സെന്റ് ലൂയിസ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് കിരീടം നേടി പ്രഗ്നാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

മിസോറി: സെന്റ് ലൂയിസ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് കിരീടം ചൂടി ഇന്ത്യയുടെ പ്രഗ്നനാനന്ദ. ടൂർണമെന്റിൽ ഒരു റൗണ്ട് ശേഷിക്കെയാണ് പ്രഗ്നാനന്ദയുടെ നേട്ടം. കരിയറിൽ ആദ്യമായാണ് ഇന്ത്യൻ താരം ഈ കിരീടം നേടുന്നത്. 47 ലക്ഷം രൂപയാണ് സമ്മാനത്തുക. ഉസ്‌ബെകിസ്താന്റെ യാവോഖിർ സിന്ദ്രോവിനെ പിന്നിലാക്കി 23.5 പോയിന്റോടെയാണ് പ്രഗ്നാനന്ദ ഒന്നാമതെത്തിയത്. 22 പോയിന്റാണ് ഉസ്‌ബെക് താരം നേടിയത്.
റാപ്പിഡിലെ വിജയം ബ്ലിറ്റ്‌സിലും ആവർത്തിച്ച 20-കാരൻ ഒരു ഗെയിം മാത്രമാണ് പരാജയപ്പെട്ടത്. ആകെ നേടാവുന്ന 18 പോയിന്റിൽ 11.5 പോയിന്റും ഇന്ത്യൻ താരം നേടി. 20.5 പോയിന്റോടെ അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോയാണ് മൂന്നാമതെത്തിയത്.
ഇതോടെ ഗ്രാന്റ് ചെസ് ടൂറിൽ രണ്ടാം സ്ഥാനത്തെത്താനും പ്രഗ്നാനന്ദയ്ക്ക് കഴിഞ്ഞു. ഈ വർഷം അവസാനം നടക്കുന്ന ഗ്രാന്റ് ചെസ് ടൂർ ഫൈനലിലേക്കുള്ള താരത്തിന്റെ സാധ്യതകളും ഇത് വർദ്ധിപ്പിച്ചു.
കഴിഞ്ഞ ജൂണിൽ നോർവേ ചെസ് കിരീടം നേടി പ്രഗ്നനാന്ദ ചരിത്രമെഴുതിയിരുന്നു. ഫൈനൽ റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്മറെ തോൽപ്പിച്ചായിരുന്നു കിരീടനേട്ടം. ലോക ഒന്നാംനമ്പർ താരം മാഗ്‌നസ് കാൾസൺ, നിലവിലെ ലോക ചാമ്പ്യൻ ഡോമ്മരാജു ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ, വിൻസെന്റ് കീമർ എന്നീ ലോകോത്തരെ താരങ്ങളെ മറികടന്നാണ് പ്രഗ്നാനന്ദ ആദ്യമായി നോർവേ ചെസ് കിരീടം ഇന്ത്യയിലെത്തിച്ചത്. ഇതിന് പിന്നാലെ തമിഴ്‌നാട് സർക്കാർ ഇന്ത്യൻ താരത്തിന് 50 ലക്ഷം രൂപ പാരിതോഷികവും നൽകിയിരുന്നു.
Content Highlights: Praggnanandhaa wins his first St. Louis Rapid & Blitz title., Secured the victory with 23.5 points, one round early., Prize money awarded is ₹47 Lakhs., Strengthened position for the 2026 Grand Chess Tour Finals., Overcame top players including Wesley So and Javokhir Sindarov.