വിമാന യാത്രയ്ക്കിടെ ജാവലിനുകൾ തകർന്നു; ഏഷ്യൻ ഗെയിംസിനു തൊട്ടുമുമ്പ് രുമേഷ് പതിരഗെയ്ക്ക് കനത്ത തിരിച്ചടി

കൊളംബോ: ഏഷ്യൻ ഗെയിംസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ശ്രീലങ്കയുടെ ജാവലിൻ താരം രുമേഷ് പതിരഗെയ്ക്ക് കനത്ത തിരിച്ചടി. താരത്തിന്റെ മൂന്ന് ജാവലിനുകൾ വിമാന യാത്രയ്ക്കിടെ തകർന്നു. ഹംഗറിയിൽ നടന്ന വേൾഡ് അത്ലറ്റിക്‌സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പിലെ വിജയത്തിന് ശേഷം ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സമീപകാലത്ത് തുടർച്ചയായി 90 മീറ്ററിലധികം ദൂരത്തേക്ക് ജാവലിൻ പായിച്ചിട്ടുള്ളയാളായ രുമേഷ് പതിരഗെ, ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമെന്ന് ഉറച്ച പ്രതീക്ഷയുള്ള താരമാണ്.
ഈ സീസണിൽ 90 മീറ്ററിലധികം ദൂരം എറിയാൻ പതിരഗെ ഉപയോഗിച്ച മൂന്ന് പ്രധാന ജാവലിനുകളാണ് വിമാനയാത്രയിൽ തകർന്നത്. ഹംഗേറിയൻ കമ്പനിയായ 'ജാവെൽ ഇൻ ലിമിറ്റഡ്' നിർമിക്കുന്ന പ്രത്യേക നെമെത് ജാവലിനുകളാണ് 23-കാരനായ പതിരഗെ ഉപയോഗിക്കുന്നത്. ഒരു ലക്ഷം രൂപയിലധികം വിലവരുന്നതാണ് ഓരോ ജാവലിനുകളും. 1976-ലെ മോൺട്രിയൽ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് മിക്ലോസ് നെമെത് 1987-ൽ സ്ഥാപിച്ചതാണ് ഈ കമ്പനി.
2026 സീസണിൽ കോമൺവെൽത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് ഫൈനൽ, വേൾഡ് അത്ലറ്റിക്‌സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പ് എന്നിവ നേടി മികച്ച ഫോമിലുള്ള പതിരഗെ, തകർന്ന ജാവലിനുകളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയും എയർലൈന് പരാതി നൽകുകയും ചെയ്തു.
'90 മീറ്ററിലധികം ദൂരം എറിയാൻ ഞാൻ ഉപയോഗിച്ച മൂന്ന് ജാവലിനുകൾക്കും കേടുപാടുകൾ സംഭവിച്ചു. എയർലൈനിന് പറ്റിയ അബദ്ധമാകാം, എങ്കിലും സംഭവിച്ചത് സംഭവിച്ചു. ഇതൊരു വലിയ പ്രശ്‌നമായി കാണുന്നില്ല. ഞാൻ മുന്നോട്ട് പോകും,' - പതിരഗെ പറഞ്ഞു.
കായികതാരങ്ങൾ ഉപയോഗിക്കുന്ന ജാവലിനുകൾ വളരെ സവിശേഷമായ രീതിയിൽ നിർമിക്കപ്പെട്ടവയാണ്. ഓരോ താരത്തിനും തങ്ങൾക്കിഷ്ടപ്പെട്ട പ്രത്യേക മോഡലുകളോട് പ്രത്യേക താത്പര്യമുണ്ടാകാറുണ്ട്. അതിനാൽ, മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന ജാവലിനുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പരിശീലനത്തെയും പ്രധാന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകളെയും ഒരുപോലെ ബാധിച്ചേക്കാം.
Content Highlights: Sri Lankan javelin thrower Rumesh Pathirage's three main javelins were damaged during a Turkish Airlines flight., The incident occurred just days before the Asian Games, impacting his preparations., The damaged Nemeth javelins are valued at over one lakh rupees each., Pathirage remains positive, sharing the incident on Instagram and filing a complaint with the airline.