രണ്ടാം റൗണ്ടിൽ നെതർലൻഡ്സിനോട് തോൽവി; സെമി സാധ്യതകൾ മങ്ങി ഇന്ത്യ

ആംസ്റ്റൽവീൻ: രണ്ടാം റാങ്കുകാരും പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാക്കളുമായ നെതർലൻഡ്ലിനെതിരെ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യ. ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിൽ പൂൾ ഇയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്ത്യയെ തോൽപ്പിച്ചു. ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ മങ്ങി.
മത്സരം തുടങ്ങി മൂന്നാം ക്വാർട്ടർ വരെ ഇന്ത്യ പിടിച്ചുനിന്നെങ്കിലും 41-ാം മിനിറ്റിൽ ആതിഥേയർ ആദ്യ ഗോൾ നേടി. ടെൽഗൻകാമ്പാണ് ഇന്ത്യയുടെ വല കുലുക്കിയത്. പിന്നീടുള്ള മൂന്നു ഗോളുകളും വന്നത് നാലാം ക്വാർട്ടറിലാണ്. 51-ാം മിനിറ്റിൽ ഹോയെഡ്മെക്കേഴ്സ് നെതർലൻഡ്സിന്റെ ലീഡ് ഇരട്ടിയാക്കി. തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യക്കായി ഹർമൻപ്രീത് പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ കണ്ടെത്തി. എന്നാൽ 55-ാം മിനിറ്റിൽ വാൻ ഡാമിലൂടെ മൂന്നാം ഗോളും നേടിയ നെതർലൻഡ്സ് 3-1ന് മത്സരം വിജയിച്ചു.
ഇനി ഇന്ത്യയുടെ അടുത്ത മത്സരം അർജന്റീനയുമായിട്ടാണ്. ആദ്യ മത്സരത്തിൽ അർജന്റീന ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയും അർജന്റീനയും പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്. മൂന്ന് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതും നെതർലൻഡ്സ് രണ്ടാം സ്ഥാനത്തുമുണ്ട്.
Content Highlights: India lost 1-3 to the Netherlands in the second round of the Hockey World Cup, Harmanpreet scored the lone goal for India via penalty corner, Defeat diminishes India's semi-final qualification chances, India's next match is against Argentina