ഓടിച്ചാടാന്‍ ലോകം, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Photo: twitter.com/NBCOlympics
Photo: twitter.com/NBCOlympics

യൂജീന്‍: രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന, അത്‌ലറ്റിക്‌സിലെ ലോക പോരാട്ടത്തിനായി താരങ്ങള്‍ മൂന്നുവര്‍ഷം കാത്തിരിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അവര്‍ ട്രാക്കിലേക്ക്. 18-ാം ലോക അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം രാത്രി 9.35 ന് മത്സരങ്ങള്‍ ആരംഭിക്കും. 

അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം ഒരു വര്‍ഷം നീട്ടിവെയ്‌ക്കേണ്ടിവന്നു. പുരുഷന്മാരുടെ ഹാമര്‍ത്രോയാണ് ആദ്യ മത്സരയിനം. ഇന്ത്യന്‍ സമയം പുലര്‍ച്ചേ 1.40 ന് വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. ഈ ഇനത്തില്‍ പ്രിയങ്ക ഗോസ്വാമിയാണ് മത്സരിക്കുന്നത്. 

മലയാളി താരം എം ശ്രീശങ്കറിന് ആദ്യദിനം മത്സരമുണ്ട്. ലോങ്ജമ്പ് പുരുഷവിഭാഗം യോഗ്യതാ റൗണ്ടില്‍ ശ്രീശങ്കര്‍ മാറ്റുരയ്ക്കും. ജൂലായ് 17 ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.30 നാണ് മത്സരം.

പുരുഷന്മാരുടെയും വനിതകളുടെയും 20 കിലോമീറ്റര്‍ നടത്തത്തിലും മിക്‌സഡ് 4*400 റിലേയിലും ആദ്യദിനം ഫൈനല്‍ മത്സരമുണ്ട്. 

പുരുഷന്മാരുടെ ഹൈജമ്പ്, ഹാമര്‍ത്രോ, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, ഷോട്ട്പുട്ട്, വനിതകളുടെ ഹാമര്‍ത്രോ, ഷോട്ട്പുട്ട്, പോള്‍വാള്‍ട്ട്, 1500 മീറ്റര്‍ തുടങ്ങിയ ഇനങ്ങളില്‍ ആദ്യദിനം യോഗ്യതാമത്സരങ്ങള്‍ നടക്കും. 

പുരുഷന്മാരുടെ 100 മീറ്ററിലെ യോഗ്യതാമത്സരമാണ് ആദ്യ ദിനത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിലെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും.

Content Highlights: world athletics championships 2022, world athletic meet, athletics championship, india in athletics