസിപ്പിക്കുന്നത്. മിസൈൽ ഇപ്പോൾ വികസന ഘട്ടത്തിലാണ്. പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ ഇതിന്റെ സവിശേഷതകളിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. ഈ വർഷം അവസാനത്തോടെയോ 2027ലോ മിസൈലിന്റെ ആദ്യഘട്ട പരീക്ഷണം നടക്കും.
നിലവിലെ വിലയിരുത്തലുകൾ അനുസരിച്ച് മിസൈലിന് മുൻഗാമിയേക്കാൾ ഭാരം കുറവായിരിക്കും. നിലവിൽ വ്യോമസേനയുടെ പക്കലുള്ള ബ്രഹ്‌മോസ് എൻജി മിസൈലിന് 2.65 ടൺ ആണ് ഭാരം. എന്നാൽ ഹൈപ്പർസോണിക് ബ്രഹ്‌മോസ് 2ന് 1.33 ടൺ മാത്രമാകും ഭാരമുണ്ടാകുക. ഇത് കൂടുതൽ ആയുധങ്ങൾ യുദ്ധവിമാനത്തിൽ ഘടിപ്പിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കും. ആദ്യഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞാൽ രണ്ടുവർഷത്തിനുള്ളിൽ ഇവ സേനയുടെ ഭാഗമാകും. നിലവിൽ റഷ്യ വികസിപ്പിക്കുന്ന നാലാം തലമുറ യുദ്ധക്കപ്പലുകളിലും ഈ മിസൈൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. മിസൈലിന്റെ പ്രധാന ഭാഗമായ സ്‌ക്രാംജെറ്റ് എൻജിന്റെ പരീക്ഷണങ്ങൾ 2025ൽ തന്നെ പൂർത്തിയായിരുന്നു. അതിനാൽ തന്നെ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം മാസങ്ങൾക്കുള്ളിൽ തന്നെ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് പ്രധാന നഗരങ്ങളിലേക്കോ സൈനിക കേന്ദ്രങ്ങളിലേക്കോ ഉള്ള ദൂരം (150- 600 കി.മീ) കണക്കാക്കിയാൽ, വിക്ഷേപിച്ച് 1 മുതൽ 4 മിനിറ്റിനുള്ളിൽ മിസൈൽ ലക്ഷ്യസ്ഥാനത്തെത്തും. അതിർത്തിയിലെയും തെക്കൻ/ടിബറ്റ് മേഖലയിലെയും തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ദൂരം (500- 1,500 കി.മീ) അടിസ്ഥാനമാക്കിയാൽ 3 മുതൽ 10 മിനിറ്റിനുള്ളിൽ എത്തുവാൻ സാധിക്കും.
Content Highlights: BrahMos-2 is a joint Indo-Russian next-generation hypersonic cruise missile., It features a top speed of Mach 8 (8 times the speed of sound) and uses a scramjet engine., The missile range is expected to be between 600 km and 1500 km., It will be deployed across the Army, Navy, and Air Force with significantly lighter weight than its predecessor.