സ്‌ക്രാച്ച് റേസില്‍ വെള്ളിയുമായി അദ്വൈത്, നാലാം മെഡല്‍ നീന്തിയെടുത്ത് സജന്‍; ഫുട്‌ബോളില്‍ സെമിയില്‍

#ഉത്തരാഖണ്ഡില്‍ നിന്ന് സന്തോഷ് വാസുദേവ്‌
അദ്വൈത് ശങ്കര്‍ പരിശീലകര്‍ക്കൊപ്പം/ സജന്‍ പ്രകാശ്‌ | Photo: Special Arrangement
അദ്വൈത് ശങ്കര്‍ പരിശീലകര്‍ക്കൊപ്പം/ സജന്‍ പ്രകാശ്‌ | Photo: Special Arrangement

ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും മെഡല്‍നേട്ടം. സൈക്ലിങ്ങില്‍ അദ്വൈത് ശങ്കറും പുരുഷന്മാരുടെ നീന്തലില്‍ സജന്‍ പ്രകാശും വെള്ളി നേടി. 15 കിലോമീറ്റര്‍ സ്‌ക്രാച്ച് റേസിലാണ് അദ്വൈത് രണ്ടാമതെത്തിയത്. 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലായിരുന്നു സജന്റെ വെള്ളി. രണ്ടു മിനിറ്റ് 8.17 സെക്കന്റില്‍ മലയാളി താരം മത്സരം പൂര്‍ത്തിയാക്കി. കര്‍ണാടകയുടെ ഷോണ്‍ സുരജിത് ഗാംഗുലി സ്വര്‍ണവും ഗുജറാത്തിന്റെ ആര്യന്‍ നെഹ്‌റ വെങ്കലവും നേടി.

നീന്തലില്‍ ഈ ഗെയിംസില്‍ തന്റെ നാലാം മെഡല്‍ നേട്ടമാണ് സജന്‍ ആഘോഷിച്ചത്. നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണവും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200 മീറ്റര്‍ ഫ്രീസ്റ്റെല്‍ എന്നീ വിഭാഗങ്ങളില്‍ വെങ്കലവും നേടിയിരുന്നു. ഇതോടെ നാല് ഗെയിമുകളില്‍നിന്നായി സജന്റെ ആകെ മെഡല്‍നേട്ടം മുപ്പതായി.

അതേസമയം, പുരുഷന്‍മാരുടെ ഫുട്‌ബോളില്‍ കേരളം സെമി ഫൈനലിലെത്തി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ജേതാക്കളായ സര്‍വീസസിനെ തോല്‍പ്പിച്ചാണ് കേരളം സെമിയിലെത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. ഇതോടെ ഗ്രൂപ്പ് ബിയില്‍ ആറു പോയിന്റുമായി കേരളം രണ്ടാമതെത്തി. ഡല്‍ഹിയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.

ആദ്യ മത്സരത്തില്‍ മണിപ്പൂരിനെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റിരുന്നു. ഇതോടെ സര്‍വീസസിനെതിരായ മത്സരത്തില്‍ കേരളത്തിന് ജയം അനിവാര്യമായി. കേരളത്തിനായി മധ്യനിര താരം ആദില്‍ ഇരട്ട ഗോള്‍ നേടി. ബേബിള്‍ സിവേരിയുടെ വകയായിരുന്നു മൂന്നാം ഗോള്‍.

Content Highlights: national games update