'അമ്മാ, ഗോൾഡാക്കണമെന്നായിരുന്നു ആഗ്രഹം, അടുത്ത തവണ പിടിക്കാം'

#സ്വന്തം ലേഖകൻ
Photo: PTI
Photo: PTI

കൊച്ചി: കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ തങ്ങൾക്ക് സ്വർണത്തിന് തുല്യമാണെന്ന് മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കറിന്റെ അമ്മയും മുൻ അത്‌ലറ്റുമായ ബിജിമോൾ. ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് ലോങ്ജമ്പിൽ മുരളി ശ്രീശങ്കറിന്റെ വെള്ളി മെഡൽ നേട്ടത്തിനു പിന്നാലെ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയായിരുന്നു അവർ.

സ്വർണം നേടണമെന്നു തന്നെയായിരുന്നു ആഗ്രഹമെന്നും എന്നാൽ ഈ വെള്ളിനേട്ടം സ്വർണത്തിന് തുല്യമാണെന്നും ബിജിമോൾ പറഞ്ഞു. മെഡൽ വെള്ളിയായതിൽ നിരാശയൊന്നുമില്ല. കടുത്ത മത്സരത്തിനൊടുവിലായിരുന്നു ഈ നേട്ടം. ലോകചാമ്പ്യനായ ജമൈക്കയുടെ തജയ് ഗെയിലിനെപ്പോലെയുള്ള പ്രഗത്ഭരായ താരങ്ങളോടായിരുന്നു മത്സരം. ഫൈനലിൽ മത്സരിച്ച 12 പേരിൽ 10 പേരും 8 മീറ്ററിനും 8.25 മീറ്ററിനും ഇടയിൽ ചാടാൻ കെൽപ്പുള്ളവരായിരുന്നു. ഇത്തരം ഒരു മത്സരത്തിൽ, അതും പരിക്കിൽ നിന്നും മുക്തനായി വന്ന് നേടിയ ഈ വെള്ളി മെഡലിനെ സ്വർണത്തിന് തുല്യമായാണ് കണക്കാക്കുന്നതെന്ന് അവർ പറഞ്ഞു.

ഈ സീസണിൽ ശ്രീശങ്കർ 8.38 മീറ്റർ ചാടിയിരുന്നു. അതിനാൽ തന്നെ കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ 8.30 മീറ്ററിന് മുകളിൽ ചാടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മത്സരങ്ങളിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുക സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.

സർജറി കഴിഞ്ഞ കാലിന് പ്രത്യേക പരിചരണം ആവശ്യമായിരുന്നു. പരിശീലനത്തിന് മുമ്പും ശേഷവും മത്സരത്തിന് മുമ്പും ശേഷവുമെല്ലാം കാലിന് പ്രത്യേക പരിചരണം ആവശ്യമാണ്. ഓരോ ജമ്പിന് ശേഷവും കൃത്യമായ റീഹാബ് ആവശ്യമാണ്. കഠിനാധ്വാനവും മനക്കരുത്തും കൊണ്ടാണ് ഈ സാഹചര്യത്തിലും അവൻ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്തത്. പരിക്കേറ്റ കാലിന്റെ പരിചരണത്തിനായി തന്നെ സാധാരണ ചെയ്യുന്നതിനേക്കാൾ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ അധിക സമയം പരിശീലനത്തിനായി ചെലവഴിക്കേണ്ടി വരാറുണ്ടെന്നും ഇക്കാര്യങ്ങൾ ഇപ്പോഴും ശ്രീശങ്കർ പാലിച്ചുവരുന്നുണ്ടെന്നും ബിജിമോൾ വ്യക്തമാക്കി.

ദേശീയ റെക്കോഡ് തിരിച്ചുപിടിക്കുകയാണ് ശ്രീശങ്കറിന്റെ അടുത്ത ലക്ഷ്യമെന്നും ബിജിമോൾ പറഞ്ഞു. പരിക്കിൽ നിന്ന് തിരിച്ചുവന്നതിനാൽ തന്നെ സാങ്കേതികമായി ഇനിയും ചില കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ട്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വർണം നേടുകയാണ് ലക്ഷ്യം. ഗ്ലാസ്‌ഗോയിൽ മത്സരം കഴിഞ്ഞ് അവൻ വിളിച്ചിരുന്നു. ''അമ്മാ, ഗോൾഡാക്കണമെന്നായിരുന്നു ആഗ്രഹം, പക്ഷേ സാധിച്ചില്ല, നമുക്ക് അടുത്ത തവണ പിടിക്കാം.'' എന്നായിരുന്നു പ്രതികരണമെന്നും ബിജിമോൾ വ്യക്തമാക്കി.

Content Highlights: Murali Sreeshankar secures silver at the Glasgow Commonwealth Games., Mother Bijimol emphasizes the achievement despite tough competition., Sreeshankar overcame injury challenges to perform at a high level., Future focus is on the Asian Games and reclaiming national records.