ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ സെന്‍ സെമിയില്‍, ശ്രീകാന്ത് പുറത്ത്

Photo: ANI
Photo: ANI

ബെര്‍ലിന്‍: ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്‍ ജര്‍മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ തകര്‍ത്താണ് സെന്‍ സെമിയിലിടം നേടിയത്. 

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സെന്നിന്റെ വിജയം. സ്‌കോര്‍: 21-15, 21-16. മത്സരം വെറും 39 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സെമിയില്‍ ഒന്നാം സീഡായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സെനാണ് ലക്ഷ്യ സെന്നിന്റെ എതിരാളി. 

അതേ സമയം മറ്റൊരു ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പുറത്തായി. അക്‌സല്‍സെനാണ് ശ്രീകാന്തിനെ തകര്‍ത്തത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 21-10, 23-21. 

ഇതോടെ പുരുഷ വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ലക്ഷ്യ സെന്നും അക്‌സല്‍സെനും കൊമ്പുകോര്‍ക്കുമ്പോള്‍ രണ്ടാം സെമിയില്‍ ലീ സീ ജിയ കുന്‍ലാവുട്ട് വിറ്റിഡ്‌സാണിനെ നേരിടും. 


 

Content Highlights: Lakshya Sen defeats Prannoy HS to enter semis Kidambi Srikanth loses to Viktor Axelsen in German Ope