ഫെഡററും നദാലും, പിന്നെ ലിയാന്‍ഡര്‍ പേസും വിജയ് അമൃത് രാജും; ഉള്ളുലയ്ക്കുന്ന നന്ദി ചൊല്ലലുകള്‍...

ലിയാന്‍ഡര്‍ പേസും വിജയ് അമൃത്‌രാജും | Photo: Getty Images
ലിയാന്‍ഡര്‍ പേസും വിജയ് അമൃത്‌രാജും | Photo: Getty Images

ഒരു കായിക പ്രേമിയെന്ന നിലയില്‍ മനസിനെ പിടിച്ചുലയ്ക്കുകയും അതുപോലെ തന്നെ നെഞ്ചേറ്റി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു ചിത്രമുണ്ട്. റോജര്‍ ഫെഡററുടെ വിടവാങ്ങല്‍ സമയത്ത് ഫെഡററും നദാലുമൊന്നിച്ചുള്ള ഒരു ചിത്രം. രണ്ടു പേരും ഹൃദയംനുറുങ്ങി കരയുകയാണ്. അതു കാണുമ്പോള്‍ സങ്കടവും സന്തോഷവുമെല്ലാം ഒരു പോലെ വരും.

അതുപോലെയോ അതിനേക്കാളേറെയോ മനസും കണ്ണും നിറയിച്ച കുറച്ചു നിമിഷങ്ങള്‍ ടെന്നീസ് ലോകത്തു നിന്നും അടുത്തിടെ കണ്ടു. അമേരിക്കയിലെ ന്യൂപോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഹാള്‍ ഓഫ് ഫെയിം ബഹുമതിദാന (ടെന്നീസിലെ ഏറ്റവും വലിയ ബഹുമതി) ചടങ്ങിലെ രണ്ടു മൂന്ന് ചെറിയ വീഡിയോകള്‍ കണ്ടപ്പോഴാണ് സന്തോഷവും അഭിമാനവും ഒക്കെ ഒരുമിച്ചു വന്ന് കണ്ണ് നിറഞ്ഞൊഴുകിയത്. ഇന്ത്യയുടെ അഭിമാന താരങ്ങളായ ലിയാന്‍ഡര്‍ പേസും വിജയ് അമൃത് രാജും ഹാള്‍ ഓഫ് ഫെയിം സ്വീകരിച്ച ശേഷം നടത്തുന്ന പ്രസംഗങ്ങളുടെ വീഡിയോകളായിരുന്നു അത്.

ഇക്കൊല്ലത്തെ ഹാള്‍ ഓഫ് ഫെയിം കായികലോകത്തിന്റെ നെറുകയിലാണ് ഇന്ത്യയെ എത്തിച്ചത്.  കളിക്കാരുടെ വിഭാഗത്തില്‍ ലിയാന്‍ഡര്‍ ബഹുമതിക്ക് അര്‍ഹനായപ്പോള്‍ ടെന്നീസിന് നല്‍കിയ സംഭാവനകള്‍ വിലയിരുത്തിയാണ് വിജയിന് ബഹുമതി നല്‍കിയത്. ഹാള്‍ ഓഫ് ഫെയിം ബഹുമതിക്കര്‍ഹരാകുന്ന ആദ്യത്തെ ഏഷ്യാക്കാരെന്ന നേട്ടമാണ് വിജയും ലിയാന്‍ഡറും സ്വന്തമാക്കിയത്.  ബ്രിട്ടീഷ് കായിക മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ റിച്ചാര്‍ഡ് എവാന്‍സാണ് ബഹുമതി ലഭിച്ച മൂന്നാമത്തേയാള്‍. ഇവര്‍ മൂവരും കരിയറില്‍ പരസ്പരം ബന്ധപ്പെട്ടിരുക്കുന്നതെന്നതും കൗതുകമുണര്‍ത്തുന്നതാണ്.

ചടങ്ങില്‍ വിജയ്ക്കും ഇവാന്‍സിനും ലിയാന്‍ഡര്‍ പറയുന്ന നന്ദിവാക്കുകള്‍ കേട്ടപ്പോഴാണ് കണ്ണും മനസും ആദ്യം നിറഞ്ഞത്. ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് വന്ന ആ വാക്കുകള്‍ ചടങ്ങിനെത്തിയവരുടെ ഉള്ളിലും തട്ടുന്നുണ്ട്. '1986 മേയ് മാസം 12-ാം തീയതി അന്നത്തെ മദ്രാസില്‍ ബ്രിട്ടാനിയ - അമൃത് രാജ് ടെന്നീസ് അക്കാദമിയില്‍ ടെന്നീസ് പരിശീലനത്തിനായി എത്തിയതാണ് പതിനൊന്നു വയസുകാരനായ ലിയാന്‍ഡര്‍. ഒളിമ്പിക് ഹോക്കിയില്‍ മെഡല്‍ നേടിയ ഡോ. വെസ് പേസിന്റെ മകന്‍ ഫുട്ബോളിനോടുള്ള ഇഷ്ടം ഉപേക്ഷിച്ചാണ് ടെന്നീസ് പഠിക്കാന്‍ ചെന്നൈയിലെത്തുന്നത്. ആ മേയ് 12-ാം തീയതി റിച്ചാര്‍ഡ് എവാന്‍സ് അമൃത് രാജ് അക്കാദമിയിലുണ്ട്. വിജയിനെക്കുറിച്ചുള്ള പുസ്തകം എഴുതാന്‍. എവാന്‍സിനെ പരിചയപ്പെടുന്ന ലിയാന്‍ഡറോട് അദ്ദേഹം ചോദിക്കുന്നു, 'നിനക്ക് ആരാകാനാണ് ആഗ്രഹം'?  ' സര്‍ ,   അച്ഛനെപ്പോലെ ഒരു ഒളിമ്പിക് മെഡല്‍ നേടുകയാണ് എന്റെ ആഗ്രഹം. ആ ലക്ഷ്യത്തിനായാണ് ഫുട്ബോളിനോടുള്ള ഇഷ്ടം ഉപേക്ഷിച്ച് ടെന്നീസ് പഠിക്കാന്‍ ഞാന്‍ ഇവിടെ എത്തിയത് .' കഠിനമായി പരിശ്രമിച്ചാല്‍ നിനക്ക് ഒളിമ്പിക് മെഡല്‍ മാത്രമല്ല ഹാള്‍ ഓഫ് ഫെയിം വരെ ലഭിക്കും എന്നായിരുന്നു കൊച്ചു ലിയാന്‍ഡറോടുള്ള എവാന്‍സിന്റെ മറുപടി. ഗ്രാന്‍ഡ്സ്ലാം കിരീടം എന്താണെന്നു പോലും അറിയാതിരുന്ന ആ പ്രായത്തില്‍ വലിയൊരു സ്വപ്നം കാണാന്‍ ഒരു ഇന്ത്യക്കാരന്‍ ബാലനെ  പ്രേരിപ്പിച്ചതിന് ലിയാന്‍ഡര്‍ നന്ദി പറയുകയാണ്.

ടെന്നീസില്‍ താന്‍ ഇത്രയും ഉയരങ്ങളിലെത്താന്‍ കാരണം അമൃത് രാജ് അക്കാദമിയും വിജയും അവിടുത്തെ പരിശീലവുമാണെന്ന് ലിയാന്‍ഡര്‍ പറയുന്നു. വിജയിന്റെ മരിച്ചു പോയ മാതാപിതാക്കള്‍ക്ക് ലിയാന്‍ഡര്‍ നന്ദി പറയുമ്പോള്‍ നെഞ്ചില്‍ കൈവച്ച് വികാര വിക്ഷോഭമടക്കുന്ന വിജയിനെ കാണാം. വിജയിന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു തന്റെ ആദ്യ കുര്‍ബ്ബാന സ്വീകരണമെന്നും (ഫസ്റ്റ് ഹോളി കമ്മ്യൂണിയന്‍) ലിയാന്‍ഡര്‍ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്. ചടങ്ങിനെത്തിയ വിജയിന്റെ കുടുംബത്തോടും തന്റെ ജീവിതത്തെ സ്പര്‍ശിച്ച ഓരോരുത്തര്‍ക്കും ഓരോ ഇന്ത്യക്കാര്‍ക്കും ലിയാന്‍ഡര്‍ നന്ദി അറിയിക്കുന്നുണ്ട്.

ഹാള്‍ ഓഫ് ഫെയിം ബഹുമതി തനിക്കും കുടുംബത്തിനും മാത്രമുള്ളതല്ല എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യക്കുമുള്ളതാണെന്ന് വിനയാന്വിതനായി വിജയ്  പറയുന്നു. മക്കളായ പ്രകാശിനും വിക്രത്തിനും ഭാര്യ ശ്യാമളയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറയുമ്പോള്‍ സദസില്‍ സന്തോഷക്കണ്ണീര്‍  തുടയ്ക്കുന്ന ശ്യമളയെ കാണാം. ആരോഗ്യ പ്രശ്നങ്ങളുള്ള ഒരു കുട്ടിയ്ക്ക് അസാധ്യമായത് സാധ്യമാക്കാന്‍ താങ്ങായ് നിന്ന മാതാപിതാക്കള്‍ക്ക് വിജയ് നന്ദി പറയുന്നു. സ്വര്‍ഗത്തിലിരുന്ന അവര്‍ ഈ നിമിഷങ്ങള്‍ കാണുന്നുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. സഹോദരനും ഡബിള്‍സ് പങ്കാളിയുമായിരുന്ന ആനന്ദ് അമൃത് രാജിനും തുടക്കം കാലം മുതല്‍ തന്നെ പരിശീലപ്പിച്ച കോച്ചുമാര്‍ക്കുമെല്ലാം നന്ദിയര്‍
പ്പിച്ചുകൊണ്ടാണ് വിജയ് തുടരുന്നത്. തന്നെക്കുറിച്ചുള്ള ഏക പുസ്തകമെഴുതി ഇവാന്‍സിനും വിജയിന്റെ  സ്നേഹസ്പര്‍ശമുണ്ട്. മര്‍ട്ടീന നവരത്ലോവയും ക്രിസ് എവര്‍ട്ടും ആന്ദ്രേ അഗാസിയും ക്ലിം ക്ലൈസ്റ്റേഴ്സും അടക്കമുള്ള വേദിയിലെ മഹാ പ്രതിഭകള്‍ക്കും നന്ദി അര്‍പ്പിച്ച്, ദൈവം  നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെയെന്നു പറഞ്ഞ് വിജയ് അവസാനിപ്പിക്കുമ്പോള്‍ നിറയാത്ത കണ്ണും നിറഞ്ഞു പോകും...വികാരങ്ങളുട വേലിയേറ്റത്താല്‍.

ഫെഡറര്‍ - നദാല്‍ ചിത്രത്തിനുശേഷം കായിക മേഖലയില്‍ നിന്ന് അത്തരമൊരു ഉള്ളുലയ്ക്കുന്ന നിമിഷങ്ങളായി ലിയാന്‍ഡറുടെയും വിജയിന്റെയും നന്ദി പ്രസംഗങ്ങള്‍. ഒരു കാലത്ത് റാക്കറ്റുകൊണ്ട് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയവര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായി ലോക കായികവേദിയില്‍ നിറഞ്ഞു നിന്ന നിമിഷങ്ങള്‍. ഇത്തരം നന്ദി പ്രകടനങ്ങളൊക്കെ സ്വാഭാവികമാണെന്നു നമ്മള്‍ക്കു വേണമെങ്കില്‍ വാദിക്കാം. അത് പലപ്പോഴും ശരിയാണു താനും. ആത്യന്തികമായി ഇത്തരം നിമിഷങ്ങള്‍കൂടിയാണല്ലോ നമ്മുടെയൊക്കെ കൊച്ചു ജീവിതങ്ങള്‍ക്ക് മുന്നോട്ടു പോകാനുള്ള  ഊര്‍ജ്ജം നല്‍കുന്നത്.

Content Highlights: historic induction of tennis icons Leander Paes and Vijay Amritraj into the Tennis Hall of Fame