ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി, പിന്നാലെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോക്കോവിച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെ പുരുഷ ടെന്നീസ് വ്യക്തിഗത റാങ്കിങ്ങിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് സെര്‍ബിയന്‍ ഇതിഹാസം നോവാക് ജോക്കോവിച്ച്. 35 കാരനായ ജോക്കോവിച്ച് നാലാം സ്ഥാനത്തുനിന്നാണ് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.
നിലവിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം സ്ഥാനത്തേക്ക് വീണു. പരിക്കുമൂലം താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുത്തിരുന്നില്ല. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്.
ജോക്കോവിച്ചിന്റെ കരിയറിലെ 10-ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്. തോറ്റെങ്കിലും സിറ്റ്‌സിപാസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. കാസ്പര്‍ റൂഡാണ് നാലാമത്. റഷ്യയുടെ ആന്ദ്രെ റുബലേവ് അഞ്ചാം സ്ഥാനത്താണ്.
എന്നാല്‍ സ്പാനിഷ് ഇതിഹാസം നദാലിന് റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. രണ്ടാം റാങ്കിലുണ്ടായിരുന്ന നദാലിന് നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. നിലവില്‍ താരം ആറാം സ്ഥാനത്താണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
Content Highlights: novak djokovic back to number one position in tennis ranking