കരിയറിലെ ആദ്യ എ.ടി.പി. ഡബിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യൂകി ഭാംബ്രി

Photo: twitter.com/IndTennisDaily
Photo: twitter.com/IndTennisDaily

മയ്യോര്‍ക്ക: കരിയറിലെ ആദ്യ എ.ടി.പി ഡബിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ യൂകി ഭാംബ്രി. സ്‌പെയിനില്‍ വെച്ച് നടന്ന മയ്യോര്‍ക്ക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെയാണ് താരം ആദ്യ എ.ടി.പി. ഡബിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്. 

സൗത്ത് ആഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനൊപ്പമാണ് താരം പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ മത്സരിച്ചത് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ റോബിന്‍ ഹാസെ-ഓസ്ട്രിയയുടെ ഫിലിപ്പ് ഓസ്‌വാള്‍ഡ് സഖ്യത്തെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍-ദക്ഷിണാഫ്രിക്കന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-4. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും തോല്‍ക്കാതെ ആധികാരികമായാണ് ടീം വിജയം നേടിയത്.

സെമിയില്‍ ടൂര്‍ണമെന്റിലെ ടോപ് സീഡുകളായ സാന്റിയാഗോ ഗോണ്‍സാലസ്-എഡ്വേര്‍ഡ്‌ റോജര്‍ സഖ്യത്തെ അട്ടിമറിച്ചാണ് ഭാംബ്രി-ഹാരിസ് സഖ്യം കലാശപ്പോരിന് യോഗ്യത നേടിയത്. ഈ വിജയത്തോടെ എ.ടി.പി. ഡബിള്‍സ് റാങ്കിങ്ങില്‍ ഭാംബ്രി വമ്പന്‍ കുതിപ്പ് നടത്തി. 75-ാം റാങ്കിലായിരുന്ന താരം 58-ാം റാങ്കിലെത്തി.

Content Highlights: India's Yuki Bhambri Bags Maiden ATP Doubles Title In Mallorca