പോള്‍വാള്‍ട്ടില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് ലോകറെക്കോഡ്; ലോകറെക്കോഡ് തിരുത്തുന്നത് അഞ്ചാംതവണ

യൂജിന്‍ (അമേരിക്ക): പോള്‍വാള്‍ട്ടില്‍ ലോകം ഇതുവരെ കാണാത്ത ഉയരത്തിലേറി അര്‍മാന്‍ഡ് ഗുസ്താവ് ഡുപ്ലാന്റിസ് ലോകറെക്കോഡോടെ സ്വര്‍ണം കുറിച്ചു. ഡുപ്ലാന്റിസിന്റെ വിസ്മയപ്രകടനത്തോടെ 18-ാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പരിസമാപ്തിയായി.
തിങ്കളാഴ്ച പുലര്‍ച്ചെനടന്ന പുരുഷന്മാരുടെ പോള്‍വാള്‍ട്ട് ഫൈനലില്‍ 6.21 മീറ്റര്‍ ഉയരത്തിലേക്ക് കുതിച്ചാണ് സ്വീഡിഷ് താരം പുതിയ ലോകറെക്കോഡിട്ടത്. സ്വന്തം പേരിലുണ്ടായിരുന്ന 6.20 മീറ്റര്‍ എന്ന റെക്കോഡ് ആണ് മറികടന്നത്. 22-കാരന്‍ ഈയിനത്തില്‍ ലോകറെക്കോഡ് തിരുത്തുന്നത് അഞ്ചാംതവണ. അമേരിക്കയില്‍ ജനിച്ച ഡുപ്ലാന്റിസ് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം സ്വീഡനിലേക്ക് കുടിയേറുകയായിരുന്നു.
പത്തുദിവസം നീണ്ട യൂജിന്‍ ലോക അത്ലറ്റിക്സിലെ അവസാന ഇനമായിരുന്നു പുരുഷന്മാരുടെ പോള്‍വാള്‍ട്ട്. 5.70 മീറ്ററിലാണ് ഡുപ്ലാന്റിസ് ചാടിത്തുടങ്ങിയത്. തുടര്‍ന്ന് 5.87, 5.94, 6.00, 6.06 മീറ്ററുകള്‍ കടന്നു. 6.21 മീറ്റര്‍ ആദ്യശ്രമത്തില്‍ കടക്കാനായില്ല. രണ്ടാം ശ്രമത്തില്‍ ആ ലക്ഷ്യവും മറികടന്ന് ഈ ലോക അത്ലറ്റിക് മീറ്റിലെ ഏറ്റവും തിളക്കമേറിയ സ്വര്‍ണം കുറിച്ചു.
അമേരിക്കയുടെ ക്രിസ്റ്റഫര്‍ നില്‍സന്‍ (5.94 മീ.) വെള്ളിയും ഫിലിപ്പീന്‍സിന്റെ ഏണസ്റ്റ് ജോണ്‍ ഒബീന (5.94 മീ.) വെങ്കലവും നേടി.
സെമിയില്‍ റെക്കോഡിട്ട് അമുസന്‍
യൂജിന്‍: വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലെ സെമിഫൈനലില്‍ നൈജീരിയയുടെ ടോബി അമുസന്‍ ലോകറെക്കോഡ് കുറിച്ചു. സെമിയിലെ ആദ്യ ഹീറ്റ്‌സില്‍ ഓടിയ അമുസന്‍ 12.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതോടെ പുതിയ റെക്കോഡിന് ഉടമയായി. ഫൈനലില്‍ 12.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണവും നേടി. എന്നാല്‍, ഈ സമയത്ത് കാറ്റിന്റെ ശക്തി കൂടുതലായതിനാല്‍ റെക്കോഡായി പരിഗണിക്കില്ല. ജമൈക്കയുടെ ബ്രിട്ട്നി ആന്‍ഡേഴ്സന്‍ (12.23 സെ.) വെള്ളിയും നേടി.
വനിതകളുടെ ലോങ്ജമ്പില്‍ ജര്‍മനിയുടെ മലൈക മിഹാമ്പോ (7.12 മീ.) സ്വര്‍ണവും നൈജീരിയയുടെ ഈസ് ബ്രൂം (7.02 മീ.) വെള്ളിയും ബ്രസീലിന്റെ ഓറോ മെലോ (6.89 മീ.) വെങ്കലവും നേടി.
പുരുഷന്മാരുടെ 5000 മീറ്ററില്‍ നോര്‍വേയുടെ ജേക്കബ് ഇങ്കബ്രിസ്റ്റണ്‍ (13 മിനിറ്റ് 09.24 സെ.) സ്വര്‍ണവും കെനിയയുടെ ജേക്കബ് ക്രോപ്പ് (13:09.98 സെ.) വെള്ളിയും യുഗാണ്‍ഡയുടെ ഓസ്‌കര്‍ കെലിമോ (13:20.20 സെ.) വെങ്കലവും നേടി.
വനിതകളുടെ 800 മീറ്ററില്‍ അമേരിക്കയുടെ അതിങ് മു (ഒരു മിനിറ്റ് 56.30 സെ.) സ്വര്‍ണവും ബ്രിട്ടന്റെ കീലി ഹോഡ്കിങ്സണ്‍ (1:56.38 സെ.) വെള്ളിയും കെനിയയുടെ മേരി മോറ (1:56.71 സെ.) വെങ്കലവും നേടി.
പുരുഷന്മാരുടെ 4x400 മീറ്റര്‍ റിലേയില്‍ അമേരിക്ക (രണ്ടുമിനിറ്റ് 56.17 സെ.) സ്വര്‍ണവും ജമൈക്ക (2:58.58 മീ.) വെള്ളിയും ബെല്‍ജിയം (2:58.72 സെ.) വെങ്കലവും നേടി.
വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ അമേരിക്ക (മൂന്നുമിനിറ്റ് 17.79 സെ.) സ്വര്‍ണവും ജമൈക്ക (3:20.74 സെ.) വെള്ളിയും ബ്രിട്ടണ്‍ (3:22.64 സെ.) വെങ്കലവും നേടി.
പുരുഷന്മാരുടെ 35 കിലോമീറ്റര്‍ നടത്തത്തില്‍ ഇറ്റലിയുടെ മാസ്സിമോ സ്റ്റാനോ (രണ്ടു മണിക്കൂര്‍ 23:14 മീ.) ചാമ്പ്യന്‍ഷിപ്പ് റെക്കോഡോടെ സ്വര്‍ണം നേടി.
Content Highlights: Sweden s Armand Duplantis Claims World Pole Vault Title With New World Record