ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പ്: വെങ്കലമെഡല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

പോച്ചെഫ്‌സ്ട്രൂം: ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പിലെ വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടാണ് ഇന്ത്യയെ കീഴടക്കിയത്. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3-0 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.
നിശ്ചിതസമയത്ത് ഇരു ടീമുകളും 2-2 എന്ന സ്‌കോറില്‍ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കുവേണ്ടി മുംതാസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിനായി മില്ലി ജിഗ്ലിയോയും ക്ലൗഡിയ സ്വെയ്‌നും ഗോളടിച്ചു. മുംതാസാണ് ഇന്ത്യയുടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. എട്ടുഗോളുകളാണ് താരം നേടിയത്.
ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ഒളിമ്പ്യന്‍ ശര്‍മിള ദേവി, സലീമ ടെറ്റെ, സംഗീത കുമാരി എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. ഇംഗ്ലണ്ടിനായി കാത്തി കര്‍ട്ടിസും സ്വെയ്‌നും മാഡി ആക്‌സ്‌ഫോര്‍ഡും ലക്ഷ്യം കണ്ടു. ഈ തോല്‍വിയോടെ ഇന്ത്യയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Content Highlights: Junior Women's Hockey World Cup India loses to England in bronze medal match