കരിയർതന്നെ നഷ്ടപ്പെടുമായിരുന്ന പരിക്ക്, ഒളിമ്പിക്സ് നഷ്ടം, ഇപ്പോഴിതാ തിരിച്ചുവരവിൽ വെള്ളിത്തിളക്കം

ഗ്ലാസ്ഗോ: കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കർ. എന്നാൽ ഒളിമ്പിക്‌സിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കേ പരിശീലനത്തിനിടെ കാൽമുട്ടിന് സംഭവിച്ച പരിക്ക് ശ്രീശങ്കറിന് തിരിച്ചടിയായി. അതോടെ താരത്തിന് പാരീസ് ഒളിമ്പിക്‌സിൽ നിന്ന് പിൻവാങ്ങേണ്ടിയും വന്നു. ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 8.37 മീറ്റർ ചാടിക്കൊണ്ടാണ് യോഗ്യത ഉറപ്പിച്ച് മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു വിധി ശ്രീശങ്കറിനെ പരീക്ഷിച്ചത്. കരിയർ തന്നെ അവസാനിച്ചു എന്ന ഘട്ടത്തിൽ പക്ഷേ ശ്രീശങ്കർ തിരിച്ചുവന്നു.
ഫ്രഞ്ച് ഡോക്ടർ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തിൽ ദോഹയിൽ ശസ്ത്രക്രിയ. പിന്നാലെ ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിൽ തുടർന്നുള്ള ചികിത്സയും പരിശീലനവും. കഴിഞ്ഞ സീസണിൽ ജമ്പിങ് പിറ്റിലേക്ക് തിരിച്ചെത്തിയ താരം ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ഏപ്രിലിൽ നടന്ന വേൾഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂർ അത്‌ലറ്റിക്‌സിൽ 8.12 മീറ്റർ ചാടി സ്വർണം നേടി മികച്ച തിരിച്ചുവരവും നടത്തി. ഇന്റർ സ്റ്റേറ്റ് മീറ്റിൽ 8.38 മീറ്റർ ദൂരവും കണ്ടെത്തി. ഇപ്പോഴിതാ ഗ്ലാസ്ഗോയിൽ തന്റെ തുടർച്ചയായ രണ്ടാം കോമൺവെൽത്ത് ഗെയിംസ് വെള്ളിയും സ്വന്തമാക്കിയിരിക്കുകയാണ് 27-കാരനായ ശ്രീശങ്കർ.
രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ കരസ്ഥമാക്കിയത്. ആദ്യ ചാട്ടത്തിൽതന്നെ എട്ടുമീറ്റർ പിന്നിട്ട (8.03) ശ്രീശങ്കറിന് മികച്ച തുടക്കമാണ് ലഭിച്ചത് എന്നാൽ രണ്ടാം ചാട്ടത്തിലെ 8.09 മീറ്റർ മെച്ചപ്പെടുത്താൻ ശ്രീശങ്കറിന് കഴിഞ്ഞില്ല. ശ്രീശങ്കറിന്റെ മൂന്നും നാലും ശ്രമങ്ങൾ ഫൗളിൽ കലാശിച്ചു. അഞ്ചാം ശ്രമത്തിൽ 7.94 മീറ്ററും അവസാന ശ്രമത്തിൽ 7.97 മീറ്ററുമാണ് ചാടിയത്.
ഇതിനുമുമ്പ് 2022-ൽ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളി നേടിയിരുന്നു. 8.08 മീറ്റർ ചാടിയായിരുന്നു അന്ന് മെഡൽ നേട്ടം. ഇതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ലോംങ്ജമ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും ശ്രീശങ്കറിന് സ്വന്തമായി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളിയായിരുന്നു.
ജമൈക്കയുടെ മുൻ ലോക ചാമ്പ്യൻ തജയ് ഗെയിൽ 8.15 മീറ്ററിൽ സ്വർണം നേടി. സ്‌കോട്ടലൻഡിന്റെ സ്റ്റീഫൻ മക്കെൻസി (8.08) വെങ്കലം നേടിയപ്പോൾ ഇന്ത്യയുടെ ലോകേഷ് സത്യനാഥൻ (7.97) അഞ്ചാമതായി.
Content Highlights: Murali Sreeshankar secures silver at the 2026 Glasgow Commonwealth Games with an 8.09m jump., First Indian athlete to win two medals in long jump at the Commonwealth Games., Successful recovery from a career-threatening knee injury sustained before the Paris Olympics., Demonstrated consistent performance following gold-winning displays in Pretoria and Inter-State meets.