അമ്മയോട് പറയാതെ ജപ്പാനിലേക്ക് വണ്ടി കയറി; മെഡലുമായി രാജ്യത്തിന്റെ അഭിമാനമായി സീമാ കുമാരി

നഗോയ: വനിതകളുടെ 10,000 മീറ്ററിൽ വെങ്കലം നേടിയാണ് സീമാ കുമാരി രാജ്യത്തിന്റെ അഭിമാനമായത്. 32:50.05 സമയം കൊണ്ടാണ് സീമാ കുമാരി ഫിനിഷ് ചെയ്തത്. വനിതകളുടെ 10,000 മീറ്ററിൽ മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് സീമാ കുമാരി. ഏഷ്യൻ ഗെയിംസിൽ വരുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്നും മെഡൽ നേടിയതിൽ സന്തോഷമുണ്ടെന്നും സീമാ കുമാരി പറഞ്ഞു. ഇനി 5000 മീറ്ററാണ് തൻഖെ ലക്ഷ്യമെന്നും അവർ പ്രതികരിച്ചു.
"എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല. എന്റെ അമ്മയ്ക്ക് നല്ല പ്രായമുണ്ട്, ഏകദേശം 78 വയസ്സ്. അമ്മയ്ക്ക് 45 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. ഞാൻ എപ്പോൾ പുറത്തുപോയാലും അമ്മയ്ക്ക് വലിയ ടെൻഷനാണ്. അതുകൊണ്ടാണ് ഞാൻ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പോകുന്നുവെന്ന് അവരോട് പറയാത്തത്."- മെഡൽ നേടിയ ശേഷം സീമ പറഞ്ഞു.
"എന്നാൽ എപ്പോഴെങ്കിലും അവർ ഇത് അറിയുകയാണെങ്കിൽ, ഒരു ദിവസത്തേക്ക് അവർക്ക് ഉറങ്ങാൻ കഴിയില്ല. അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്നമുണ്ട്, അതിനാൽ ഞാൻ പരിശീലന ക്യാമ്പിനോ ടൂർണമെന്റുകൾക്കോ പോകുമ്പോഴെല്ലാം ഞാൻ അതിനെക്കുറിച്ച് അമ്മയോട് അധികം പറയാറില്ല. ഞാൻ എന്റെ സഹോദരിയോട് മാത്രമേ പറയാറുള്ളൂ."
"എനിക്ക് ഒരു മൂത്ത സഹോദരിയുമുണ്ട്. അവൾക്ക് ഏകദേശം 45 വയസ്സ് പ്രായമുണ്ട്. കുടുംബത്തിൽ ഞങ്ങൾ ആറ് അംഗങ്ങളാണുള്ളത്. ഞാൻ ഏറ്റവും ഇളയവളാണ്."-സീമാ കുമാരി പറഞ്ഞു.
"ഇത് എന്റെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണ്. എനിക്ക് വെങ്കല മെഡൽ നേടാൻ കഴിഞ്ഞതിലും എന്റെ സ്വപ്നം സാക്ഷാത്കരിക്കാന‍്‍ സാധിച്ചതിലും ഞാൻ അഭിമാനിക്കുന്നു. സ്വർണ്ണം നേടാൻ ഞാൻ പൊരുതി, പക്ഷേ എനിക്ക് വെങ്കല മെഡൽ ലഭിച്ചു. ഞാൻ സന്തോഷവതിയാണ്, എന്നാൽ എന്റെ അടുത്ത മത്സരം സെപ്റ്റംബർ 28 നാണ്, അത് 5000 മീറ്ററാണ്. എന്റെ മെഡലിന്റെ നിറം മാറ്റാൻ ഞാൻ പരമാവധി ശ്രമിക്കും,"-സീമ പറഞ്ഞു.
Content Highlights: Seema Kumari won bronze in the women's 10,000m event