സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ്; കിരീടം നിലനിര്‍ത്തി പാലക്കാട്

തേഞ്ഞിപ്പലം: രാവിലെ ഡിസംബറിലെ കടുത്ത തണുപ്പ്, ഉച്ചയ്ക്ക് കൊടുംവെയില്‍ ചൂടും. പക്ഷേ, ഒന്നാംദിനംമുതല്‍ തുടങ്ങിയ പാലക്കാടന്‍ കുതിപ്പിന് തടയിടാന്‍ ആര്‍ക്കുമായില്ല. പോയന്റ്നിലയില്‍ ബഹുദൂരം മുന്നിട്ടുനിന്ന് പാലക്കാട് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്മീറ്റിലെ വിജയകിരീടം നിലനിര്‍ത്തി. പാലക്കാടിന് ജൂനിയര്‍ താരങ്ങളുടെ ക്രിസ്മസ് സമ്മാനം.
22 സ്വര്‍ണം, 23 വെള്ളി, 22 വെങ്കലം എന്നിവ നേടി 491 പോയന്റോടെയാണ് പാലക്കാട് വീണ്ടും ജേതാക്കളായത്. 30 സ്വര്‍ണവും 17 വെള്ളിയും 12 വെങ്കലവുമായി എറണാകുളം 421.5 പോയന്റോടെ രണ്ടാം സ്ഥാനത്തും കഴിഞ്ഞതവണ രണ്ടാമതായ കോഴിക്കോട് ഇക്കുറി 24 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലവും (375.5 പോയന്റ്) നേടി മൂന്നാമതുമെത്തി.
ആണ്‍കുട്ടികളുടെ അണ്ടര്‍ 20, അണ്ടര്‍ 18, അണ്ടര്‍ 16 വിഭാഗങ്ങളില്‍ പാലക്കാടാണ് മുന്നില്‍. പെണ്‍കുട്ടികളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ എറണാകുളവും അണ്ടര്‍ 18, അണ്ടര്‍ 16, അണ്ടര്‍ 14, ആണ്‍കുട്ടികളുടെ അണ്ടര്‍ 14 എന്നീ വിഭാഗങ്ങളില്‍ കോഴിക്കോടും മുന്നിലെത്തി. അവസാനദിവസം ആറു മീറ്റ് റെക്കോഡുകള്‍ പിറന്നു.
ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ മികച്ച താരങ്ങള്‍
- അണ്ടര്‍ 20 ആണ് - മുഹമ്മദ് ലസാന് (കോഴിക്കോട്) - 110 മീ. ഹര്‍ഡില്‍സ്
- അണ്ടര്‍ 20 പെണ്-ഗൗരി നന്ദ (എറണാകുളം) -400 മീ.
- അണ്ടര്‍ 18 ആണ്-വിശ്വജിത്ത് (പാലക്കാട്) -110 മീ. ഹര്‍ഡില്‍സ്
- അണ്ടര്‍ 18 പെണ്- സാനിയ ട്രീസ ടോമി (കോഴിക്കോട്) -400 മീ.
- അണ്ടര്‍ 16 ആണ്- കെ.സി. സര്‍വന്‍ (കാസര്‍കോട്) -ഡിസ്കസ് ത്രോ
- അണ്ടര്‍ 16 പെണ്- മുബസ്സിന മുഹമ്മദ് (കോഴിക്കോട്) -ലോങ് ജമ്പ്
- അണ്ടര്‍ 14 ആണ്- സച്ചു മാര്ട്ടിന് (ആലപ്പുഴ) -ഷോട്ട് പുട്ട്
- അണ്ടര്‍ 14 പെണ്- മിന്‍സാര പ്രസാദ് (കോഴിക്കോട്) -ലോങ് ജമ്പ്
ഇരട്ടറെക്കോഡ് തിളക്കത്തില്‍ നാലുപേര്‍
തേഞ്ഞിപ്പലം: ഇരട്ടറെക്കോഡ് നേടി നാലു താരങ്ങള്‍. കെ.സി. സെര്വാന് (അണ്ടര്‍-16), മുബസ്സിനാ മുഹമ്മദ് (അണ്ടര്‍-18), അഖിലാ രാജു(അണ്ടര്‍-20), മീരാ ഷിബു (അണ്ടര്‍-20) എന്നിവരാണ് നേട്ടം കൊയ്തത്.
അഖിലാ രാജു ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും റെക്കോഡ് നേടി. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ചെറുവത്തൂര്‍ കെ.സി. ത്രോസ് അക്കാദമി താരവുമാണ്. ഇതേ അക്കാദമിയിലെ കെ.സി. സെര്വാന് ഡിസ്കസിലും ഷോട്ട്പുട്ടിലും റെക്കോഡിട്ടു. കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
മീരാ ഷിബു ട്രിപ്പിള്‍ ജമ്പിലും ഹൈജമ്പിലും റെക്കോഡിട്ടു. തൃശ്ശൂര്‍ ക്രൈസ്റ്റ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയും എറണാകുളം അശ്വ സ്പോര്‍ട്സ് അക്കാദമി താരവുമാണ്.
ലക്ഷദ്വീപുകാരിയായ മുബസ്സിനാ മുഹമ്മദ് ലോങ്ജമ്പിലും ഹെക്സത്തലണിലും റെക്കോഡ് നേടി. പുല്ലൂരാംപാറ സെയ്ന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയും മലബാര്‍ സ്പോര്‍ട്സ് അക്കാദമി താരവുമാണ്.
Content Highlights: State Junior Athletic Meet Palakkad retains title
Content Highlights: