റേസിങ് ചാമ്പ്യൻഷിപ്പിനിടെ കാർ കത്തി; ബ്രിട്ടീഷ് ഡ്രൈവറെ രക്ഷപ്പെടുത്തിയത് എതിരാളിയായ താരം

കാറിലെ തീയണക്കാന്‍ ശ്രമിക്കുന്ന ഹര്‍ട്ടോങ്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒലി മില്‍റോയ്
കാറിലെ തീയണക്കാന്‍ ശ്രമിക്കുന്ന ഹര്‍ട്ടോങ്, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒലി മില്‍റോയ്

ബെയ്ജിങ്: റേസിങ് ട്രാക്കിൽ ബ്രിട്ടീഷ് ഡ്രൈവർ ഒലി മിൽറോയിയുടെ എതിരാളിയാണ് ഡച്ച് ഡ്രൈവർ ലോയ്ക് ഹർട്ടോങ്. എന്നാൽ, ജീവിതത്തിൽ രക്ഷകന്റെ റോളാണ്. തിങ്കളാഴ്ച ഷാങ്ഹായ് ഇന്റർനാഷണൽ സർക്യൂട്ടിൽനടന്ന ചൈന ജി.ടി. റേസിങ് ചാമ്പ്യൻഷിപ്പിനിടെ ഒലിയുടെ കാർ ഇടിച്ചുകത്തിയപ്പോൾ രക്ഷപ്പെടുത്തിയത് ഹർട്ടോങ്ങിന്റെ ധീരതയാണ്.

രണ്ട് കാറുകളുമായി കൂട്ടിയിടിച്ചാണ് 36-കാരനായ ഒലിയുടെ ഫെരാരി കാർ കത്തിയത്. തീ അതിവേഗം പടർന്നതോടെയാണ് മത്സരം ഉപേക്ഷിച്ച് ഹാർട്ടോങ് തന്റെ കാറിൽനിന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. കത്തുന്ന കാറിനടുത്തെത്തിയ ഡച്ച് ഡ്രൈവർ ഒലിയെ തിരയുന്നതും അഗ്‌നിശമനഉപകരണം ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. അപ്പോഴേക്കും സ്ഥലത്തെത്തിയ അഗ്‌നിശമനസേനയുമൊത്താണ് ഒലിയെ ഹാർട്ടോങ് പുറത്തെത്തിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഒലി ആശുപത്രിയിലാണ്. വാരിയെല്ലുകൾക്കും കഴുത്തിനും ശ്വാസകോശത്തിനും പരിക്കുണ്ട്.

'കാർ വലിയ തീഗോളമായി മാറുന്നതുകണ്ടപ്പോൾ രക്ഷിക്കാനുള്ള തീരുമാനമെടുക്കാൻ ഒട്ടു സമയം വേണ്ടിവന്നില്ല. കാറിനടുത്തേക്ക് ഒടിയെത്തിയപ്പോൾ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. ഒലിയെ പുറത്തെടുക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലാത്ത നിമിഷങ്ങൾ. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവരും ഇങ്ങനെത്തന്നെയാകും പ്രവർത്തിക്കുകയെന്നാണ് കരുതുന്നത്' -സാമൂഹികമാധ്യമത്തിൽ ഹാർട്ടോങ് സംഭവത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചിട്ടുണ്ട്. ചൈനയിലെ കാർറേസ് ചാമ്പ്യൻഷിപ്പാണ് ചൈന ജി.ടി. അഞ്ച് റേസുകളാണ് ഇതിലുള്ളത്.

Content Highlights: British driver Ollie Millroy's Ferrari caught fire during the China GT Racing Championship at Shanghai International Circuit., Dutch rival Loek Hartog abandoned his race to rescue Millroy from the burning vehicle., Millroy suffered serious injuries to his ribs, neck, and lungs and is currently hospitalized., Hartog's courageous act has been widely appreciated on social media.