'ഒരൊറ്റ സ്വപ്‌നം, 226 കി.മീ'; അയേൺമാൻ വേൾഡ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരിയായി റെനീ നൊറോൻഹ

വേൾഡ് ട്രയാത്തലൺ കോർപറേഷന്റെ അയേൺമാൺ വേൾഡ് ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരിയായി റെനീ നൊറോൻഹ. ഹവായിയിലെ കോനയിൽ നടന്ന മത്സരത്തിൽ 20-കാരിയായ റെനി 226 കിലോമീറ്ററാണ് പൂർത്തിയാക്കിയത്. ഈ സന്തോഷവാർത്ത അവർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
'20-ാം വയസിൽ ഇന്ത്യൻ പതാക അഭിമാനത്തോടെ വഹിച്ച് ഞാൻ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫിനിഷ് ലൈനുകളിൽ ഒന്ന് കടന്നു! പ്രക്ഷുബ്ധമായ ജലാശയങ്ങൾ, ശക്തമായ കാറ്റ്, പൊള്ളുന്ന ചൂട് എന്നിവ പിന്നിട്ട് 226 കിലോമീറ്റർ', റെനി ഇൻസ്റ്റാഗ്രാമിൽ എഴുതി.
മുംബൈയിൽ റെനി തുടക്കത്തിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റായിരുന്നു. പിന്നീട് നീന്തലും സൈക്ലിങും പരിശീലിക്കുകയായിരുന്നു. 2024-ൽ 18-ാം വയസ്സിൽ, റെനി അയേൺമാൻ ന്യൂസിലാൻഡ് റേസ് പൂർത്തിയാക്കി. മുഴുവൻ ദൂര മത്സരവും പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയായി മാറി. ഈ വെല്ലുവിളിയിൽ 3.8 കിലോമീറ്റർ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ മാരത്തൺ എന്നിവ ഉൾപ്പെട്ടിരുന്നു. 2025-ൽ ജർമനിയിൽ അയേൺമാൻ ഹാംബർഗ് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 14 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി.
ദീർഘദൂര ട്രയാത്ത്‌ലൺ മത്സരമായ അയേൺമാൻ വേൾഡ് ചാമ്പ്യൻഷിപ്പിൽ നീന്തലും സൈക്ലിങ്ങും മാരത്തണും ഉൾപ്പെടുന്നു. കെയ്‌ലുവ ഉൾക്കടലിൽ നീന്തുക, ക്വീൻ കാഹുമാനു ഹൈവേയുടെ പരുക്കൻ അഗ്‌നിപർവ്വത ഭൂപ്രകൃതിയിലൂടെ സൈക്കിൾ ചവിട്ടുക, ഹവായ് ദ്വീപിലെ അലി'ഐ ഡ്രൈവിലൂടെയുള്ള മാരത്തൺ എന്നിവയാണ് അയേൺമാൻ വേൾഡ് ചാമ്പ്യൻഷിപ്പിലുള്ളത്.
Content Highlights: 20-year-old Renee Noronha is the youngest Indian to complete the Ironman World Championship in Kona, Hawaii., The grueling race involved a 226 km course featuring swimming, biking, and running., Noronha transitioned from artistic gymnastics in Mumbai to endurance racing., She previously completed Ironman New Zealand in 2024 and Ironman Hamburg in 2025., She balances her elite athletic career with a BS in Data Science from IIT Madras.