യുഎസ് ഓപ്പണ്‍; നിലവിലെ ചാമ്പ്യന്‍ എമ്മ റാഡുകാനുവിനെ അട്ടിമറിച്ച് അലീസെ കോര്‍നെ

Photo: AFP
Photo: AFP

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ എമ്മ റാഡുകാനു ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്ത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഫ്രഞ്ച് താരം അലീസെ കോര്‍നെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (3-6, 3-6) 19-കാരിയെ പരാജയപ്പെടുത്തിയത്.

പ്രധാന ടൂര്‍ണമെന്റുകളില്‍ പ്രമുഖ താരങ്ങളുടെ വഴിമുടക്കുന്നത് പതിവാക്കിയ 32-കാരിയായ അലീസെയാണ് ഇക്കഴിഞ്ഞ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ഇഗ സ്വിയാറ്റക്കിനെ പരാജയപ്പെടുത്തി താരത്തിന്റെ 37 തുടര്‍ജയങ്ങളെന്ന നേട്ടം അവസാനിപ്പിച്ചത്.

തോല്‍വിയോടെ 2017-ല്‍ ആഞ്ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ.

Content Highlights: us open 2022 Alize Cornet knocks out defending champion Emma Raducanu