കാർഗിൽ വിജയ് ദിവസിൽ പാക് ബോക്‌സറെ ഇടിച്ചിട്ടു; വിജയം ധീരജവാൻമാർക്ക് സമർപ്പിച്ച് ജദുമണി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
ജദുമണി സിങ് | Photo: PTI
ജദുമണി സിങ് | Photo: PTI

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിലെത്തി ഇന്ത്യയുടെ ജദുമണി സിങ്. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ പാകിസ്താന്റെ സുമമ റഹ്‌മാനെ 5-0ത്തിന് തകർത്തായിരുന്നു ജദുമണിയുടെ മുന്നേറ്റം. കാർഗിൽ വിജയ് ദിവസിലെ ഈ വിജയം കാർഗിൽ യുദ്ധത്തിലെ ധീരജവാൻമാർക്ക് സമർപ്പിക്കുന്നുവെന്ന് മത്സരശേഷം ജദുമണി വ്യക്തമാക്കി.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച സാങ്കേതിക മികവും സംയമനവും പാലിച്ചാണ് ആർമി ബോക്‌സറായ 22-കാരൻ മുന്നോട്ടുപോയത്. ഇന്ത്യൻ താരത്തിന്റെ വേഗതയുള്ള ആക്രമണങ്ങളിൽ പാക് താരം പലപ്പോഴും പതറി. ഒരു ഘട്ടത്തിൽ ജദുമണിയുടെ പഞ്ചിനെ തുടർന്ന് പാക് താരത്തിന് റഫറി സ്റ്റാന്റിങ് കൗണ്ട് വരെ നൽകേണ്ടി വന്നു. ജദുമണിയുടെ പ്രകടനത്തെ എല്ലാ ജഡ്ജിമാരും അനുകൂലിച്ചതോടെ 5-0ത്തിന് ക്വാർട്ടറിലെത്തി.

കഴിഞ്ഞ വർഷം നോയിഡയിൽ നടന്ന ലോക ബോക്‌സിങ് കപ്പ് ഫൈനലിൽ 50 കിലോഗ്രാം വിഭാഗത്തിൽ ജദുമണി വെള്ളി നേടിയിരുന്നു. അതിനുശേഷം ഈ സീസണിൽ 55 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയ ജദുമണി ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ് മത്സരിച്ചത്.

Content Highlights: Jadumani Singh secured a 5-0 unanimous victory over Pakistan's Sumama Rehman., The win occurred on Kargil Vijay Diwas, prompting a tribute to Indian war heroes., Jadumani advances to the 55kg quarterfinals in the Glasgow Commonwealth Games., India's boxing contingent remains strong with consecutive dominant performances.