യുഎസ് ഓപ്പണ്‍; കൊക്കോ ഗാഫിന് കന്നി ഫൈനല്‍

ന്യൂയോര്‍ക്ക്: ആദ്യമായി യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന് അമേരിക്കന്‍ താരം കൊക്കോ ഗാഫ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ 6-4, 7-5 എന്ന സ്‌കോറിന് കീഴടക്കിയാണ് ഹാഫിന്റെ ഫൈനല്‍ പ്രവേശനം. സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ അമേരിക്കന്‍ കൗമാരതാരമെന്ന റെക്കോഡും 19-കാരി സ്വന്തമാക്കി.
അതേസമയം മത്സരത്തിനിടെ വിവാദ നിമിഷത്തിനും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാലാവസ്ഥാ വ്യതിയാന പ്രതിഷേധക്കാര്‍ സെമി ഫൈനല്‍ മത്സരം തടസപ്പെടുത്തി. കോര്‍ട്ടിലേക്ക് ഇറങ്ങാനും ഇക്കൂട്ടര്‍ ശ്രമം നടത്തി. ഇതോടെ മത്സരം നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്ന് പ്രതിഷേധക്കാരെ ഗാലറിയില്‍ നിന്ന് മാറ്റിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
Content Highlights: US Open 2023 Coco Gauff reaches first singles final after beating Karolina Muchova