കോലിയുടെ ഉപദേശവും അറ്റ്‌ലാന്റയിലെ താമസവും നിർണായകമായി;പി.വി സിന്ധു പ്രതിസന്ധികളെ അതിജീവിച്ചത് ഇങ്ങനെ

ജപ്പാൻ ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം കഴിഞ്ഞ ദിവസം പി.വി സിന്ധു സ്വന്തമാക്കിയിരുന്നു. ഒന്നര വർഷത്തോളം ഫോമിലല്ലാതിരുന്ന സിന്ധുവിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ടൂർണമെന്റ്. ഏഴ് വർഷത്തിനുശേഷം സിന്ധു നേടുന്ന പ്രധാനപ്പെട്ട കിരീടം കൂടിയായിരുന്നു ഇത്. ഈ നേട്ടത്തിന് അടിത്തറയായത് ബെംഗളൂരുവിൽ വിരാട് കോലിയുമായി നടത്തിയ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച്ചയായിരുന്നു.
മോശം ഫോമും പരിക്കുകളും അലട്ടിയിരുന്നപ്പോഴാണ് സിന്ധു ഇന്ത്യൻ താരത്തിന്റെ സഹായം തേടിയത്. കായികമത്സരങ്ങളിലെ സമ്മർദ്ദത്തെ കുറിച്ച് കോലിക്ക് കൃത്യമായി അറിയാമെന്നും അതിനാലാണ് അദ്ദേഹത്തിന്റെ സഹായം തേടിയതെന്നും സിന്ധു പറയുന്നു. താൻ നേരിട്ട പ്രതിസന്ധിയെ കുറിച്ച് കോലിയോട് കാര്യങ്ങൾ പങ്കുവെച്ചപ്പോൾ അദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ കൂടിക്കാഴ്ച്ചക്ക് സമയം അനുവദിച്ചുവെന്നും സിന്ധു പറയുന്നു.
ഭർത്താവ് വെങ്കട ദത്ത സായിക്കൊപ്പമാണ് സിന്ധു കോലിയെ കാണാൻ പോയത്. സെഞ്ചുറിക്കായുള്ള കോലിയുടെ കാത്തിരിപ്പിന്റെ കാലഘട്ടം എങ്ങനെയായിരുന്നുവെന്നാണ് സിന്ധുവിന് അറിയേണ്ടിയിരുന്നത്. ട്രോഫികൾക്ക് പിന്നാലെ ഓടുന്നതിന് പകരം കളി ആസ്വദിക്കാൻ പഠിക്കണമെന്നായിരുന്നു കോലിയുടെ ഉപദേശം. താൻ സെഞ്ചുറിക്കായി കാത്തിരിക്കുന്നത് അവസാനിച്ച് റൺസ് കണ്ടെത്തുന്നതിൽ സന്തോഷം കണ്ടെത്തിയെന്നും കോലി സിന്ധുവിനോട് പറഞ്ഞു.
പരിശീലനരീതികളിലും ഡയറ്റിലും ലൈഫ്‌സ്റ്റൈലിലുമെല്ലാം മാറ്റങ്ങൾ വരുത്തിയാണ് സിന്ധു പിന്നീട് കോർട്ടിലേക്ക് തിരിച്ചെത്തിയത്. ഭർത്താവ് വെങ്കട സായ് ദത്തയുടേയും ഇന്ത്യോനേഷ്യൻ കോച്ച് ഇർവാൻഷ, ഫിറ്റ്‌നസ് ട്രെയ്‌നർ വെയ്ൻ ലോബാർഡ് എന്നിവരൂടെ പൂർണ പിന്തുണയോടെയായിരുന്നു ഈ തിരിച്ചുവരവ്. മൂന്നരക്കിലോ ഭാരവും കുറച്ചു. പ്രോട്ടീനുവേണ്ടി ചിക്കനായിരുന്നു പ്രധാനമായും കഴിച്ചിരുന്നത്. കാൽവിരലിലെ ലിഗ്മെന്റ് പൊട്ടിയതിനാൽ ഡോക്ടർമാർ മൂന്ന് മാസത്തെ വിശ്രമം നിർദേശിച്ചിരുന്നു. ഈ സമയത്ത് സിന്ധു ഭർത്താവിനൊപ്പം അറ്റ്‌ലാന്റയിൽ പോയി. അവിടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നുമില്ലാതെ സാധാരണക്കാരിയായി ജീവിച്ചതും താരത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തി. ഇതെല്ലാം താരത്തിന്റെ തിരിച്ചുവരവിൽ നിർണായകമായി.
Content Highlights: PV Sindhu wins her first major title in two years at the 2026 Japan Open., Virat Kohli's advice on rediscovering the 'joy of the game' was pivotal to her mental recovery., A 13-person support team and sports science analysis helped correct her attacking mindset., Physical recovery included a focused three-month break and weight management., Victory against Akane Yamaguchi marked a successful return to elite form.