എതിർ ടീം എത്താൻ വൈകി, ഏഷ്യൻ ഗെയിംസ് ഇ-ഫുട്‌ബോളിൽ ഇന്ത്യൻ ടീം പുറത്ത്

ഡാനിയല്‍ പട്ടേലും ചിന്മയ് സാഹുവും | Photo: SAI
ഡാനിയല്‍ പട്ടേലും ചിന്മയ് സാഹുവും | Photo: SAI

ലപ്പോഴും വിചിത്ര നിയമങ്ങൾ കാരണം മത്സരത്തിൽ നിന്ന് പുറത്തുപോകേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഏഷ്യൻ ഗെയിംസിൽ എംഎംഎ (മിക്‌സഡ് മാർഷ്യൽ ആർട്‌സ്) താരം സുചിക തരിയാലിന് എതിരാളിയേക്കാൾ 700 ഗ്രാം ഭാരം കൂടിയതിനാലാണ് ഫൈനലിലെത്താതെ വെങ്കലത്തിൽ ഒതുങ്ങേണ്ടി വന്നത്. സെമി ഫൈനലിൽ ഇരുതാരങ്ങളും സമനില പാലിച്ചതോടെയാണ് ഫൈനലിലെത്താനുള്ള മാനദണ്ഡമായി ഭാരം കണക്കാക്കിയത്. ഇതോടെ 700 ഗ്രാം ഭാരം കൂടിയ സുചിക ഫൈനലിലെത്തിയില്ല.

അത്തരത്തിലൊരു വിചിത്ര നിയമത്തിൽ പുറത്തായിരിക്കുകയാണ് ഇന്ത്യയുടെ ഇ-ഫുട്‌ബോൾ ടീമും. അവരുടെ എതിരാളിയായ മംഗോളിയ മത്സരത്തിന് വൈകി എത്തിയതോടെയാണ് ഇന്ത്യ യോഗ്യതാ റൗണ്ടിൽ പുറത്തായത്. മംഗോളിയ ടീം ലീഡർ മൂന്ന് മിനിറ്റ് വൈകി എത്തിയതോടെ ഇന്ത്യക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിൽ വിജയം വേണ്ടിയിരുന്ന ഇന്ത്യക്ക് ലഭിച്ചത് 0-0 എന്ന സ്‌കോറായിരുന്നു. ഇതോടെ ഉസ്‌ബെകിസ്താൻ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലെത്തി.

ആദ്യ മത്സരത്തിൽ ഇന്ത്യയും ഉസ്‌ബെകിസ്താനും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം മത്സരത്തിൽ ഉസ്‌ബെകിസ്താൻ മംഗോളിയയ്‌ക്കെതിരെ മികച്ച വിജയം നേടി. ഇതോടെ ഇന്ത്യക്ക് അടുത്ത ഘട്ടത്തിലെത്താൻ മംഗോളിയയ്‌ക്കെതിരെ മികച്ച മാർജിനിൽ വിജയം അനിവാര്യമായി. പക്ഷേ, മംഗോളിയൻ ടീം വൈകിയത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഇന്ത്യ പുറത്തായി.

വാക്കോവർ നിയമത്തിന് പകരം കളിക്കളത്തിൽ നേരിട്ട് മത്സരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ നിരസിച്ചു. അപ്പീൽ നൽകാൻ ജഡ്ജിങ് പാനലിനെ സമീപിക്കാമെന്നും എന്നാൽ ഇതിനായി ഏകദേശം 47000 രൂപ അടയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇത്രയും തുക അടച്ച് മുന്നോട്ടുപോകേണ്ടതില്ലെന്ന് ഇന്ത്യൻ ടീം തീരുമാനിക്കുകയായിരുന്നു.

ഡാനിയൽ പട്ടേലും ചിന്മയ് സഹോയും ഏറെ പ്രതീക്ഷയോടെയാണ് ഇ ഫുട്‌ബോൾ മത്സരത്തിനായി ജപ്പാനിലെത്തിയിരുന്നത്. ഈ വർഷം ആദ്യം നടന്ന ഫിഫ ഇ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ് മൊബൈൽ വിഭാഗത്തിൽ കിരീടം ചൂടിയത് ഡാനിയൽ പട്ടേലായിരുന്നു. നിലവിൽ ഇ-ഫുട്‌ബോൾ ഏഷ്യൻ ചാമ്പ്യനായിട്ടാണ് അദ്ദേഹം ഏഷ്യൻ ഗെയിംസിനെത്തിയത്. പോക്കിമോൺ യൂണൈറ്റ്, ലീഗ് ഓഫ് ലെജൻഡ്‌സ്, പുയോ പുയോ ചാമ്പ്യൻസ് എന്നീ മത്സരങ്ങളിലാണ് ഇന്ത്യ ഇനി കളത്തിലിറങ്ങാനുള്ളത്.

Content Highlights: India's eFootball campaign at the 2026 Asian Games ended prematurely due to a 0-0 forfeit win against Mongolia., Mongolia's team leader missed the check-in time by three minutes at the Aichi Sky Expo venue., The walkover resulted in a zero goal difference, allowing Uzbekistan, Thailand, and Saudi Arabia to advance., India's players protested the forfeit rule and opted against paying $500 for a judge panel review., India's esports hopes continue in Pokemon Unite, League of Legends, and Puyo Puyo Champions.