ഇനി വോളിക്കാലം; പ്രൈം വോളിബോള്‍ ലീഗിന് ശനിയാഴ്ച തുടക്കം

Photo: twitter.com/PrimeVolley
Photo: twitter.com/PrimeVolley

ന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമും പ്രൈം വോളിബോളില്‍ കളിക്കുന്ന ടീമുകളും ബെംഗളൂരുവില്‍ ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. പ്രൈം വോളിബോള്‍ എത്രത്തോളം 'പ്രൈം' ആണെന്ന് തെളിയിക്കാന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണം വേണ്ട.

ഇന്ത്യന്‍ വോളിബോളിന് പ്രൊഫഷണലിസത്തിന്റെ മുഖം നല്‍കുന്ന പ്രൈം വോളിബോള്‍ ലീഗിന് ശനിയാഴ്ച ബെംഗളൂരുവില്‍ തുടക്കമാകുമ്പോള്‍ കേരളമാണ് ഏറ്റവും കൂടുതല്‍ കൈയടിക്കുന്നത്. ലീഗില്‍ കേരള ടീമുകളായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും പങ്കെടുക്കുന്നു. ആകെ 36 മലയാളി താരങ്ങളും നാല് മലയാളി പരിശീലകരും ലീഗില്‍ കളിക്കുന്നു. ബെംഗളൂരുവിനും ഹൈദരാബാദിനും പുറമേ ഇത്തവണ കൊച്ചിയും ലീഗിന് ആതിഥ്യമരുളും. ലീഗിന്റെ അവസാനഘട്ട മത്സരങ്ങളും സെമിയും ഫൈനലും കൊച്ചിയിലാണ്.

കേരളത്തില്‍നിന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും ഉള്‍പ്പെടെ എട്ട് ടീമുകളാണ് പ്രൈം വോളിയില്‍ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സ്, റണ്ണേഴ്‌സ് അപ്പായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് എന്നിവര്‍ക്കൊപ്പം ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ബെംഗളൂരു ടോര്‍പിഡോസ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോര്‍സ് ടീമുകളും ലീഗിലുണ്ട്.

ഇതില്‍ മുംബൈ ടീം ആദ്യമായാണ് ലീഗില്‍ കളിക്കുന്നത്. ലീഗ് ഘട്ടത്തിലെ 28 അടക്കം ആകെ 31 മത്സരങ്ങളാണ് ലീഗിലുള്ളത്. ശനിയാഴ്ച തുടങ്ങുന്ന ലീഗിലെ ആദ്യ പത്തു മത്സരങ്ങള്‍ ബെംഗളൂരുവില്‍ നടക്കും. ഫെബ്രുവരി 15 മുതല്‍ 21 വരെ ഹൈദരാബാദിലാണ് അടുത്ത 10 കളികള്‍. 24-ന് കൊച്ചിയിലാകും ശേഷിച്ച മത്സരങ്ങള്‍. സെമിഫൈനല്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളിലും ഫൈനല്‍ അഞ്ചിനും കൊച്ചിയില്‍ നടക്കും.

കളി ഇങ്ങനെ

#എട്ട് ടീമുകള്‍ പങ്കെടുക്കുന്ന പ്രൈം വോളി റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഓരോ ടീമും മറ്റ് ഏഴു ടീമുകളുമായി ഓരോ കളിവീതം കളിക്കും. ലീഗില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ സെമിഫൈനലിലേക്ക് യോഗ്യതനേടും.

#15 പോയന്റ് വീതമുള്ള അഞ്ചു സെറ്റുകളിലാണ് മത്സരം. ആദ്യം 15 പോയന്റ് നേടുന്ന ടീം ആ സെറ്റ് സ്വന്തമാക്കും. ഒരു ടീം ആദ്യ മൂന്ന് സെറ്റു നേടിയാലും മത്സരം തീരാതെ അഞ്ച് സെറ്റും കളിക്കണം.

#ഒരു കളി ജയിക്കുന്ന ടീമിന് രണ്ടു പോയന്റ് ലഭിക്കും. എന്നാല്‍, അഞ്ചുസെറ്റും നേടി 5-0 എന്ന സെറ്റ് സ്‌കോറിലാണ് ജയിക്കുന്നതെങ്കില്‍ ബോണസ് അടക്കം മൂന്നുപോയന്റ് കിട്ടും.

#സൂപ്പര്‍ പോയന്റും സൂപ്പര്‍ സെര്‍വും ലീഗിലെ സവിശേഷതയാണ്. ഒരു ടീമിന് ഒരോ സെറ്റിലും ഓരോ തവണ വീതം സൂപ്പര്‍ പോയന്റ് വിളിക്കാം. അത് വിജയിച്ചാല്‍ ഒരു പോയന്റിന് പകരം രണ്ടു പോയന്റ് ലഭിക്കും. പരാജയപ്പെട്ടാല്‍ ഇരട്ടി പോയന്റ് ലഭിക്കുന്നത് എതിരാളിക്കായിരിക്കും. ഓരോ സെറ്റിലും 11 പോയന്റ് എത്തുംമുമ്പ് സൂപ്പര്‍ പോയന്റ് വിളിച്ചിരിക്കണം. ഒരു ടീം ചെയ്യുന്ന സെര്‍വ് എതിര്‍കോര്‍ട്ടില്‍ ഒരു കളിക്കാരന്റെപോലും ദേഹത്ത് സ്പര്‍ശിക്കാതെ ചെന്നുവീണാലാണ് സൂപ്പര്‍ സെര്‍വ് ആകുന്നത്. സൂപ്പര്‍ സെര്‍വ് ചെയ്യുന്ന ടീമിന് ഒരു പോയന്റിന് പകരം രണ്ടു പോയന്റ് കിട്ടും.

#സെമിയും ഫൈനലും ബെസ്റ്റ് ഓഫ് ഫൈവ് എന്ന ക്രമത്തിലാകും. അതായത് ഒരു ടീം മൂന്ന് സെറ്റ് നേടിയാല്‍ അവിടെ കളിതീരും.

കൊച്ചിയും കോഴിക്കോടും

ആത്മവിശ്വാസത്തിന്റെ സ്മാഷുകളുമായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും വിജയത്തിന്റെ നായകരാകാന്‍ കാലിക്കറ്റ് ഹീറോസുമാണ് കേരളത്തിന്റെ പ്രതിനിധികളായി ലീഗില്‍ കളിക്കുന്നത്. പെറുവിന്റെ എഡ്വേര്‍ഡോ റൊമേയും ബ്രസീലിന്റെ വാള്‍ട്ടര്‍ നെറ്റോയുമാണ് ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ വിദേശതാരങ്ങള്‍. രോഹിത് കുമാര്‍, വിപുല്‍ കുമാര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും എറിന്‍ വര്‍ഗീസും ജോര്‍ജ് ആന്റണിയും അടക്കമുള്ള മലയാളി താരങ്ങളും ടീമിലുണ്ട്. അമേരിക്കയുട മാറ്റ് ഹില്ലിങ്ങും ക്യൂബയുടെ ജോസെ സാന്‍ഡോവലുമാണ് കാലിക്കറ്റിന്റെ വിദേശതാരങ്ങള്‍. വിനീത് ജെറോമും മോഹന്‍ ഉക്രപാണ്ഡ്യനും അടക്കമുള്ള ഇന്ത്യന്‍ താരങ്ങളും അബില്‍ കൃഷ്ണനും ഷഫീഖ് റഹ്‌മാനും ഉള്‍പ്പെട്ട മലയാളി താരങ്ങളും കാലിക്കറ്റ് നിരയിലുണ്ട്.

മലയാളികളായ മുന്‍ ഇന്ത്യന്‍ താരം കിഷോര്‍കുമാര്‍ കാലിക്കറ്റിനെയും മുന്‍ കേരള കോച്ച് എസ്.ടി. ഹരിലാല്‍ കൊച്ചി ടീമിനെയും പരിശീലിപ്പിക്കുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫ് ഹൈദരാബാദിന്റെയും മുന്‍ ഇന്ത്യന്‍ കോച്ച് സണ്ണി ജോസഫ് മുംബൈയുടെയും പരിശീലകരാണ്.

Content Highlights: Prime Volleyball League starts on Saturday