മോട്ടോ ജിപി പരിശീലനത്തിനിടെ മുന്‍ലോകചാമ്പ്യന്‍ മാര്‍ക്ക് മാര്‍ക്വസിന് പരിക്ക്

ബാലി: മോട്ടോ ജിപി ബൈക്ക് റേസിങ്ങിനിടെ മുന്‍ലോകചാമ്പ്യന്‍ മാര്‍ക്ക് മാര്‍ക്വസിന് പരിക്ക്. ആറുതവണ ലോകചാമ്പ്യനായ മാര്‍ക്വസ് ഇന്‍ഡൊനീഷ്യന്‍ മോട്ടോ ജിപി മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഇന്‍ഡൊനീഷ്യയിലെ മന്‍ഡാലിക അന്താരാഷ്ട്ര സ്ട്രീറ്റ് സര്‍ക്യൂട്ടിലാണ് താരം പരിശീലനം നടത്തിയത്. പരിശീലനത്തിനിടെ നിയന്ത്രണം വിട്ട മാര്‍ക്വസും താരം ഓടിച്ചിരുന്ന ഹോണ്ട സൂപ്പര്‍ ബൈക്കും ആകാശത്ത് മലക്കംമറിഞ്ഞ് നിലത്തുപതിച്ചു. ഭാഗ്യം കൊണ്ടുമാത്രമാണ് താരത്തിന് ജീവന്‍ തിരിച്ചുകിട്ടിയത്.
മലക്കം മറഞ്ഞ് റോഡിന് പുറത്തേക്ക് തെറിച്ചുവീണ മാര്‍ക്വസ് എഴുന്നേറ്റ് നടന്നുവരുന്നത് ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഇതോടെ മാര്‍ക്വസിന് ഇന്‍ഡൊനീഷ്യന്‍ മോട്ടോ ജിപി മത്സരം നഷ്ടമായി.
മത്സരത്തില്‍ മിഗ്വെല്‍ ഒലിവെയ്‌റ ഒന്നാം സ്ഥാനം നേടി. നിലവിലെ ലോകചാമ്പ്യന്‍ ഫാബിയോ ക്വാര്‍ട്ടറാറോ രണ്ടമതും ജൊഹാന്‍ സാര്‍കോ മൂന്നാമതും ഫിനിഷ് ചെയ്തു. കനത്തമഴയെത്തുടര്‍ന്ന് 75 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. 25 വര്‍ഷത്തിനുശേഷമാണ് ഇന്‍ഡൊനീഷ്യ മോട്ടോ ജിപി മത്സരത്തിന് വേദിയാകുന്നത്.