സഞ്ജു ഇടവേളയെടുക്കണമെന്ന് അശ്വിൻ; താരത്തിന് എന്തുചെയ്യാനാകുമെന്ന് അറിയാമല്ലോയെന്ന് ബാറ്റിങ് കോച്ച്

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസൺ | ഫോട്ടോ - എപി
സഞ്ജു സാംസൺ | ഫോട്ടോ - എപി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം ശനിയാഴ്ചയാണ് നടക്കുന്നത്. മത്സരത്തിൽ സഞ്ജു ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം നിലവിലെ സഞ്ജുവിന്റെ പ്രകടനത്തെ വിമർശിച്ച് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്നുവരുന്നുണ്ടെന്നും ഒരാൾക്ക് മാത്രമായി ടീമിൽ സ്ലോട്ട് ഉണ്ടാക്കി നൽകാനാവില്ലെന്നും മുൻ താരം ആർ. അശ്വിൻ പറഞ്ഞു. .

"നിങ്ങൾ ഒരു നല്ല കളിക്കാരനല്ലെങ്കിൽ, ഇവിടെയെത്താൻ കഴിയില്ല. ധാരാളം ചിന്തകൾ മനസ്സിൽ നിറയുമ്പോൾ, ലൈനും ലെങ്തും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും. സഞ്ജുവിന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്നുപോകുന്നുണ്ടെന്നും അശ്വിൻ പറഞ്ഞു. ഒരു കളിക്കാരന് മാത്രമായി ടീമിൽ ഒരു സ്ഥാനം നൽകാൻ കഴിയില്ല. അപ്പോൾ മറ്റെല്ലാവരും അതിനെ ചുറ്റിപ്പറ്റിയായിരിക്കും മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിനോട് ഇടവേളയെടുക്കാൻ പറയണം. പുറത്തിരുന്ന് കളി നിരീക്ഷിക്കുന്നത് മികച്ച കളിക്കാരനായി മടങ്ങിയെത്താൻ സഹായിക്കും. സഞ്ജു മധ്യനിരയിലേക്ക് മടങ്ങണമെന്ന അഭിപ്രായത്തോടും ഞാൻ യോജിക്കുന്നില്ല. - അശ്വിൻ പറഞ്ഞു.

അതേസമയം സഞ്ജുവിനെ പിന്തുണച്ചുകൊണ്ടാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കൊടക് രംഗത്തെത്തിയത്. സഞ്ജു സഞ്ജു തന്നെയാണ്. ഒരുപക്ഷേ എല്ലാവരും ആഗ്രഹിച്ചത്ര റൺസ് അദ്ദേഹം നേടിയിട്ടുണ്ടാവില്ല. പക്ഷേ അതൊക്കെ കളിയുടെ ഭാഗമാണ്. ചിലപ്പോൾ തുടർച്ചയായി അഞ്ച് ഇന്നിങ്സുകളിൽ നിങ്ങൾ നന്നായി സ്കോർ ചെയ്യും. മറ്റുചിലപ്പോൾ അങ്ങനെയായിരിക്കില്ല. - അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ജോലി അദ്ദേഹത്തെ നല്ല മാനസികാവസ്ഥയിൽ നിലനിർത്തുകയും പരിശീലനവും കഠിനാധ്വാനവും ഉറപ്പാക്കുകയുമാണ്. സഞ്ജുവിന് എന്തുചെയ്യാനാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനാൽ സഞ്ജുവിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല. കാരണം അദ്ദേഹം വളരെ മികച്ചവനാണ്."- സീതാൻഷു പറഞ്ഞു.

Content Highlights: sanju samsons performance ashwin sitanshu response