വേൾഡ് യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പ്: വസുദേവ് അരവിന്ദിന് ഇരട്ട വെങ്കല മെഡൽ, റെക്കോഡ്

#സ്പോർട്സ് ഡെസ്ക്

കൊയിലാണ്ടി: ഗ്രീസിലെ ഏതൻസിൽ നടന്ന വേൾഡ് യൂത്ത് മൂവത്തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച കൊയിലാണ്ടി സ്വദേശി വസുദേവ് അരവിന്ദിന് ഇരട്ട വെങ്കല മെഡൽ നേട്ടം. അണ്ടർ 12 വിഭാഗത്തിൽ മൈനസ് 30 കിലോഗ്രാം കാറ്റഗറിയിലാണ് വസുദേവ് രണ്ട് വെങ്കല മെഡലുകൾ കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി യൂറോപ്യൻ രാജ്യത്ത് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ നേടുന്ന താരമെന്ന അപൂർവ നേട്ടവും വസുദേവ് സ്വന്തമാക്കി.

ഇതോടെ തുടർച്ചയായി മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ഇന്ത്യയിലെ ഏക കായികതാരമെന്ന ചരിത്രനേട്ടവും വസുദേവ് അരവിന്ദിന് സ്വന്തമായി. മൂന്നര വയസ്സുമുതൽ കൊയിലാണ്ടി ടൊർണാഡോ ഫൈറ്റ് ക്ലബ്ബിൽ മൂവത്തായ് പരിശീലനം ആരംഭിച്ച വസുദേവ് കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയുമാണ് അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടം കൈവരിക്കുന്നത്.

അധ്യാപകനായ അരവിന്ദ് എസ്., അധ്യാപികയായ അഖില ചന്ദ്രൻ എന്നിവരാണ് വസുദേവിന്റെ മാതാപിതാക്കൾ. 

Content Highlights: Vasudev Aravind won double bronze medals