സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ്; കാനഡയെ തകര്‍ത്ത് (14-3) ഇന്ത്യ ഫൈനലില്‍

#സ്പോർട്സ് ഡെസ്ക്
ഇന്ത്യ-കാനഡ മത്സരത്തിനിടെ | X.com/@TheHockeyIndia
ഇന്ത്യ-കാനഡ മത്സരത്തിനിടെ | X.com/@TheHockeyIndia

ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. റൗണ്ട് റോബിന്‍ മത്സരത്തില്‍ കാനഡയെ തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. 14-3 എന്ന സ്‌കോറിനാണ് ജയം. ജയത്തോടെ പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനമുറപ്പിച്ചതോടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലില്‍ ബെല്‍ജിയമാണ് എതിരാളികള്‍.

ഇന്ത്യയുടെ പ്രതിരോധതാരം ജുഗ്​രാജ് സിങ് നാലുഗോളുകളുമായി തിളങ്ങി. മൂന്ന് ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ഒരു ഗോള്‍ പെനാല്‍റ്റിയിലൂടെയുമാണ് ജുഗ്​രാജ് സ്വന്തമാക്കിയത്. അഭിഷേക്, അമിത് രോഹിദാസ്, രജിന്ദര്‍ സിങ് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. സെല്‍വം കാര്‍ത്തി, നിളാകാന്ത ശര്‍മ, സഞ്ജയ്, ദില്‍പ്രീത് സിങ് എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു.

ജയത്തോടെ റൗണ്ടിലെ മറ്റു മത്സരഫലങ്ങള്‍ അപ്രസക്തമായി. പോയന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യ പുറത്താവില്ല. അതോടെയാണ് ഫൈനല്‍ ഉറപ്പിച്ചത്. ഞായറാഴ്ച ബെല്‍ജിയവുമായാണ് ഇന്ത്യയുടെ ഫൈനല്‍ മത്സരം. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഇന്ത്യ നേരിട്ട  ഏക തോല്‍വി ബെല്‍ജിയത്തോടായിരുന്നു.

Content Highlights: ultan Azlan Shah Cup 2025: India thrashes Canada 14-3 to secure spot in final