ആദ്യ റൗണ്ടില്‍ അടിതെറ്റി പ്രമുഖ താരങ്ങള്‍; യു.എസ്. ഓപ്പണില്‍നിന്ന് നവോമി ഒസാക്കയും പുറത്ത്

Photo: AP
Photo: AP

ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ്. ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ തിരിച്ചടികള്‍ നേരിടുന്നത് പതിവാകുന്നു. രണ്ട് തവണ ജേതാവായ ജപ്പാന്റെ നവോമി ഒസാക്കയും യു.എസ്. ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കയുടെ ഡാനിയെല്ലെ കോളിന്‍സാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6, 6-3) ഒസാക്കയെ പരാജയപ്പെടുത്തിയത്.

കരിയറില്‍ ഇതുവരെ നാലു തവണ ഏറ്റുമുട്ടിയതില്‍ ഒസാക്കയ്‌ക്കെതിരായ കോളിന്‍സിന്റെ ആദ്യ ജയമാണിത്. നേരത്തെ ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണിലും ഒസാക്ക ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇതോടെ റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ വനിതാ സിംഗിള്‍സിലെ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ എമ്മ റാഡുകാനുവും പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

Content Highlights: US Open 2022 Naomi Osaka knocked out after first round defeat