അജിത്തിന് അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് വിജയ്, മത്സരം കാണാൻ തൃഷയും; ലെ മാൻസ് കപ്പ് കാർ റേസിങ്ങിൽ താരസംഗമം

ബ്രിട്ടനിൽ നടക്കുന്ന പ്രസിദ്ധമായ ലെ മാൻസ് കപ്പ് കാർ റേസിങ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്. സിൽവർസ്‌റ്റോൺ ട്രാക്കിൽ 44 കാറുകൾ അണിനിരന്ന ഗ്രിഡാണ് വിജയ് ഫ്‌ളാഗ് ഓഫ് ചെയ്തത്. നടനും മോട്ടോർസ്‌പോർട്ട് താരവുമായ അജിത് കുമാറും ഈ റേസിൽ മത്സരിച്ചുവെന്നതാണ് പ്രത്യേകത.
റെഡ് ആന്റ് ബൈ വിരാജ് ടീമിനായി എൽഎംപി3 പ്രോ-ആം വിഭാഗത്തിൽ അഞ്ചാം റൗണ്ടിലാണ് അജിത് മത്സരരിക്കാനിറങ്ങിയത്. കൂടെ ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്‌നിയാക്കിയുമുണ്ടായിരുന്നു. മുൻ ഫോർമുല വൺ താരം നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ എന്നിവരടങ്ങുന്ന സംഘവും സിൽവർസ്‌റ്റോണിൽ മത്സരരംഗത്തുണ്ടായിരുന്നു.
സ്റ്റീവ് പാരോയും മൈക്കൽ പെഡേഴ്‌സണും ഉൾപ്പെട്ട എഎൻഎസ് മോട്ടോസ്‌പോർട്ട് ടീമാണ് റേസിൽ ഒന്നാമതെത്തിയത്. എട്ടാമതായി യോഗ്യത നേടിയിരുന്ന അജിത്തിനും വോസ്‌നായിക്കിക്കും മത്സരത്തിൽ തിളങ്ങാനായില്ല. ഇരുവരും 38-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മത്സരത്തിന് മുമ്പ് അജിത്തും വിജയ്‌യും ഒരുമിച്ചുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അജിത്തിന് അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുന്ന വിജയ്‌യെ വീഡിയോയിൽ കാണാം. അജിത്തിന്റെ ടീമിനൊപ്പം വിജയ് ഫോട്ടോയ്ക്കും പോസ് ചെയ്തു.
വിജയ്‌യെ കൂടാതെ നടിമാരായ തൃഷ, രാധിക ശരത് കുമാർ, മന്ത്രി ആദവ് അർജുന എന്നിവരും കാർ റേസ് കാണാനെത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായി രാധികയും തൃഷയും നേരത്തെ തന്നെ ലണ്ടനിലെത്തിയിരുന്നു. തൃഷയ്‌ക്കൊപ്പമുള്ള സെൽഫി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് രാധിക, അജിത്തിന് ആശംസ നേരുകയും ചെയ്തിരുന്നു.
Content Highlights: Tamil Nadu Chief Minister C Joseph Vijay officially started the Michelin Le Mans Cup race at Silverstone., Actor and motorsport competitor Ajith Kumar raced in the LMP3 Pro/Am category for Ajith RedAnt by Virage., Ajith expressed hope that major international motorsport events could be brought to India and Chennai.